കാലിക്കറ്റില്‍ 48 പേരുടെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ 48 പേരെ ക്ളറിക്കല്‍ അസിസ്റ്റന്‍റുമാരാക്കി സ്ഥാനക്കയറ്റം നല്‍കിയ നടപടി ചട്ടവിരുദ്ധമെന്ന് ചാന്‍സലറായ ഗവര്‍ണര്‍. ചാന്‍സലറുടെ അനുമതിയില്ലാതെയുള്ള ‘ചട്ടഭേദഗതി’യുടെ മറവില്‍ നടത്തിയ സ്ഥാനക്കയറ്റം റദ്ദാക്കാന്‍ ഗവര്‍ണര്‍ വി.സിക്ക് നിര്‍ദേശം നല്‍കി. ചട്ടവിരുദ്ധ സ്ഥാനക്കയറ്റം റദ്ദാക്കി ആനുകൂല്യം തിരിച്ചുപിടിക്കാന്‍ സംസ്ഥാന ലോക്കല്‍ ഫണ്ട് ഓഡിറ്റ് ജോയന്‍റ് ഡയറക്ടറും സര്‍വകലാശാലയോട് നിര്‍ദേശിച്ചു.

സാമ്പത്തിക ചെലവ് വരുന്ന ചട്ടഭേദഗതിക്ക് ചാന്‍സലറുടെ അനുമതി വേണമെന്ന നിബന്ധന അവഗണിച്ചതാണ് സര്‍വകലാശാലക്ക് തിരിച്ചടിയായത്. 48 പേരെ ക്ളറിക്കല്‍ അസിസ്റ്റന്‍റുമാരാക്കിയ ഒഴിവില്‍ പ്യൂണ്‍മാരായി സ്ഥാനക്കയറ്റം നേടിയവരും ഇതോടെ പ്രതിസന്ധിയിലായി.
ഗ്രൗണ്ട്സ്മാന്‍, ഗാര്‍ഡനര്‍, റൂം ബോയ്, ഓഫിസ് അറ്റന്‍ഡന്‍റ്, സ്വീപ്പര്‍ കം സ്കാവഞ്ചര്‍ എന്നീ തസ്തികകളില്‍ ജോലിചെയ്യുന്ന 48 പേരെ ക്ളറിക്കല്‍ അസിസ്റ്റന്‍റാക്കി 2015 ജൂലൈ 29നാണ് നിയമിച്ചത്. സര്‍വകലാശാലാ ചട്ടപ്രകാരം പ്യൂണ്‍, വാച്ച്മാന്‍, ലാസ്കര്‍, സ്പെസിമെന്‍ കലക്ടര്‍ എന്നിവരെ മാത്രമേ ക്ളറിക്കല്‍ അസിസ്റ്റന്‍റാക്കി സ്ഥാനക്കയറ്റം നല്‍കാവൂ.
മറ്റുള്ളവരെക്കൂടി ഉള്‍പ്പെടുത്തി ചട്ടഭേദഗതി സെനറ്റ് അംഗീകരിച്ചെങ്കിലും ചാന്‍സലറുടെ അനുമതി നേടിയിരുന്നില്ല്ള. ചട്ടവിരുദ്ധ നടപടിക്കെതിരെ ഗവര്‍ണര്‍ രണ്ടുതവണ വിശദീകരണം തേടിയെങ്കിലും ഇതും അവഗണിച്ചാണ് സര്‍വകലാശാലയുടെ നടപടി.
ഇല്ലാത്ത തസ്തികയിലേക്കാണ് സ്ഥാനക്കയറ്റം നടത്തിയതെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടത്തെി. 2008ല്‍ അസിസ്റ്റന്‍റായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ ഒഴിവിലേക്കാണ് ക്ളറിക്കല്‍ അസിസ്റ്റന്‍റുമാരെ നിയമിച്ചത്. അന്നത്തെ അസിസ്റ്റന്‍റ് സ്ഥാനക്കയറ്റം തെറ്റാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് റദ്ദാക്കാനും ശമ്പളം തിരിച്ചുപിടിക്കാനും കഴിഞ്ഞ ജൂണ്‍ 29ന് വി.സി ഉത്തരവിട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എത്ര ക്ളറിക്കല്‍ അസിസ്റ്റന്‍റ് തസ്തികയുണ്ടെന്നുപോലും നോക്കാതെ തിടുക്കപ്പെട്ടാണ് സ്ഥാനക്കയറ്റം നല്‍കിയതെന്ന് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി. വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന നടപടി റദ്ദാക്കി ശമ്പളവും ആനുകൂല്യവും തിരിച്ചുപിടിക്കണമെന്നും ഓഡിറ്റ് വിഭാഗം നിര്‍ദേശിച്ചു. പ്യൂണ്‍ തസ്തികയില്‍ പ്രബേഷന്‍ കാലാവധിപോലും തികക്കും മുമ്പാണ് ചിലര്‍ക്ക് ക്ളറിക്കല്‍ അസിസ്റ്റന്‍റായി സ്ഥാനക്കയറ്റം ലഭിച്ചത്.
ഇതിനെതിരെ ഒട്ടേറെ പരാതികള്‍ നേരത്തേ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.