വിലയിടിവും വിളയിടിവും;കടപുഴകി കര്‍ഷകര്‍


കാര്‍ഷിക സമൃദ്ധിയുടെ അഭിമാനകരമായ നേട്ടങ്ങള്‍ കൊയ്ത സംസ്ഥാനമായിരുന്നു ഒരുകാലത്ത് കേരളം. ഇന്നാകട്ടെ, ഭാരിച്ച ചെലവും കാലാവസ്ഥയുടെ താളപ്പിഴകളും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവുംമൂലം ആശങ്കയുടെ കാര്‍മേഘങ്ങളെ നോക്കി നെടുവീര്‍പ്പിടുകയാണ് കേരളത്തിലെ കര്‍ഷക സമൂഹം. പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളും രൂപവത്കരിക്കപ്പെട്ട വികസന ബോര്‍ഡുകളും കര്‍ഷക രക്ഷക്ക് ഉതകുന്നില്ല. കൃഷി ഉപേക്ഷിക്കുന്നവരും ജീവത്യാഗത്തിന് പ്രേരിതരാകുന്നവരും നിരവധി. കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ കാരണങ്ങള്‍ വിശകലനംചെയ്ത് മാധ്യമം ബ്യൂറോ ചീഫ് സി.എ.എം. കരീം തയാറാക്കിയ പരമ്പര.

 

ഗാട്ട്-ആസിയാന്‍ കരാറുകളുടെ രക്തസാക്ഷികളായി നാലു വര്‍ഷത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 67. കര്‍ഷക ആത്മഹത്യകള്‍ കേരളത്തിന് പുതുമയല്ളെങ്കിലും ഇക്കൂട്ടത്തില്‍ റബര്‍ കര്‍ഷകന്‍െറ പേര് ഇടംപിടിക്കുന്നത് മലയാളിയുടെ വിദൂരചിന്തയില്‍ പോലുമുണ്ടായിരുന്നില്ല. ഒടുവില്‍ കേരളം ഇതിനും സാക്ഷിയായി. റബര്‍വില ഇടിഞ്ഞതോടെ ജീവിതം വഴിമുട്ടിയ കണ്ണൂര്‍ സ്വദേശിയായ കര്‍ഷകന്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ മണ്ഡലമായ പാലായിലത്തെിയാണ് ജീവനൊടുക്കിയത്. ഇത്തരം ദുരന്തവാര്‍ത്തകള്‍ ആവര്‍ത്തിക്കരുതേയെന്ന് ആഗ്രഹിക്കുമ്പോഴും വാഗ്ദാനങ്ങള്‍ വാരിവിതറുന്ന സര്‍ക്കാര്‍തന്നെയാണ് പ്രതിക്കൂട്ടില്‍. ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ വിലനിരക്കിനെ നേരിടാന്‍ റബര്‍കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കേരളത്തിലത്തെി നല്‍കിയ പ്രത്യാശയും മുഖ്യമന്ത്രി ഡല്‍ഹിയില്‍പോയി നടത്തിയ ചര്‍ച്ചയുമൊക്കെ എന്തെങ്കിലും നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷകളൊന്നും ആര്‍ക്കുമില്ല. റബര്‍ വിലയിടിവിനെതിരെ കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇതുവരെ നടന്നത് നിരവധി സമരങ്ങളാണ്. ഡല്‍ഹിയില്‍ പാര്‍ലമെന്‍റിന് മുന്നില്‍ സമരപരമ്പരതന്നെ അരങ്ങേറി.
കര്‍ഷകരെ രക്ഷിക്കാന്‍ ഉപവാസമടക്കമുള്ള സമരങ്ങളുമായി രാഷ്ട്രീയക്കാര്‍ക്കൊപ്പം സാമുദായിക-സഭാനേതാക്കളും രംഗത്തത്തെിയിരുന്നു. പക്ഷേ, ആനുകൂല്യങ്ങളും താങ്ങുവിലയും സംഭരണവുമെല്ലാം പ്രഖ്യാപനങ്ങളില്‍ തുടരുമ്പോഴും ദിവസം ഒരു രൂപ നിരക്കില്‍ റബറിന് വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. റബറിനൊപ്പം ഒട്ടുപാലിന്‍െറ വിലയും കുത്തനെ ഇടിയുന്നു. 200 രൂപവരെ ലഭിച്ചിരുന്ന ഒട്ടുപാലിന് ഇപ്പോഴത്തെ 50-55 രൂപയാണ്. നില്‍ക്കക്കള്ളിയില്ലാതായ നിരവധി കര്‍ഷകര്‍ റബര്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിയുന്ന സാഹചര്യമാണ് കേരളത്തിലിപ്പോള്‍.

മഴുവീഴുന്ന റബര്‍ മരങ്ങള്‍
എല്ലാ മേഖലകളെയും വിലയിടിവ് ബാധിച്ചതോടെ ഏത് കൃഷിയിലേക്ക് തിരിയണമെന്ന് അറിയാതെ വലയുകയാണ് ബഹുഭൂരിപക്ഷം കര്‍ഷകരും. വില ഇടിഞ്ഞതോടെ റബര്‍മരം വ്യാപകമായി മുറിച്ചുകളയുന്ന പ്രവണതയും വര്‍ധിക്കുകയാണ്. വന്‍ വില മുന്നില്‍ക്കണ്ട് കൊകോക്കും വാനിലക്കും പിന്നാലെ പോയ കര്‍ഷകര്‍ക്കുണ്ടായ ദുര്യോഗം ഇനി റബര്‍ കര്‍ഷകര്‍ക്കും ഉണ്ടാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. 150 രൂപ താങ്ങുവില നിശ്ചയിച്ച് റബര്‍ സംഭരിക്കുമെന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപനം. ഫലത്തില്‍ നടപടികളിലെ അനിശ്ചിതത്വംമൂലം ഈ ആനുകൂല്യം ഇനിയും കിട്ടാതെ ലക്ഷക്കണക്കിന് കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. കര്‍ഷകരെ രക്ഷിക്കാന്‍ സംഭരണമടക്കം സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ജലരേഖയായതോടെ റബര്‍കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. റബര്‍ കര്‍ഷകര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനകം പ്രഖ്യാപിച്ച പാക്കേജുകളൊന്നുംതന്നെ ഇനിയും ഫലവത്തായിട്ടില്ല. വെളുത്ത പൊന്നായ റബര്‍പാല്‍ ശേഖരിച്ച് നേരിട്ട് വില്‍ക്കുന്നരീതി ആരംഭിച്ചുവെങ്കിലും ബില്‍ മാറാനാകാതെ വലയുകയാണ് കര്‍ഷകര്‍. ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതും വാക്കുകളില്‍ മാത്രമായി. പരസ്പരം പഴിചാരി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കുറ്റപ്പെടുത്തല്‍ തുടരുമ്പോള്‍ വില പിന്നെയും കുത്തനെ ഇടിയുകയാണ് ഒപ്പം കര്‍ഷകന്‍െറ ദുരിതവും.      

കേരളത്തിലെ കാര്‍ഷികമേഖലകളെല്ലാം അതീവ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. റബര്‍, ഏലം, കുരുമുളക്, നേന്ത്രക്കായ, പൈനാപ്പ്ള്‍, തേയില തുടങ്ങിയ എല്ലാ മേഖലകളിലും വിലയിടിവുതന്നെയാണ് കര്‍ഷകന് വിനയാകുന്നത്. ഭൂമിയുടെ പാട്ടം, തൊഴിലാളികളുടെ വേതനം, ഇടനിലക്കാരുടെ കമീഷന്‍, കയറ്റിറക്ക് കൂലി എന്നിവയിലുണ്ടായ വര്‍ധനവും കൃഷിക്കായി ബാങ്കുകളില്‍നിന്നെടുത്ത വായ്പകള്‍ പലിശസഹിതം കുമിഞ്ഞുകൂടുന്നതും കര്‍ഷകര്‍ക്ക് ഇരുട്ടടി ആവുകയാണ്. വിലവര്‍ധനയുടെ ആകര്‍ഷണ വലയത്തില്‍പെട്ട് നിലവിലെ കൃഷിയില്‍നിന്ന് മറ്റൊന്നിലേക്ക് കര്‍ഷകര്‍ മാറുന്നതും വിലയിടിവിന് കാരണമാകുന്നുണ്ട്. റബര്‍കൃഷി ഉപേക്ഷിച്ച് മറ്റൊരു മേഖലയിലേക്ക് കടന്നാലും അവിടെയും വിലയിടിവ് കര്‍ഷകനെ വട്ടംചുറ്റിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഉദാഹരണത്തിന് കനത്ത വിലയിടിവില്‍ നട്ടംതിരിയുകയാണ് കേരളത്തിലെ നേന്ത്രവാഴ കര്‍ഷകര്‍. കിലോക്ക് 40 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 25-30 രൂപവരെയാണ് വില. ഏത്തക്കായുടെ വില ഒരുവേള 60 രൂപവരെ എത്തിയിരുന്നു. എന്നാല്‍, കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 16-18 രൂപ മാത്രം. ഏത്തക്കായുടെ വിലയിടിവുമൂലം അടുത്തിടെ തൃശൂര്‍ ജില്ലയില്‍ മാത്രം രണ്ടു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ശബരിമല സീസണ്‍ ആരംഭിക്കുമ്പോള്‍ സാധാരണ നാളികേരത്തിനും നേന്ത്രപ്പഴത്തിനും വില വര്‍ധിക്കുന്നത് പതിവായിരുന്നു. ഇത്തവണ അതുമുണ്ടായില്ല.

കൈതച്ചക്കക്കും കയ്പ്പനുഭവം
വില്‍പന കുറയുകയും വിളവെടുപ്പ് കൂടുകയും ചെയ്തതോടെ കേരളത്തിലെ പൈനാപ്പ്ള്‍ കര്‍ഷകരും ദുരിതത്തിലാണ്. കഴിഞ്ഞയാഴ്ചകളില്‍വരെ കിലോഗ്രാമിന് 20 രൂപയായിരുന്നു പൈനാപ്പ്ള്‍ വിലയെങ്കില്‍ ഇപ്പോഴിത് 15 രൂപയിലത്തെി. കേരളത്തിലെ ‘പൈനാപ്പ്ള്‍ സിറ്റി’ എന്നറിയപ്പെടുന്ന മൂവാറ്റുപുഴയിലെ വാഴക്കുളത്ത് കഴിഞ്ഞദിവസം പൈനാപ്പ്ള്‍ കച്ചവടം നടന്നത് 12 രൂപക്കും. മഴയും മഞ്ഞുകാലവും വിരുന്നത്തെിയതോടെ കേരളത്തിലും ഉത്തരേന്ത്യയിലും കര്‍ണാടകയിലും തമിഴ്നാട്ടിലും പൈനാപ്പിളിന് ഡിമാന്‍ഡ് കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പൈനാപ്പ്ള്‍ കര്‍ഷകരുടെ ദുരിതമകറ്റാനുള്ള നടപടികള്‍ ഒന്നുംതന്നെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടുമില്ല. ‘കറുത്തപൊന്ന്’ എന്ന പേരിലറിയപ്പെടുന്ന കുരുമുളകിനും വില ഇടിഞ്ഞതോടെ ആയിരക്കണക്കിന് കര്‍ഷകരാണ് തീരാദുരിതത്തില്‍ കഴിയുന്നത്. ക്വിന്‍റലിന് 1500 രൂപയുടെവരെ കുറവുണ്ടായതോടെ സംസ്ഥാനത്ത് കുരുമുളക് ഏറെയും ഉല്‍പാദിപ്പിക്കുന്ന ഇടുക്കി-വയനാട് അടക്കമുള്ള ജില്ലകളില്‍ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ആഭ്യന്തര ഉപയോഗത്തിന്‍െറ കരുത്തിലാണ് ഇപ്പോഴും കുരുമുളകുവില ഈ നിലയിലെങ്കിലും മുന്നോട്ടുപോകുന്നത്. അതേസമയം, കേരളത്തില്‍ കുരുമുളകിന്‍െറ ഉല്‍പാദനം ഗണ്യമായി കുറയുകയുമാണ്. ഇന്ത്യയിലെ കുരുമുളക് ഉല്‍പാദനത്തില്‍ ഇത്തവണ 35,000 ടണ്ണിന്‍െറ കുറവുണ്ടാകുമെന്നാണ് സ്പൈസസ് ബോര്‍ഡിന്‍െറ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞവര്‍ഷം 75,000 ടണ്ണായിരുന്നു ഉല്‍പാദനം. നാളികേരവില കൂപ്പുകുത്തിയതോടെ ഈ മേഖലയിലെ കര്‍ഷകരും കടുത്ത ദുരിതത്തിലേക്കാണ് നീങ്ങുന്നത്. 22 രൂപ കിലോക്ക് വില ലഭിച്ചിരുന്ന പച്ചത്തേങ്ങക്ക് ഇപ്പോള്‍ 17-18 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വെളിച്ചെണ്ണയുടെ വില്‍പന ഗണ്യമായി കുറഞ്ഞതും തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് വ്യാപകമായി കൊപ്ര കേരളവിപണിയില്‍ എത്തുന്നതും വിലയിടിവിന് കാരണമായി. വെളിച്ചെണ്ണയുടെ പകുതിവിലക്ക് പാമോയില്‍ ലഭിക്കുന്നതും സസ്യ എണ്ണയുടെ ഉപയോഗം വര്‍ധിച്ചതും നാളികേര വിലയിടിവിന്‍െറ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.
കര്‍ഷകരെ സഹായിക്കാന്‍ നാളികേര വികസന ബോര്‍ഡ് അടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെങ്കിലും ഈ സ്ഥാപനങ്ങളൊന്നും അവശ്യഘട്ടങ്ങളില്‍ കര്‍ഷകസഹായത്തിന് എത്തുന്നില്ളെന്നാണ് പരാതി
(തുടരും)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.