ഭിന്നശേഷിക്കാരന് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദനം


കോഴിക്കോട്: കാക്കഞ്ചേരി വള്ളിക്കുന്ന് സ്വദേശിയായ ഭിന്നശേഷിക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ച് വൃഷണം തകര്‍ത്തതായി പരാതി. ഭിന്നശേഷിക്കാരുടെ പാസില്‍ യാത്രചെയ്തിരുന്ന വള്ളിക്കുന്ന് കീഴയില്‍ സ്വദേശി ടി.പി. അബ്ദുസ്സമദിനെയാണ് (30) സ്വകാര്യ ബസിലെ കണ്ടക്ടര്‍ മര്‍ദിച്ചതായി പരാതിയുയര്‍ന്നത്. ഡിസംബര്‍ 30ന് രാവിലെ എട്ടിന് അത്താണിക്കലില്‍നിന്ന് കാക്കഞ്ചേരി കിന്‍ഫ്രയിലേക്ക് ബസ് കയറിയ അബ്ദുസ്സമദ് 10 രൂപ ടിക്കറ്റിന് ഭിന്നശേഷിക്കാരുടെ കണ്‍സഷന്‍ കാര്‍ഡ് കാണിച്ച് രണ്ടു രൂപ നല്‍കിയാണ് യാത്രചെയ്തത്. 
ഒലിപ്രം കടവിലത്തെിയപ്പോഴേക്കും ബസില്‍ ആളുകള്‍ കൂടുകയും സീറ്റില്‍നിന്നെഴുന്നേല്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെടുകയുമായിരുന്നത്രേ. വികലാംഗര്‍ക്കനുവദിച്ച സീറ്റായതിനാല്‍ എഴുന്നേല്‍ക്കാതെയിരുന്ന അബ്ദുസ്സമദിനെ കണ്ടക്ടര്‍ നിര്‍ബന്ധപൂര്‍വം എഴുന്നേല്‍പിക്കുകയും മുട്ടുകാല്‍കൊണ്ട് നാഭിക്ക് ഇടിക്കുകയും ചെട്ട്യാര്‍മാട് ഇറക്കിവിടുകയും ചെയ്തത്രേ. തുടര്‍ന്ന് വൃഷണം വീങ്ങിയതോടെയാണ് ഡോക്ടറെ കാണിച്ചത്. 
അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കാണിച്ചപ്പോള്‍ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് വിടുകയായിരുന്നു. ജനുവരി മൂന്നിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായി. ഇടതു വൃഷണത്തിന്‍െറ രക്തയോട്ടം നിലച്ചതിനാല്‍ ശസ്ത്രക്രിയ നടത്തി എടുത്തുകളയുകയായിരുന്നു. ഒമ്പതാം വാര്‍ഡില്‍ ചികിത്സയിലാണ് ഇദ്ദേഹം. 
തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് പരാതി സ്വീകരിച്ചതായി രസീത് നല്‍കിയിട്ടില്ളെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂന്നു മാസമായി കിന്‍ഫ്രയില്‍ പാക്കിങ് യൂനിറ്റില്‍ ട്രെയ്നിയായി ജോലിചെയ്യുകയാണ് അബ്ദുസ്സമദ്. മുഴുവന്‍ തുക നല്‍കി യാത്രചെയ്തിരുന്ന അബ്ദുസ്സമദ്, തിരൂരങ്ങാടി ആര്‍.ടി.ഒയില്‍നിന്ന് ഭിന്നശേഷിക്കാര്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡ് ലഭിച്ചതോടെ രണ്ടു രൂപയാണ് നല്‍കാറ്. അതിനുശേഷം ഇദ്ദേഹത്തെ ബസില്‍നിന്ന് പാതിവഴിയില്‍ ഇറക്കിവിടുന്നത് പതിവാണത്രേ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.