മാവോവാദികള്‍ ഊരുകൂട്ടം വിളിച്ച് തെരഞ്ഞെടുപ്പ് നടത്തി; പൊലീസ് നോക്കുകുത്തി

പാലക്കാട്: മാവോവാദികളെ പിടികൂടാന്‍ പൊലീസും തണ്ടര്‍ബോള്‍ട്ട് വിഭാഗവും പാടുപെടുന്നതിനിടെ അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ മാവോവാദി സംഘമത്തെി പ്രത്യേക യോഗം വിളിച്ച് ജനകീയ സമിതി രൂപവത്കരിച്ചു. തങ്ങളോട് സഹകരിക്കാനും വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്നതിനുമാണ് ആദിവാസി മൂപ്പന്മാരെ ഭാരവാഹികളാക്കി സമിതി രൂപവത്കരിച്ചത്. ഭാരവാഹികളില്‍ ഒരാളെ സ്റ്റേഷനില്‍ വിളിപ്പിച്ച് സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങളുണ്ടെങ്കില്‍ തങ്ങളെ അറിയിക്കണമെന്ന് പറഞ്ഞ് മടക്കിഅയക്കുകയായിരുന്നു.
പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ വനത്തോട് ചേര്‍ന്നുകിടക്കുന്നതും 110 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നതുമായ ദോഡ്ഡിഗട്ടി ഊരില്‍ ജനുവരി മൂന്നിന് വൈകീട്ടാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറംഗ മാവോവാദി സംഘം എത്തിയത്. സംഘര്‍ഷത്തിനൊന്നും മുതിരാതെ വളരെ സൗഹാര്‍ദപരമായാണ് രണ്ട് മണിക്കൂര്‍ സംഘം ചെലവഴിച്ചതെന്ന് ഊരുനിവാസികള്‍ പറയുന്നു. താമസക്കാരെ എല്ലാവരെയും വിളിച്ചുകൂട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത സംഘാംഗങ്ങള്‍ ക്ളാസെടുക്കുന്ന മട്ടിലാണ് സംസാരിച്ചത്.

വലിയ ഊരായതിനാല്‍ രണ്ട് മൂപ്പന്മാരാണ് ദൊഡ്ഡിഗട്ടിയിലുള്ളത്. രണ്ട് മൂപ്പന്മാരുടെയും പേരുകള്‍ രങ്കന്‍ എന്നാണ്. ഇവരിലൊരാളെ പ്രസിഡന്‍റും രണ്ടാമനെ സെക്രട്ടറിയുമായി തെരഞ്ഞെടുക്കാന്‍ മേല്‍നോട്ടം വഹിച്ചതും മാവോവാദികള്‍ തന്നെ ആയിരുന്നുവത്രെ. വന സാമീപ്യമുള്ള വെല്ലവെട്ടി, ബന്തവെട്ടി, സ്വര്‍ണഗദ്ദ എന്നീ ഊരുകളിലും സമാന സംഭവങ്ങള്‍ ഉണ്ടായെന്നാണ് സൂചന. നീലഗിരി ജൈവമേഖലയില്‍പെടുന്ന അട്ടപ്പാടി അടക്കമുള്ള പ്രദേശത്ത് മാവോവാദികളായി 480 പേര്‍ വനത്തില്‍ കഴിയുന്നുണ്ടെന്ന് സംഘാംഗങ്ങള്‍ ദൊഡ്ഡിഗട്ടി ഊരിലെ യോഗത്തില്‍ പറഞ്ഞുവത്രെ.

വെറുതെയിരുന്നാല്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ളെന്ന് അഴിമതിയുള്‍പ്പെടെ സമീപകാല സംസ്ഥാന ഭരണകൂട രാഷ്ട്രീയം അവലോകനം ചെയ്ത് സംഘം മുന്നറിയിപ്പ് നല്‍കി. ആയുധങ്ങള്‍ സഹിതമാണ് ആറുപേരും ഊരില്‍ പ്രത്യക്ഷപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരോട് യൂനിഫോം ധരിച്ച് വനത്തില്‍ പ്രവേശിക്കരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്ന കാര്യവും ഇവര്‍ ഓര്‍മപ്പെടുത്തി. ഇതേതുടര്‍ന്ന്, വാച്ചര്‍മാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ യൂനിഫോം ധരിക്കാതെയാണ് അട്ടപ്പാടിയിലെ വനപ്രദേശത്ത് സഞ്ചരിക്കുന്നതെന്നും സംഘാംഗങ്ങള്‍ അവകാശപ്പെട്ടു.

മാവോവാദികള്‍ കൂടെക്കൂട്ടിയ അഗളിയിലെ പന്നിയൂര്‍പടിക ഊരിലെ അയ്യപ്പനെ അടുത്തയിടെ പൊലീസ് പിടികൂടിയെങ്കിലും കൂടുതല്‍ നടപടിക്ക് മുതിരാതെ വിട്ടയക്കുകയായിരുന്നു. അഗളി കേന്ദ്രമാക്കി തണ്ടര്‍ബോള്‍ട്ട് വിഭാഗം മാസങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടടുത്ത പുതൂരിലെ ഊരുകളില്‍ മാവോവാദികള്‍ വിലസുന്നുണ്ടെന്ന് ആദിവാസികള്‍ തന്നെ പറയുമ്പോഴും ഒരാളെപോലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മാവോവാദികള്‍ തെരഞ്ഞെടുത്ത ഭാരവാഹികളില്‍ ഒരാളെ അഗളി സ്റ്റേഷനില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയല്ലാതെ അന്വേഷണത്തിന്‍െറ പേരില്‍ മറ്റു നടപടികളും ഉണ്ടായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.