സിനിമ ടിക്കറ്റിനൊപ്പം സെസ് പിരിക്കാന്‍ ഉത്തരവ് തടസ്സമല്ളെന്ന് ഹൈകോടതി

കൊച്ചി: സിനിമ ടിക്കറ്റിനൊപ്പം അവശകലാകാരന്മാരുടെ ക്ഷേമനിധി ഫണ്ടിലേക്ക് മൂന്ന് രൂപ സെസ് പിരിക്കുന്നതിന് മുന്‍ ഇടക്കാല ഉത്തരവ് തടസ്സമല്ളെന്ന് ഹൈകോടതി. പ്രേക്ഷകരില്‍നിന്ന് തിയറ്റര്‍ ഉടമകള്‍ക്കും ഉടമകളില്‍നിന്ന് അധികൃതര്‍ക്കും ഈ തുക പിരിച്ചെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സെസ് പിരിക്കാനുള്ള സര്‍ക്കാര്‍ നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ  കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. സിനിമാ മേഖലയിലുള്ളവര്‍ ഉള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ ക്ഷേമത്തിനുവേണ്ടിയാണ് ഈ പണം ഉപയോഗിക്കുന്നത്. ആ നിലക്ക് ഇതിനെ എതിര്‍ക്കുന്നത് ന്യായമല്ളെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഫെഡറേഷന്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ക്ഷേമനിധി ഫണ്ടിലേക്കെന്നപേരില്‍ പ്രേക്ഷകരില്‍നിന്ന് പണം പിരിക്കുന്നത് അംഗീകരിക്കാനാകില്ളെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം. വിവിധ നികുതികളടക്കം അമിത നിരക്കിലാണ് സിനിമാ ടിക്കറ്റ് ഇപ്പോള്‍ തന്നെ വില്‍ക്കുന്നതെന്നും സെസിന്‍െറ പേരില്‍ പുതിയ ഭാരം കൂടി ചുമത്തുന്നത് പ്രേക്ഷകരെ തിയറ്ററുകളില്‍നിന്ന് അകറ്റുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ സെസ് അടക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
അപ്പീല്‍ പരിഗണിച്ച കോടതി സെസ് അടക്കാത്തതിന്‍െറ പേരില്‍ പ്രോസിക്യൂഷന്‍ നടപടി  സ്വീകരിക്കുന്നത് സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തിയറ്റര്‍ സമരത്തെ തുടര്‍ന്ന് മൂന്ന് രൂപ സെസ് ഒരു രൂപയായി കുറക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
കേസ് പിന്നീട് വിശദമായി പരിഗണിക്കാന്‍ മാറ്റി. 2013ലെ കേരള ലോക്കല്‍ അതോറിറ്റീസ് എന്‍റര്‍ടെയിന്‍മെന്‍െറ് ടാക്സ് ഭേദഗതിയിലൂടെ സെസ് ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തായിരുന്നു ഹരജി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.