കോട്ടയം: സംസ്ഥാന പൊലീസ് വകുപ്പില്‍ അഞ്ച് എ.ഡി.ജി.പിമാര്‍ കൂടി ഡി.ജി.പി റാങ്കിലേക്ക്. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരായ എ. ഹേമചന്ദ്രന്‍ (ഇന്‍റലിജന്‍സ്), ബി.എസ്. മുഹമ്മദ് യാസീന്‍ (തീരസംരക്ഷണ സേന), ശങ്കര്‍ റെഡ്ഡി (വിജിലന്‍സ്), എന്‍.പി. അസ്താന (സി.ആര്‍.പി.എഫ് ഡല്‍ഹി), രാജേഷ് ദിവാന്‍ (പൊലീസ് ട്രെയ്നിങ്) എന്നിവരാണ് ഡി.ജി.പി റാങ്കിലത്തെുന്നത്.
എന്നാല്‍, ഡി.ജി.പിമാരുടെ കേഡര്‍ തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യം കേന്ദ്രം അനുവദിക്കുന്ന മുറക്ക് മാത്രമാകും ഇവര്‍ക്ക് ഡി.ജി.പി റാങ്കില്‍ നിയമനം ലഭിക്കുക. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ എക്സ് കേഡര്‍ തസ്തികയായ ജയില്‍-ഫയര്‍ ഫോഴ്സ് മേധാവികളായി ചുമതലയേറ്റ ഋഷിരാജ് സിങ്ങിനും ലോക്നാഥ് ബെഹ്ക്കും ശമ്പളം പോലും കിട്ടാത്ത സാഹചര്യം നിലനില്‍ക്കെ പുതിയതായി അഞ്ചു പേര്‍ കൂടി ഡി.ജി.പി റാങ്കിലേക്ക് വരുന്നത് സര്‍ക്കാറിനും തലവേദനയാകുകയാണ്. നിലവില്‍ തസ്തികകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ഡി.ജി.പി ഗ്രേഡ് നല്‍കിയതല്ലാതെ നിയമന നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതില്‍ എന്‍.പി. അസ്താന തല്‍ക്കാലം കേരളത്തിലേക്ക് ഇല്ളെന്ന് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
പുതിയ ഡി.ജി.പിമാര്‍ക്കായി നിലവിലെ തസ്തികകളില്‍ മാറ്റം വരുത്തുന്ന കാര്യവും ആഭ്യന്തര വകുപ്പിന്‍െറ പരിഗണനയിലാണ്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, ഇന്‍റലിജന്‍സ് ബ്യൂറോ, ലോകായുക്ത, ഹ്യൂമന്‍ റൈറ്റ്സ് ബ്യൂറോ എന്നിവയാണ് ഇവര്‍ക്കായി സര്‍ക്കാര്‍ പരിഗണിക്കുന്ന തസ്തികകള്‍. 12 മുതല്‍ 16 വര്‍ഷംവരെ ക്രമസമാധാന രംഗത്ത് മാത്രം സേവനമനുഷ്ഠിച്ച പുതിയ ഡി.ജി.പിമാര്‍ക്കായി തസ്തിക സൃഷ്ടിക്കാനുള്ള ചര്‍ച്ചകളും സര്‍ക്കാര്‍ തലത്തില്‍ സജീവമാണ്. ക്രമസമാധന പരിപാലന മേഖലയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ചവരാണ് ഇതില്‍ നാലു പേരും എന്നതും പ്രത്യേകതയാണ്.
വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോള്‍ വിരമിച്ച ഒഴിവില്‍ സീനിയറായ മൂന്നുപേരെ മാറ്റിനിര്‍ത്തി എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചത് വിവാദമായെങ്കിലും ഡി.ജി.പിയായതോടെ ശങ്കര്‍ റെഡ്ഡിയെ ഇതേ തസ്തികയില്‍ നിലനിര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുകയാണെന്നാണ് സൂചന. അതേസമയം, ഡി.ജി.പി ജേക്കബ് തോമസിന്‍െറ കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചനക്ക് തയാറാകില്ളെന്നും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഡി.ജി.പി കേഡര്‍ തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കേന്ദ്രസര്‍ക്കാറിനോട് പലതവണ ആവശ്യപ്പെട്ടിട്ടും അനുവദിച്ചിട്ടില്ല. ഇതിലുള്ള അമര്‍ഷം സേനയില്‍ ശക്തമാണ്. ഐ.പി.എസ് അസോസിയേഷനും ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനോട് പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. കേഡര്‍ തസ്തികയില്‍ അര്‍ഹരെ നിയമിക്കാത്തതിലുള്ള പ്രതിഷേധം ഇപ്പോഴും പൊലീസ് തലപ്പത്ത് നിലനില്‍ക്കുന്നു. അതേസമയം, 69 തസ്തികകളുള്ള വനം വകുപ്പില്‍ മൂന്ന് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍മാരുടെ തസ്തിക അനുവദിച്ചതും ഐ.എ.എസില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരുടെ എണ്ണം എട്ടില്‍നിന്ന് 12 ആക്കിയതും സേനയില്‍ മുറുമുറുപ്പിന് ഇടയാക്കി. സമാന പദവികളായിട്ടും പൊലീസിനെ അവഗണിക്കുന്നതിലുള്ള പ്രതിഷേധവും സേനയില്‍ ശക്തമാണ്.
89 തസ്തികകളുള്ള പൊലീസില്‍ മാത്രം കേഡര്‍ തസ്തികകളുടെ എണ്ണം രണ്ടായി തുടരുന്നത് അവഗണനയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അഖിലേന്ത്യാ സര്‍വിസിലെ വിവേചനം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.
അര്‍ഹമായ പരിഗണന സംസ്ഥാന പൊലീസ് വകുപ്പില്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടേഷനിലുള്ള നാലുപേര്‍ ഇനി കേരളത്തിലേക്ക് ഇല്ളെന്നും അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ മികച്ച തസ്തികകളിലാണ് കേരള കേഡറിലുള്ള ഈ ഉദ്യോഗസ്ഥര്‍. ഇതിനകം നാലുപേര്‍ ഐ.പി.എസ് ഉപേക്ഷിച്ചു. ഡെപ്യൂട്ടേഷനിലുള്ള തരുണ്‍ കുമാര്‍, രവത ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര, സന്തോഷ് വര്‍മ എന്നിവരാണ് ഇനി കേരളത്തിലേക്ക് ഇല്ളെന്ന നിലപാടെടുത്തവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.