‘ഹേമ കമ്മിറ്റിയുമായി നാല് മണിക്കൂർ സംസാരിച്ചു’; റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ലെന്ന് മുകേഷ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ലെന്ന് നടനും എം.എൽ.എയുമായ മുകേഷ്. താനും കമ്മിറ്റിയോട് സംസാരിച്ചിരുന്നു. എന്നാൽ മറ്റുള്ളവർ എന്തു പറഞ്ഞു എന്നതിനേക്കുറിച്ച് അറിയില്ല. സിനിമാ മേഖലക്ക് ദോഷമാകുന്ന എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലകളിലും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് പറഞ്ഞു.

“വലിയ വിവാദമുണ്ടാകുമെന്നൊക്കെ പറയുന്നതിലൊന്നും ഒരു കാര്യവുമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഹേമ കമ്മിറ്റിയുമായി ഞാൻ നാല് മണിക്കൂർ സംസാരിച്ചിരുന്നു. ഞാൻ അവിടെ ചെന്നതിൽ അവർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വേറെ ആളുകൾ എന്തു പറഞ്ഞെന്നോ റിപ്പോർട്ടിൽ എന്ത് എഴുതിയെന്നോ എനിക്കറിയില്ല. എന്നാൽ ആത്യന്തികമായി ഡാമേജിങ് ആയി വരുന്ന എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും സ്ത്രീകൾക്ക് അർഹിച്ച പരിഗണയും സുരക്ഷയും നൽകണമെന്ന അഭിപ്രായക്കാരനാണ് ഞാൻ” -മുകേഷ് പറഞ്ഞു.

അതേസമയം, സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ, റിപ്പോര്‍ട്ട് ഇന്നു രാവിലെ 11ന് പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇതിനെതിരെ രഞ്ജിനി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇനി കോടതിയുടെ നിലപാട് അറിഞ്ഞശേഷമായിരിക്കും വിഷയത്തിലുള്ള സര്‍ക്കാര്‍ തീരുമാനം. രഞ്ജിനിയുടെ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

300 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജ് വിവരാവകാശ അപേക്ഷകര്‍ക്ക് കൈമാറും എന്നായിരുന്നു നേരത്തെയുള്ള സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പ് തന്നെ അത് വായിക്കാന്‍ അവസരം നല്‍കണമെന്നും തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് തങ്ങള്‍ നേരിട്ട് വായിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നാണ് രഞ്ജിനിയുടെ വാദം.

Tags:    
News Summary - Nothing will happen even if Hema Committe Report Released -Actor Mukesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.