കാലിക്കറ്റ് വാഴ്സിറ്റിയില്‍ ഇനി ലവ് ബേഡ്സും; ചെലവഴിക്കുന്നത് 12.25 ലക്ഷം

കോഴിക്കോട്: വിദ്യാര്‍ഥിനികളുടെ സുരക്ഷപോലുള്ള കാര്യങ്ങളിലെ മുന്‍ഗണന അവഗണിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ലവ് ബേഡ്സിനെ വളര്‍ത്താന്‍ ഒരുങ്ങുന്നു. സര്‍വകലാശാലാ കാമ്പസിലെ പാര്‍ക്കിലാണ് 12.25 ലക്ഷം രൂപ ചെലവിട്ട് കിളിക്കൂട് ഒരുക്കുന്നത്. അടിയന്തര ഇനമായി ഉള്‍പ്പെടുത്തിയ പദ്ധതി സിന്‍ഡിക്കേറ്റും അംഗീകരിച്ചു.
കാമ്പസ് വികസനത്തിലുള്‍പ്പെടുത്തിയാണ് സിന്‍ഡിക്കേറ്റ് തുകയനുവദിച്ചത്. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയുടെ ടെണ്ടറും സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. കൂട് ഒരുക്കല്‍, ഗ്രാനൈറ്റ് പതിക്കല്‍ തുടങ്ങിയ ഇനത്തിലാണ് തുക നീക്കിവെച്ചത്.
കിളികളെ വാങ്ങാന്‍ തുക വേറെ അനുവദിക്കും. സര്‍വകലാശാലാ ചട്ടവും നിയമവും അനുസരിച്ചുള്ള പദ്ധതിയാണെന്ന് ഉറപ്പുവരുത്തിയാണ് വിഷയം സിന്‍ഡിക്കേറ്റ് അംഗീകരിച്ചത്.  പാര്‍ക്കിലേക്ക് പുറമെനിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്ന അന്വേഷണ റിപ്പോര്‍ട്ട് വി.സിയുടെ മുമ്പാകെയിരിക്കുമ്പോഴാണ് പുതിയ തീരുമാനം.
പെണ്‍സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലാണ് പുറത്തുള്ളവര്‍ പാര്‍ക്കില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്ന നിര്‍ദേശമുള്ളത്. വൈകീട്ട് അഞ്ചു മുതല്‍ ഏഴുമണിവരെയാണ് പാര്‍ക്കില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശം.
പഠനഗവേഷണവുമായി ബന്ധമില്ലാത്ത പദ്ധതിക്കെതിരെ സിന്‍ഡിക്കേറ്റിലെ ഇടതംഗങ്ങള്‍ രംഗത്തുണ്ട്. കാമ്പസിന് ചുറ്റുമതില്‍, തെരുവു വിളക്ക് തുടങ്ങിയവ അനിവാര്യമായിരിക്കെ അടിയന്തരമായി കിളിക്കൂട് ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ളെന്ന് ഇടതംഗം കെ. വിശ്വനാഥ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.