ന്യൂഡൽഹി: 2012ൽ ഡൽഹിയിലേക്ക് സൈനിക നീക്കം നടന്നുവെന്ന ഇന്ത്യൻ എക്സ്പ്രസിൻെറ റിപ്പോർട്ട് ശരിവെച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മനീഷ് തിവാരി. റിപ്പോർട്ട് ശരിയായിരുന്നു എന്ന് പറഞ്ഞ തിവാരി, എന്നാൽ സൈനിക നീക്കം നിർഭാഗ്യകരമായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.
ആ സമയത്ത് താൻ പ്രതിരോധ മന്ത്രാലയത്തിൻെറ പാർലമെൻററി സ്റ്റാൻറിങ് കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു നീക്കം സൈന്യത്തിൻെറ ഭാഗത്തുനിന്നുമുണ്ടായി എന്ന പത്രറിപ്പോർട്ട് ശരിയാണ്. നീക്കം നിർഭാഗ്യകരമായിരുന്നു. ഇപ്പോൾ ഒരു തർക്കത്തിലേക്ക് താൻ കടക്കുന്നില്ല. വ്യക്തമായും എൻെറ അറിവിലുള്ള കാര്യമാണ് പറഞ്ഞതെന്നും തിവാരി ഒരു പുസ്തകപ്രകാശന ചടങ്ങിൽ വ്യക്തമാക്കി.
2012 ജനുവരി 16ന് സൈനിക അട്ടിമറി നീക്കം നടന്നു എന്നാണ് ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്തത്. അപ്രതീക്ഷിതമായും മുന്നറിയിപ്പില്ലാതെയും മെക്കനൈസ്ഡ് ഇൻഫൻട്രിയിലെ സുപ്രധാന യൂണിറ്റും ആഗ്രയിലെ പാരച്യൂട്ട് റെജിമെൻറിലെ 50ാം ബ്രിഗേഡും ന്യൂഡൽഹി ലക്ഷ്യമാക്കി നീങ്ങി എന്നായിരുന്നു റിപ്പോർട്ട്. ഹരിയാനയിലെ താവളത്തിൽ നിന്നാണ് മെക്കനൈസ്ഡ് ഇൻഫൻട്രി പുറപ്പെട്ടത്.
എന്നാൽ ഈ സമയത്ത് കരസേന മേധാവിയായിരുന്ന ജനറൽ വി.കെ സിങ് ആരോപണം നിഷേധിച്ചിരുന്നു. അസംബന്ധം എന്നായിരുന്നു സിങ് ഇതിനെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.