റോഡുകളിലെ കുഴി അടക്കാത്തതിന് വിശദീകരണം തേടി മനുഷ്യാവകാശ കമീഷന്‍


പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറും നഗരസഭാ സെക്രട്ടറിയും ഫെബ്രുവരി 10നകം കമീഷന്‍ ഓഫിസില്‍ വിശദീകരണം നല്‍കണം
കൊച്ചി: റോഡുകളിലുണ്ടാകുന്ന കുഴികളില്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിന്‍െറ കാരണങ്ങളെക്കുറിച്ച് പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ മരിക്കുന്ന സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നും കമീഷന്‍ നിരീക്ഷിച്ചു. ക്രിസ്മസ് തലേന്ന് ഇരുചക്രവാഹനത്തില്‍ ഭര്‍ത്താവിനൊപ്പം യാത്രചെയ്ത വീട്ടമ്മ വൈറ്റില പേട്ട റോഡില്‍ റിലയന്‍സ് പമ്പിന് സമീപത്തെ കുഴിയില്‍ വീഴുകയും ബസിടിച്ച് മരിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. റിപ്പോര്‍ട്ട് ചെയ്യുന്നതും ചെയ്യാത്തതുമായ നിരവധി അപകടങ്ങള്‍ റോഡിലെ കുഴികള്‍ കാരണമുണ്ടാകുന്നുണ്ട്. സമയത്ത് കുഴികള്‍ അടച്ചാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാം. സര്‍ക്കാറിന് പണവും ലാഭിക്കാമെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു.
അപകടത്തില്‍ മരിച്ച ഉദയംപേരൂര്‍ സ്വദേശി ജോര്‍ജിന്‍െറ ഭാര്യ അനിതയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറും നഗരസഭാ സെക്രട്ടറിയും ഫെബ്രുവരി 10നകം കമീഷന്‍ ഓഫിസില്‍ വിശദീകരണം നല്‍കണം. കേസ് ഫെബ്രുവരി 22ലെ സിറ്റിങ്ങില്‍ പരിഗണിക്കും. പൊതുപ്രവര്‍ത്തകനായ സി.ജെ. ജോണ്‍സനാണ് കമീഷനില്‍ പരാതി നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.