കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍െറ അതുല്യം പദ്ധതിയിലൂടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരി പ്രഖ്യാപിച്ചു.  
ഈ നേട്ടം കൈവരിച്ചതോടെ രാജ്യത്തിന്‍െറ വിദ്യാഭ്യാസചരിത്രത്തില്‍ കേരളത്തിന്‍െറ സ്ഥാനം കൂടുതല്‍ മഹനീയമായെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ 240804 പഠിതാക്കളെ കണ്ടത്തെി നടത്തിയ പൊതുപരീക്ഷയില്‍ 202862 പേര്‍ വിജയിച്ചത് നേട്ടമാണ്. 1817ല്‍ തിരുവിതാംകൂറില്‍  വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നടത്തിയ രാജകീയവിളംബരവും പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനവും വിദ്യാഭ്യാസത്തിന് പുതുവഴിയായി. ഇതോടൊപ്പം ശ്രീനാരായണഗുരുവും ക്രൈസ്തവ മിഷനറിമാരും എന്‍.എസ്.എസ്, എം.ഇ.എസ് പ്രസ്ഥാനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസവ്യാപനത്തിന് കളമൊരുക്കി.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യക്തിസ്വാതന്ത്ര്യം, ആരോഗ്യപരിരക്ഷ, മികച്ച സാമൂഹിക അന്തരീക്ഷം, ലിംഗ സമത്വം തുടങ്ങിയവ അനുഭവിക്കാന്‍ മലയാളികള്‍ക്ക് കഴിയുന്നുണ്ട്. സാക്ഷരതയില്‍ 2011ലെ കണക്കനുസരിച്ച് ദേശീയ ശരാശരി 74 ശതമാനമാവുമ്പോള്‍ കേരളത്തിലത് 93.3 ആണ്. സ്ത്രീ സാക്ഷരത ദേശീയ ശരാശരി 65.5 ശതമാനമാനവും കേരളത്തിലേത് 92 ശതമാനവുമാണ്. കേന്ദ്ര സര്‍ക്കാര്‍ ‘സ്വച്ഛ് ഭാരത് അഭിയാന്‍’ പ്രഖ്യാപിക്കുമ്പോള്‍ ശുചിത്വത്തിന്‍െറ കാര്യത്തില്‍ ദേശീയ ശരാശരി 46.8 ആണെങ്കില്‍ കേരളത്തില്‍ ഇത് 95.2 ആണെന്ന് ഓര്‍ക്കണം.
തദ്ദേശീയമായ ബൗദ്ധികചരിത്രം, സഹിഷ്ണുതയുള്ള ബഹുസ്വരത, വിവിധ ജനതകള്‍ക്കും സംസ്കാരങ്ങള്‍ക്കുമായി തുടന്നിട്ട വാതില്‍ തുടങ്ങിയവയെല്ലാം കേരളത്തിന്‍െറ പ്രത്യേകതയാണ്. നരവംശ ശാസ്ത്രജ്ഞനായ ബില്‍ മക്ബെനും നൊബേല്‍ സമ്മാന ജേതാവ്  അമര്‍ത്യാസെന്നും കേരളവികസനത്തിന്‍െറ സവിശേഷത ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.  ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി.
 ഉന്നതവിദ്യാഭ്യാസരംഗത്തും ഒന്നാം സ്ഥാനം നേടിയേക്കാമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാറെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി കെ.സി. ജോസഫ്. ശശി തരൂര്‍ എം.പി, കെ. മുരളീധരന്‍ എം.എല്‍.എ, പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. ശെന്തില്‍ എന്നിവര്‍ പങ്കെടുത്തു. മന്ത്രി പി.കെ. അബ്ദുറബ്ബ് സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.