സ്നേഹത്തിന്‍െറ പച്ചപ്പില്‍ പെരുത്തിഷ്ടത്തോടെ ജാനകി

തിരുനെല്ലി: അനുശ്രീക്കും അനുഷക്കുമൊപ്പം മണ്ണപ്പം ചുട്ടുകളിക്കുന്ന തിരക്കിലാണ് ജാനകി. ‘ഇവിടെ വാ മോളേ’ എന്ന് അമ്മ നീട്ടി വിളിക്കേണ്ട താമസം പാദസരം കിലുക്കി അവള്‍ ഓടിയത്തെി. സി.കെ. ജാനുവെന്ന് നാടറിയുന്ന അമ്മയുടെ നീട്ടിയ കൈകളിലേക്ക് ചാടിക്കയറി. ബിലാസ്പൂരിലെ അനാഥാലയത്തില്‍നിന്ന് പനവല്ലിയുടെ പച്ചപ്പിലേക്കത്തെിയ അവള്‍ക്ക് നോക്കിലും നടപ്പിലുമൊക്കെ ഒരുപാട് സന്തോഷം. സമരമുഖങ്ങളില്‍ തീപ്പൊരി ചിതറിയ ആ അമ്മയുടെ മുഖത്ത് അതിന്‍െറ അനുരണനങ്ങള്‍. വീട്ടിനുള്ളില്‍ നില്‍ക്കാനല്ല, പുറത്ത് ഓടിക്കളിക്കാനാണ് ജാനകിക്കിഷ്ടം. ഛത്തിസ്ഗഢില്‍നിന്ന് ആദിവാസി സമരനായിക ജാനു ദത്തെടുത്ത മൂന്നുവയസ്സുകാരിക്ക് പുതിയ വീടും സാഹചര്യങ്ങളും അത്രമേല്‍ ബോധിച്ച മട്ടാണ്.

‘ബിലാസ്പൂരില്‍ ഫ്ളാറ്റ് രൂപത്തിലുള്ള അനാഥാലയത്തിലെ മുറികളില്‍ കുട്ടികള്‍ തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യമായിരുന്നു. ഇവിടെയത്തെിയപ്പോള്‍ അവള്‍ക്ക് വീടിനു ചുറ്റും ഓടിക്കളിക്കണം. അയല്‍പക്കത്തെ കുട്ടികളെല്ലാം സ്കൂള്‍ വിട്ടാലുടന്‍ മോള്‍ക്ക് കൂട്ടുനല്‍കാന്‍ ഇവിടെയത്തെും. എല്ലാംകൊണ്ടും അവളിവിടെ സന്തോഷവതിയാണ്. അവളത്തെിയതോടെ എന്‍െറ ജീവിതത്തിലും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്’ -ജാനു ‘മാധ്യമ’ത്തോട് പറഞ്ഞു.
കുഞ്ഞിനെ ദത്തെടുക്കാന്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത് ഏറെക്കാലം കാത്തിരുന്നശേഷമാണ് അഖിലേന്ത്യാ തലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. അര മണിക്കൂറിനകം അറിയിപ്പുവന്നു. ഇന്‍റര്‍നെറ്റിലാണ് ഞാന്‍ ആദ്യമായി ജാനകിയുടെ മുഖം കാണുന്നത്. ഇവളെ ദത്തെടുക്കാന്‍ താല്‍പര്യമാണെന്ന് അറിയിച്ചതോടെയാണ് ഛത്തിസ്ഗഢുകാരിയാണെന്ന് വ്യക്തമായത്.

അനാഥാലയത്തില്‍ പോയി ആദ്യം കണ്ടപ്പോള്‍തന്നെ ഞങ്ങള്‍ക്കൊപ്പം പോരാന്‍ ഇവള്‍ തയാറായിരുന്നു. പൂനം എന്നായിരുന്നു ജാനകിയെ അവര്‍ വിളിച്ചിരുന്നത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടുമാസം കഴിഞ്ഞാണ് അവളെ കൂട്ടാന്‍ ചെന്നത്. ഓട്ടോയില്‍നിന്ന് ഞാനിറങ്ങുന്നതു കണ്ടപ്പോഴേ ‘എന്നെ കൊണ്ടുപോകാന്‍ മമ്മി വന്നു. ഞാന്‍ പോവുകയാണ്’ എന്ന് കെട്ടിടത്തിന് മുകളില്‍നിന്ന് ഹിന്ദിയില്‍ അവള്‍ കൂട്ടുകാരോട് വിളിച്ചുപറയുന്നതു കേട്ടു. നന്നേ ചെറിയ കുട്ടികള്‍ വരെ ആ അനാഥാലയത്തിലുണ്ടായിരുന്നു.

ഇവളെ കൂട്ടി ഇറങ്ങുമ്പോള്‍ ‘ഞങ്ങളുടെ പപ്പയും മമ്മിയും എന്നാണ് ഞങ്ങളെ കൊണ്ടുപോകാനത്തെുക’യെന്ന് കൊച്ചുകുട്ടികളില്‍ ചിലര്‍ ചോദിക്കുന്നത് കേട്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയെന്ന് ജാനു പറഞ്ഞു. ഒരാഴ്ചയായി പനവല്ലിയിലത്തെിയ ജാനകി  മലയാളം പഠിച്ചുവരുന്നു. തനിക്ക് കുറേശ്ശെ ഹിന്ദി അറിയുമെങ്കിലും മകളുമായി മലയാളത്തില്‍ മാത്രം സംസാരിക്കുന്നത് അവളെ ഭാഷ പഠിപ്പിക്കാനാണെന്ന് ജാനു. ജാനുവിന്‍െറ സഹോദരി മുത്തയും അമ്മ വെളിച്ചിയും ജാനകിക്ക് സന്തോഷം പകരാന്‍ ഒപ്പമുണ്ട്. ‘സി.കെ. ജാനുവിനു ശേഷം സി.കെ. ജാനകി എന്ന സമരനായിക പിറവിയെടുക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ട്’ എന്നായിരുന്നു ജാനുവിന്‍െറ മറുപടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.