കൊച്ചി: സരിത നായർ എഴുതിയ കത്ത് പരസ്യമായ രഹസ്യമാണെന്നും പ്രസ്തുത കത്ത് ഹാജരാക്കണമെന്നും സോളാർ കമീഷൻ. കത്ത് കമീഷന്‍റെ ടേംസ് ഒാഫ് റെഫറൻസിൽ ഉൾപ്പെടാത്ത കാര്യമായതിനാൽ ഹാജരാക്കാൻ സാധിക്കില്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന്‍റെ വാദം. എന്നാൽ, ഈ വാദം തള്ളിക്കൊണ്ടാണ് കത്ത് ഹാജരാക്കാൻ കമീഷൻ ഉത്തരവിട്ടത്.
തന്നെ ക്രോസ് വിസ്താരം ചെയ്യാൻ ബിജു രാധാകൃഷ്ണനെ അനുവദിക്കരുതെന്ന സരിതയുടെ ആവശ്യം കമീഷൻ തള്ളി. മാറ്റുരച്ച് നോക്കിയാലേ സ്വർണത്തിന്‍റെ മാറ്ററിയാൻ കഴിയൂവെന്നും ബിജുവും സരിതയും തമ്മിലുള്ള വാദങ്ങൾ നടക്കട്ടെയെന്നും കമീഷൻ അഭിപ്രായപ്പെട്ടു.
സാക്ഷികൾ തുടർച്ചയായി ഹാജരാകാത്തതിൽ കമീഷൻ അതൃപ്തി അറിയിച്ചു. കേസിൽ പ്രതിയായ ടെനി ജോപ്പൻ ആശുപത്രിയിലായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ കമീഷനെ അറിയിച്ചു. ജനുവരി 25ന് ശേഷമെങ്കിലും ടെനി ജോപ്പൻ ഹാജരാകുമോ എന്ന് കമീഷൻ ചോദിച്ചു. ഹാജരാകാൻ സാധിക്കില്ലെങ്കിൽ ആശുപത്രിയിലെത്തി മൊഴിയെടുക്കാനും കമീഷന് മടിയില്ലെന്ന് ജസ്റ്റിസ് ശിവരാജൻ വ്യക്തമാക്കി.
കമീഷന്‍റെ സിറ്റിങ് മുന്നോട്ടു കൊണ്ടു പോകുന്നതിനെ കുറിച്ചുള്ള അഭിപ്രായം സ്വരൂപിക്കാൻ കേസിൽ കക്ഷി ചേർന്നിട്ടുള്ള മുഴുവൻ പേരുടെയും അഭിഭാഷകരോട് ജനുവരി 18ന് ഹാജരാകാൻ ജസ്റ്റിസ് ശിവരാജൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.