തൃശൂര്‍: ‘ബാഗ്ദാദ് ഇനി പഴയ ബാഗ്ദാദാവില്ല. കാരണം അവിടെ നടന്നത് യുദ്ധമാണ്’ -യുദ്ധക്കൊതിയന്മാരായ രാജ്യങ്ങളോടും യുദ്ധത്തോടുമുള്ള പ്രതിഷേധമാണ് ബാസിം അല്‍ തയ്യീം എന്ന ഇറാഖി നാടക പ്രവര്‍ത്തകന്‍െറ ഈ വാക്കുകള്‍. ഇറാഖില്‍ നിന്ന് അഭയാര്‍ഥിയായി ബെല്‍ജിയത്തിലത്തെിയ നാടക പ്രവര്‍ത്തകനാണ് ബാസിം. ‘നാട്ടിലേക്ക് മടങ്ങണം, കുടുംബവും സുഹൃത്തുക്കളും കാത്തിരിക്കുകയാണ്’ -യുദ്ധത്തിനു മുമ്പ് ബാഗ്ദാദില്‍ നാടക രംഗത്ത് പ്രവര്‍ത്തിച്ച ബാസിം ആഗ്രഹം പങ്കുവെച്ചു.
ഒരോ ഇറാഖി അഭയാര്‍ഥിക്കും ഇത്തരം നിരവധി കഥകള്‍ പറയാനുണ്ടാവും. യുദ്ധം തകര്‍ത്തത് കേവലം ബാഗ്ദാദ് എന്ന ചരിത്ര നഗരത്തെ മാത്രമല്ല. അവിടത്തെ സംസ്കാരവും കലയും നശിച്ചു. പുനര്‍നിര്‍മണം ശ്രമകരമാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും തിളക്കമുള്ള നാളെ എല്ലാവരുടെയും സ്വപ്നവും പ്രതീക്ഷയുമാണ്. യൂറോപ്പില്‍ നിലനില്‍ക്കുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നാണ് അഭയാര്‍ഥി പ്രവാഹമെന്നും സിറിയയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന അഭയാര്‍ഥികളെ എങ്ങനെ പുനരധിവസിപ്പിക്കണമെന്ന് അറിയാതെ പ്രയാസപ്പെടുകയാണ് യൂറോപ്യന്‍ നാടുകളെന്നും ബെല്‍ജിയത്തിലെ നാടക പ്രവര്‍ത്തക ജെസ വെല്‍മേഷ പറഞ്ഞു. തങ്ങളുടെ നാടകത്തിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും ജെസ പറഞ്ഞു. ജെസയും ബാസിമും ലോറയും ചേര്‍ന്ന് ഇറാഖി -ബെല്‍ജിയം സംയുക്ത ആവിഷ്കാരമായ ‘വെയ്റ്റിങ്’ എന്ന നാടകവുമായാണ് തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് എത്തിയത്. സംവിധായകനായ റസീം വന്നിട്ടില്ല.
വിവിധ രാജ്യങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ അറബ് സമൂഹം എങ്ങനെ വീക്ഷിക്കുന്നുവെന്ന് പരിശോധിക്കാനാണ് ‘വെയ്റ്റിങ്’ എന്ന നാടകത്തിലൂടെ മൊഖലാദ് റസീം എന്ന സംവിധായകന്‍ ശ്രമിച്ചത്. ലോകത്തെവിടേയും കാത്തിരിപ്പിന് ഒരേ രീതിയാണ്. എല്ലാ സമൂഹവും ഓരോ പ്രതീക്ഷയിലാണ് ജീവിക്കുന്നത്. 30 മിനിറ്റുള്ള വെയിറ്റിങ് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കെ.ടി. മുഹമ്മദ് റീജനല്‍ തിയറ്ററിലാണ് അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.