ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിന് കേന്ദ്ര സഹായമില്ല; വയനാട്ടിൽ യു.ഡി.എഫ്-എൽ.ഡി.എഫ് ഹർത്താൽ നാളെ

കൽപറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും സാമ്പത്തിക സഹായം അനുവദിക്കാത്തതിലും പ്രതിഷേധിച്ച് എൽ.ഡി.എഫും യു.ഡി.എഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ചൊവ്വാഴ്ച. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ നീളുന്ന ഹർത്താലിന് വിവിധ സംഘടനകളുടെ പിന്തുണയുണ്ട്.

ദുരന്തത്തിന്റെ അതിജീവിതരുടെ കൂട്ടായ്മയായ ജനകീയ സമിതിയും പിന്തുണക്കും. തെരഞ്ഞെടുപ്പ് വാഹനങ്ങൾ, ഉദ്യോഗസ്ഥർ, ശബരിമല തീർഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാൽ, പത്രം, വിവാഹം തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ജില്ല ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ പി.ടി. ഗോപാലകുറുപ്പ് എന്നിവർ അറിയിച്ചു.

ഹര്‍ത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവ സഹകരിക്കും. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ജില്ലയില്‍ മുഴുവന്‍ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി പി. പ്രസന്നകുമാര്‍, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വേണുഗോപാല്‍ കിഴിശേരി എന്നിവർ അറിയിച്ചു. ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു.

പുലര്‍ച്ചെയുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ പതിവുപോലെ സര്‍വിസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ 10ന് കല്‍പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫിസുകള്‍ക്കു മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

Tags:    
News Summary - UDF-LDF hartal tomorrow in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.