ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഇന്ന് വിധി

കോട്ടയം: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം. മാണിക്ക് ക്ളീന്‍ചിറ്റ് നല്‍കി വിജിലന്‍സ് എസ്.പി എസ്. സുകേശന്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ആശങ്കയില്‍ കേരള കോണ്‍ഗ്രസും കെ.എം. മാണിയും. വിജിലന്‍സിന്‍െറ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍ കോഴവിവാദത്തില്‍ അപമാനിതനായി മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോകേണ്ടിവന്ന കെ.എം. മാണിക്കും കേരള കോണ്‍ഗ്രസിനും ആശ്വാസമാകുമെന്ന് മാത്രമല്ല മന്ത്രിസഭയിലേക്കുള്ള മാണിയുടെ തിരിച്ചുവരവിന് വരെ വഴിയൊരുക്കിയേക്കാം.
വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മന്ത്രിസഭാ പ്രവേശം പാര്‍ട്ടി തലത്തില്‍ ചര്‍ച്ചയായെങ്കിലും കോടതി ഉത്തരവ് വന്നശേഷം മതി തുടര്‍നടപടികളെന്ന ഉറച്ച നിലപാടിലായിരുന്നു കെ.എം. മാണി. അതേസമയം, വിജിലന്‍സ് കോടതി വിധി അനുകൂലമായാല്‍ മറ്റാരെങ്കിലും കോടതിയെ സമീപിക്കുമോയെന്ന ആശങ്കയും മാണിക്കില്ലാതില്ല. വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മേല്‍കോടതിയെ സമീപിക്കുമെന്ന് വെള്ളിയാഴ്ച പി.സി. ജോര്‍ജ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 
വിജിലന്‍സ് കോടതി നിലപാട് അനുകൂലമായാല്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരാനാണ് മാണിയുടെ തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങളും അടുത്ത വിശ്വസ്തരും നല്‍കുന്ന സൂചന. എന്നാല്‍, തിരക്കിട്ട് തീരുമാനം വേണ്ടെന്ന് വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. 
റബര്‍ വിലയിടിവിനെതിരെ ജോസ് കെ. മാണി 18ന് കോട്ടയത്ത് നടത്തുന്ന നിരാഹാര സമരത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. അന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. 
മാണിയെ എത്രയും വേഗം മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ നീക്കം. കേസില്‍ നിന്നൊഴിവാകുന്നതോടെ മാണി രാഷ്ട്രീയ നിലപാടില്‍ എന്തെങ്കിലും മാറ്റം വരുത്തുമോയെന്ന ആശങ്കയും മുഖ്യമന്ത്രിക്കുണ്ട്. തനിക്കെതിരെ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്നും ബാര്‍ വിഷയത്തില്‍ ഇരട്ട നീതി നടപ്പാക്കിയെന്നുമുള്ള മുന്‍ ആരോപണത്തില്‍നിന്ന് മാണി ഇനിയും പിന്മാറാത്തതും യു.ഡി.എഫിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. 
മാണി ഇക്കാര്യം സോണിയഗാന്ധി അടക്കമുള്ളവരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കോടതി നിലപാട് അറിയുന്നതോടെ മാണിയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം യു.ഡി.എഫ് നടത്തുമെന്നാണ് വിവരം. ഫെബ്രുവരി 10ന് സഭയില്‍ മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാനും യു.ഡി.എഫില്‍ ആലോചന തകൃതിയാണ്.അതിനിടെ, പ്രതിസന്ധിഘട്ടത്തില്‍ തനിക്കൊപ്പം ഇറങ്ങിവരാതിരുന്ന ജോസഫ് വിഭാഗത്തോടുള്ള പകയും മാണിയുടെ മനസ്സില്‍ നീറിപ്പുകയുന്നുണ്ടെന്ന് അടുത്ത വിശ്വസ്തര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞാല്‍ മാണി രണ്ടാമതൊരാലോചനക്കുപോലും മുതിരില്ളെന്നും ജേസഫ് വിഭാഗത്തിന്‍െറ അഭിപ്രായത്തിനുപോലും കാത്തിരിക്കില്ളെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 
നിര്‍ണായക ഘട്ടത്തില്‍ ഒപ്പംനില്‍ക്കാതിരുന്ന ജോസഫിനെയും കൂട്ടരെയും വിശ്വാസത്തിലെടുക്കാനും മാണി ഒരുക്കമല്ല. ഫലത്തില്‍ പാര്‍ട്ടിയില്‍ വീണ്ടുമൊരു പിളര്‍പ്പുണ്ടായാല്‍ പോലും സാധ്യത തള്ളിക്കളയേണ്ടതില്ളെന്നും നേതൃനിരയിലെ പ്രമുഖര്‍ വ്യക്തമാക്കുന്നു. 
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വിശ്വസ്തരായവരെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ആര്‍ക്കൊപ്പമായാലും പരമാവധി സീറ്റ് നേടിയെടുക്കുകയാണ് മാണിയുടെ മനസ്സിലിരുപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.