ബാര്‍ കോഴ: എല്ലാ രേഖകളും ഹാജരാക്കണം; കേസ് ഫെബ്രുവരി 16ന് പരിഗണിക്കും

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്‍െറ എല്ലാ രേഖകളും ഹാജരാക്കാന്‍  വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ഉത്തരവിട്ടു.  തുടരന്വേഷണ റിപ്പോര്‍ട്ടിനെതിരെ ആക്ഷേപം സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ സാവകാശം തേടിയതോടെ കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 16ലേക്ക് മാറ്റി.  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവരുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി നോട്ടീസ് കൈപ്പറ്റി. ബാര്‍ കോഴയില്‍ ആദ്യ റിപ്പോര്‍ട്ട് പരിഗണിച്ചപ്പോഴും കേസിലെ രേഖകള്‍ കോടതി പരിശോധിച്ചിരുന്നു. 148 പേജുള്ള   തുടരന്വേഷണ റിപ്പോര്‍ട്ടില്‍ മാണി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കോടതിയുടെ മുന്‍ നിരീക്ഷണത്തെ വിജിലന്‍സ് ഖണ്ഡിക്കുന്നു.

ബാറുടമകളുമായി പാലായിലെ വീട്ടില്‍ മാണി 2014 മാര്‍ച്ച് 22ന് കൂടിക്കാഴ്ച നടത്തിയപ്പോള്‍ കോഴ നല്‍കിയതിന് തെളിവില്ളെന്നാണ് പുതിയ കണ്ടത്തെല്‍. ആദ്യ വസ്തുതാ റിപ്പോര്‍ട്ടില്‍ സാക്ഷിമൊഴികള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും നല്‍കിയ പ്രാമുഖ്യത്തെ പൂര്‍ണമായും രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് നിരാകരിക്കുന്നു. മദ്യനയംമൂലം കോടികളുടെ നഷ്ടം സംഭവിച്ച ബിജു രമേശ് സര്‍ക്കാറിനെ ഭീഷണിപ്പെടുത്താനാണ് കോഴ ആരോപണം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാര്‍ കോഴക്കേസിലെ സാക്ഷി മൊഴികള്‍ മിക്കതും തള്ളുന്നതുകൂടിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍െറ കോട്ടയം യൂനിറ്റ് പിരിച്ച തുക സാജു ഡൊമിനിക് പാലായിലെ വീട്ടില്‍വെച്ച് ജോണ്‍ കല്ലാട്ടിന് കൈമാറിയെന്ന സാജുവിന്‍െറ മൊഴി വിജിലന്‍സ് അംഗീകരിക്കുന്നില്ല.  
ബാറുടമകള്‍ മാണിയുടെ വീട്ടിലുള്ള സമയത്ത് സാജു ഡൊമിനിക്കിന്‍െറ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പൊന്‍കുന്നമായിരുന്നെന്നും ഇവിടെനിന്ന് മാണിയുടെ വീട്ടിലേക്ക് വരാന്‍ ഒരു മണിക്കൂറോളം സമയം ആവശ്യമാണെന്നുമാണ് കണ്ടത്തെല്‍. ഇതു സ്ഥിരീകരിക്കുന്നതിനായി വിജിലന്‍സ് ഒരു വാഹനം പൊന്‍കുന്നത്തുനിന്ന് പാലായിലേക്കും തിരികെയും ഓടിച്ച് സമയം രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 മാണിയുമായുളള കൂടിക്കാഴ്ചക്കു ശേഷം കോട്ടയത്തെ ബാറുടമകള്‍ ശേഖരിച്ച പണം അവിടത്തെ  ഹോട്ടലില്‍വെച്ചാണ് അസോസിയേഷന്‍ ഭാരവാഹികള്‍ രാജ്കുമാര്‍ ഉണ്ണിക്ക് കൈമാറിയതെന്നും കണ്ടത്തെിയിട്ടുണ്ട്. ബാറുടമകള്‍ രണ്ടാംവട്ടം മാണിയെ സന്ദര്‍ശിച്ച തീയതി സംബന്ധിച്ച അവ്യക്തത ഇപ്പോഴും നിലനില്‍ക്കുന്നെങ്കിലും ഈ കൂടിക്കാഴ്ചയില്‍ കോഴപ്പണം നല്‍കിയില്ളെന്ന് വിജിലന്‍സ് ഉറപ്പിക്കുന്നു. മാര്‍ച്ച് 30നോ  31നോ ആവാം സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.