ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയിലും സംവരണം വേണം –കാനം

കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാമൂഹികനീതിയുടെ പുതിയ മുദ്രാവാക്യങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് ഉയരണം.
ജെ.എസ്.എസ് പ്രദീപ് വിഭാഗത്തിന്‍െറ സി.പി.ഐ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 സംവരണം എപ്പോഴെങ്കിലും അവസാനിപ്പിക്കേണ്ടിവരുമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള സമയമായിട്ടില്ല.
മുന്നാക്ക-പിന്നാക്ക തര്‍ക്കത്തിന്‍െറ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കി തമ്മിലടിപ്പിക്കാന്‍ നിരവധി പാര്‍ട്ടികള്‍ രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്കക്കാരനാണെന്നത് സാങ്കേതികമായി ശരിയാണ്.
എന്നാല്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് അദ്ദേഹത്തിന്‍െറ സമുദായം പിന്നാക്കമായത്.
സാമൂഹികനീതിയുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. ഇന്നത്തെ സാഹചര്യത്തില്‍ ഇടതുപാര്‍ട്ടികളുടെ ഐക്യം സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.പി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. കെ. ഷാജി പെരുങ്ങന്നൂര്‍, ദിലീപ് പത്തനാപുരം, എ.ആര്‍. ജനാര്‍ദനന്‍, ജി. രാജേന്ദ്രന്‍, പ്രകാശ്ബാബു, പ്രഫ. വെളിയം രാജന്‍, ജെ. ചിഞ്ചുറാണി, ആര്‍. രാമചന്ദ്രന്‍, എന്‍. അനിരുദ്ധന്‍, കെ. രാജു എം.എല്‍.എ, ആര്‍. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.