മാണി ബജറ്റ് അവതരിപ്പിക്കാന്‍ സാധ്യത മങ്ങി; സഭാസമ്മേളനം ബഹളമയമാകും

തിരുവനന്തപുരം: വിജിലന്‍സ് കോടതിയില്‍നിന്ന് ബാര്‍കോഴയില്‍ തിടുക്കത്തില്‍ തീരുമാനം ഉണ്ടാകാതിരുന്നതോടെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന ബജറ്റ് കെ.എം. മാണി അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. മാണിയുടെ രാജിക്ക് ശേഷം ധനവകുപ്പിന്‍െറ ചുമതലയുള്ള മുഖ്യമന്ത്രിതന്നെ ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത. അല്ളെങ്കില്‍ മറ്റൊരു മന്ത്രിയെ ബജറ്റ് അവതരണത്തിന് ഏല്‍പിക്കണം. അതിനും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യത കുറവാണ്.
ഫെബ്രുവരി അഞ്ചിനാണ് നിയമസഭാസമ്മേളനം ആരംഭിക്കുക. 12നാണ്  ബജറ്റവതരണം നിശ്ചയിക്കുന്നത്. അതിന് ആഴ്ചകള്‍ക്ക് മുമ്പുതന്നെ പ്രീബജറ്റ് ചര്‍ച്ചകള്‍ ആരംഭിക്കണം. വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങളും ആവശ്യങ്ങളും കേള്‍ക്കണം. ഈ നടപടികള്‍ നടത്തേണ്ട സമയം ഇതിനകം വൈകിയിരിക്കുകയാണ്. മാണിക്കെതിരെ തെളിവില്ളെന്ന് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ഫെബ്രുവരി 16ന് പരിഗണിക്കാനായി കോടതി മാറ്റി വെച്ചിരിക്കുകയാണ്. എത്രയും വേഗം പരിഗണിക്കണമെന്ന ആവശ്യം അഡീ. ഡയറക്ടര്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചുവെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. 12ന് ബജറ്റ് അവതരിപ്പിക്കേണ്ടിയിരിക്കെ 16ന് മാത്രമേ കേസ് കോടതിയില്‍ വരുകയുള്ളൂവെന്നതാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചത്. 16ന് പരിഗണിച്ചാല്‍തന്നെ അന്ന് തീരുമാനം എടുക്കണമെന്നുമില്ല. നിയമനടപടികള്‍ നീളുമെന്ന്  ഉറപ്പായിട്ടുണ്ട്.
മാണി രാജിവെച്ച സാഹചര്യം ഇല്ലാതായാല്‍ അദ്ദേഹം തിരിച്ചുവരുമെന്ന വിശ്വാസമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചത്. എന്നാല്‍, അദ്ദേഹം മന്ത്രിസഭയില്‍ മടങ്ങിയത്തെണമെന്നും തല്‍ക്കാലം വേണ്ടെന്നുമുള്ള രണ്ട് അഭിപ്രായം കേരള കോണ്‍ഗ്രസിലുണ്ട്. മാണിയെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗവും ആഗ്രഹിക്കുന്നു. മാണിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കുകയും ലാവലിന്‍ കേസ് വീണ്ടും സജീവമാവുകയും ചെയ്തിരിക്കെ നിയമസഭാ സമ്മേളനം ചൂടേറിയ വാദപ്രതിവാദത്തിന് വേദിയാകും. ബാര്‍കോഴ അടക്കമുള്ള ആരോപണങ്ങളും വീണ്ടും സജീവമാകും.  മൂന്നാഴ്ച ചേരുന്ന സമ്മേളനത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഏറെ അവസരമുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന രാഷ്ട്രീയ നേതാക്കള്‍ നടക്കുന്ന യാത്രകള്‍ക്കിടെയാണ് നിയമസഭ ചേരുന്നത്. യാത്രകളുടെ ചൂടും ചൂരും നിയമസഭയില്‍ പ്രതിഫലിക്കുകയും ചെയ്യും. സഭാ സമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ സംസ്ഥാനം തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുകയാണ്. നിയമസഭാ സമ്മേളനം തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാന്‍ ഇരുപക്ഷവും കിണഞ്ഞു ശ്രമിക്കും.
പല അംഗങ്ങള്‍ക്കും വീണ്ടും സഭയിലത്തൊന്‍ പ്രയാസമായിരിക്കും. അവരുടെ അവസാന സഭാ സമ്മേളനമായിരിക്കും വരാന്‍ പോകുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ളതായതിനാല്‍ ക്ഷേമ പദ്ധതികളില്‍ ഊന്നിയുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് ബജറ്റെങ്കിലും വിവിധ വിഭാഗങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യ പ്രഖ്യാപനങ്ങള്‍ നടത്താനാണ് സാധ്യത. പ്രഖ്യാപനങ്ങള്‍ തട്ടിപ്പാണെന്ന വാദം പ്രതിപക്ഷവും ഉയര്‍ത്തും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.