വേദികളൊരുങ്ങി, ഒരുക്കം പൂര്‍ണം

തിരുവനന്തപുരം: മലയാള കൗമാരത്തിന്‍െറ ഏഴുരാപ്പകല്‍ കലാപൂരത്തിന് ഒരുക്കം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ പതാക ഉയര്‍ത്തും. രാവിലെ പത്തു മുതല്‍ സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തിക്കുന്ന തൈക്കാട് ഗവ. മോഡല്‍ സ്കൂളില്‍ രജിസ്ട്രേഷന്‍ തുടങ്ങും.

14 ജില്ലകള്‍ക്കും വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചക്കുശേഷം രണ്ടിന് പാളയം ഗവ. സംസ്കൃത കോളജില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടത്തെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളില്‍ നടന്മാരായ മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ അതിഥികളായി എത്തും. 25ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

 മന്ത്രിമാര്‍ക്ക് പുറമെ നടന്മാരായ സുരാജ് വെഞ്ഞാറമൂട്, നിവിന്‍ പോളി എന്നിവര്‍ വിശിഷ്ടാതിഥികളാവും. ഉദ്ഘാടനം കഴിയുന്ന ഉടന്‍ ഒന്നാം വേദിയില്‍ ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരം നടക്കും. ആദ്യദിനം13 വേദികളിലാണ് മത്സരം നടക്കുന്നത്. നഗരത്തിലെ 13 സ്കൂളുകളിലാണ് കലോത്സവത്തിനത്തെുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്.

കലോത്സവവേദിയിലും താമസ സ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ട്. കലോത്സവം പൊതുജനങ്ങളില്‍ എത്തിക്കാന്‍ ഐ.ടി അറ്റ് സ്കൂളിന്‍െറ നേതൃത്വത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറുവര്‍ഷത്തെ ഇടവേളക്കുശേഷം തലസ്ഥാനത്ത് വീണ്ടുമത്തെുന്ന കലോത്സവത്തെ ജനകീയമേളയാക്കാനുള്ള ശ്രമങ്ങളിലാണ് സംഘാടകര്‍.

ഒരുക്കമെല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ വി.കെ. പ്രശാന്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ, എ.ഡി.പി.ഐ ജോണ്‍സ് വി. ജോണ്‍ എന്നിവരും പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.