സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ഏഴ് നാൾ നീളുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ കൊടിയേറി. രാവിലെ 9.30ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി എം.എസ്. ജയയാണ് കൊടി ഉയർത്തിയത്. സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തിക്കുന്ന തൈക്കാട് ഗവ. മോഡല്‍ സ്കൂളില്‍ രാവിലെ പത്തു മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങി. 14 ജില്ലകള്‍ക്കും വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചക്കുശേഷം രണ്ടിന് പാളയം ഗവ. സംസ്കൃത കോളജില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യും.

വൈകീട്ട് അഞ്ചിന് പ്രധാനവേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  56ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയാവും. വിവിധ ദിവസങ്ങളില്‍ നടന്മാരായ മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, സുരാജ് വെഞ്ഞാറമൂട്, നിവിന്‍ പോളി എന്നിവര്‍ അതിഥികളായി എത്തും. 25ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനം കഴിയുന്ന ഉടന്‍ ഒന്നാം വേദിയില്‍ ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരം നടക്കും. ആദ്യദിനം 13 വേദികളിലാണ് മത്സരം നടക്കുന്നത്. 232 ഇനങ്ങളില്‍ 12000ത്തോളം പ്രതിഭകള്‍ 19 വേദികളില്‍ മാറ്റുരക്കും. അപ്പീലുകളുടെ എണ്ണം കുറക്കാനുള്ള ശ്രമമായിരുന്നു ഇത്തവണ കലോത്സവത്തിന്‍റെ പ്രത്യേകത. നഗരത്തിലെ 13 സ്കൂളുകളിലാണ് കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.