സെപ്റ്റിക് ടാങ്കില്‍ വീണ തൊഴിലാളിയും രക്ഷിക്കാന്‍ ശ്രമിച്ച യുവാവും അമ്മയും മരിച്ചു

ചക്കരക്കല്ല് (കണ്ണൂര്‍): കക്കൂസ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയും ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച വീട്ടുകാരായ അമ്മയും മകനും മരിച്ചു. ചെമ്പിലോട് ചാത്തോത്ത് കുളത്തിന് സമീപം കൊടിവളപ്പില്‍ രഘൂത്തമന്‍െറ ഭാര്യ സതി (56), മകന്‍ രതീഷ്കുമാര്‍ (37), ജോലിക്കത്തെിയ മുണ്ടേരി ചാപ്പ സ്വദേശിയും വളപട്ടണം മായിച്ചാന്‍ കുന്നിലെ താമസക്കാരനുമായ കെ.പി. മുനീര്‍ (47) എന്നിവരാണ് ദാരുണമായി മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. മുനീറും മറ്റൊരു തൊഴിലാളിയും ചേര്‍ന്ന് രഘൂത്തമന്‍െറ വീട്ടിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മുനീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. കടുത്ത ദുര്‍ഗന്ധം വമിക്കുന്ന ടാങ്കില്‍നിന്ന് മുനീറിന്‍െറ ശബ്ദമൊന്നും കേള്‍ക്കാതിരുന്നതോടെ വീട്ടുടമയുടെ മകന്‍ രതീഷ്കുമാര്‍ ടാങ്കില്‍ ചാരിവെച്ച കോണിപ്പടിയില്‍ ഇറങ്ങിനിന്ന് മുനീറിനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ രതീഷും ടാങ്കില്‍ വീണു. ബഹളം കേട്ട് ഓടിയത്തെിയ അമ്മ രതീഷിന്‍െറ കൈപിടിച്ച് രക്ഷിക്കാന്‍ ശ്രമിക്കവെ ശ്വാസം മുട്ടലനുഭവപ്പെട്ട് അവരും ടാങ്കില്‍ വീഴുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളി പറഞ്ഞു.ഇയാള്‍ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്ല് പൊലീസത്തെി. തുടര്‍ന്ന് മട്ടന്നൂര്‍, കൂത്തുപറമ്പ് ഫയര്‍ഫോഴ്സ് യൂനിറ്റുകളത്തെി 6.30ഓടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സതിയുടെ ഭര്‍ത്താവ് രഘൂത്തമന്‍ ചക്കരക്കല്ലില്‍ മില്‍മ ബൂത്ത് ജീവനക്കാരനാണ്. മരിച്ച രതീഷ്കുമാറിന് പുറമെ ജിജേഷ് (ഗള്‍ഫ്), ജിഷ എന്നിവര്‍ മക്കളാണ്. പരേതനായ എടക്കാട് ഗോവിന്ദന്‍െറയും മൈഥിലിയുടെയും മകളാണ് സതി. സുരേന്ദ്രന്‍, സുനില, സവിത, സുജാത എന്നിവര്‍ സഹോദരങ്ങളാണ്.
കോയ്യോട് ഹസന്‍മുക്കില്‍ ടെയ്ലറിങ് ഷോപ്പ് നടത്തുകയാണ് രതീഷ്. ഭാര്യ: രസ്ന. മകള്‍: ദിയ.
ഉമ്മര്‍-ഫാത്തിബി ദമ്പതികളുടെ മകനാണ് മുനീര്‍. ഭാര്യ: നഫീസ. മക്കള്‍: മുനവ്വിര്‍ (ഓട്ടോ ഡ്രൈവര്‍, കണ്ണൂര്‍), മുഹ്സിന. സഹോദരങ്ങള്‍: അസ്മ, റസീന, ജമാല്‍, നസീര്‍, മുസമ്മില്‍.
സതിയുടെയും രതീഷ്കുമാറിന്‍െറയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചെമ്പിലോട് ശ്മശാനത്തില്‍ ബുധനാഴ്ച ഉച്ചയോടെ സംസ്കരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.