പുത്തരിക്കണ്ടത്തിനുത്സവമായി...

 

തിരുവനന്തപുരം: എല്ലാ വഴികളും ചെന്നത്തെിയത് കലയുടെ പുത്തരിക്കണ്ടത്തേക്കായിരുന്നു. ആ ഘോഷയാത്ര വെറുമൊരു മകരക്കാഴ്ചയായിരുന്നില്ല, മറിച്ച് കേരളത്തിന്‍െറ വിടരുന്ന മൊട്ടുകള്‍ക്കുള്ള സ്വാഗതം പറച്ചിലായി മാറി. ഇനിയുള്ള ഒരാഴ്ച അധികാര നഗരം കലക്കും സാഹിത്യത്തിനും വഴിമാറും. സംസ്കൃത കോളജില്‍നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് എത്തിയതോടെ, ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉത്സവത്തിരി കത്തിച്ചത്.
തലസ്ഥാനത്തെ 35 സ്കൂളുകളില്‍നിന്നുള്ള 10,000ത്തോളം കുട്ടികളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. 56ാമത് മേളക്ക് 56 എന്ന അക്കം കേന്ദ്രീകരിച്ചുള്ള ദൃശ്യാവിഷ്കാരങ്ങളും നിശ്ചലദൃശ്യങ്ങളുമായിരുന്നു അണിനിരന്നത്. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മോട്ടോര്‍ സ്പോര്‍ട്സ് വനിതാ ഡ്രൈവറായ ആതിര മുരളിയുടെ സാഹസിക പ്രകടനമായിരുന്നു  ഏറ്റവും മുന്നില്‍. മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, വി.എസ്. ശിവകുമാര്‍, എം.എല്‍.എമാര്‍, സാംസ്കാരിക നായകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
  56 പേര്‍ അണിനിരന്ന മോട്ടോര്‍ ബൈക്കുകളുടെ സാഹസിക പ്രകടനം, 56 മുത്തുക്കുടകള്‍ ചൂടിയ വിദ്യാര്‍ഥിനികള്‍, സൈക്ളിങ്, റോളര്‍ സ്കേറ്റിങ്, അശ്വാരൂഢസേന, ബാന്‍ഡ് മേളം, എന്‍.സി.സി, എസ്.പി.സി, സ്കൗട്ട്സ്, ഗൈഡ്സ്, കേരളത്തിന്‍െറ തനത് കലാരൂപങ്ങള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഫ്ളോട്ടുകള്‍ എന്നിവയടക്കം 22  ഫ്ളോട്ടുകളാണ് അണിനിരന്നത്. ശുചിത്വമിഷന്‍െറ ഫ്ളോട്ടിന് പുറമേ മാലിന്യമുക്ത നഗരി, ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസം എന്നീ സന്ദേശങ്ങളടങ്ങിയ ഫ്ളോട്ടുകളുമുണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങിനുശേഷം,13 വേദികളില്‍ കലാമത്സരം ആരംഭിച്ചു. ഒന്നാം വേദിയായ പുത്തരിക്കണ്ടം മൈതാനത്ത് മോഹിനിയാട്ടം, പൂജപ്പുര മൈതാനത്ത് തിരുവാതിര, വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ കുച്ചിപ്പുടി, വി.ജെ.ടി ഹാളില്‍ ഭരതനാട്യം, സെന്‍റ് ജോസഫ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മൂകാഭിനയം, കോട്ടണ്‍ഹില്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ പഞ്ചവാദ്യം, കോട്ടണ്‍ഹില്‍ എല്‍.പി.എസ് ഓഡിറ്റോറിയത്തില്‍ ഓട്ടന്‍തുള്ളല്‍, തൈക്കാട് മോഡല്‍ എച്ച്.എസ്.എല്‍.പി.എസ് ഓഡിറ്റോറിയത്തില്‍ കഥകളി, ഹോളി ഏയ്ഞ്ചല്‍സ്  ഓഡിറ്റോറിയത്തില്‍ ഓടക്കുഴല്‍ എന്നിവ ആരംഭിക്കും. എസ്.എം.വി എച്ച്.എസ്.എസില്‍ അറബിക് കലോത്സവത്തില്‍ മോണോആക്ടും മണക്കാട് ജി.എച്ച്.എസ്.എസില്‍ സംസ്കൃതോത്സവത്തില്‍ ചമ്പുപ്രഭാഷണവും നടക്കും. ഇനി, കൗമാരകേരളത്തിന്‍െറ ഉത്സവം.....അതിന് കാതോര്‍ത്ത്, കണ്ണ് തുറന്ന് കാത്തിരിക്കാം.....

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.