ലോഗോയില്‍ കപ്പടിച്ച് ശശികല

അമ്പത്താറാമത് സംസ്ഥാന സ്കൂള്‍ കലോത്സവ ലോഗോയുടെ ശില്‍പി കണ്ണൂര്‍ താവക്കര സ്വദേശി വി.പി. ശശിധരനെന്ന ആര്‍ട്ടിസ്റ്റ് ശശികലയാണ്.  സ്കൂള്‍ കലോത്സവചരിത്രത്തില്‍ മൂന്നാം തവണയാണ് ശശികല തയാറാക്കിയ ലോഗോ തെരഞ്ഞെടുക്കപ്പെടുന്നത്. ഇങ്ങ് തെക്ക് മേള കൊടിയേറുമ്പോള്‍ വടക്കുള്ള ശശികല എന്ന കലാകാരനെക്കുറിച്ച് ചില വിശേഷങ്ങള്‍...

ശശികല എന്ന ആണ്‍കുട്ടി
പിതാവ് കുഞ്ഞാപ്പയുടെ ചുവടുപിടിച്ചാണ് ശശിധരന്‍ ശില്‍പകലയിലേക്ക് തിരിഞ്ഞത്.  സ്കൂള്‍, കോളജ് കാലഘട്ടങ്ങളില്‍ ചിത്രരചനയിലും ശില്‍പനിര്‍മാണത്തിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ശശിധരന്‍ 1977-1982 കാലഘട്ടത്തില്‍ കോഴിക്കോട് സര്‍വകലാശാല കലോത്സവങ്ങളിലെ കലാപ്രതിഭ ആയിരുന്നു. ഡിഗ്രി പഠനശേഷം കണ്ണൂര്‍ സബ് ജയിലിന് സമീപം ‘ശശികല ആര്‍ട്സ്’ തുടങ്ങി. ഇതാണ് ശശിധരന്‍െറ ജീവിതത്തെ മാറ്റിമറിച്ചത്. തന്‍െറ വര്‍ക്കുകള്‍ക്ക് താഴെ ശശികല ആര്‍ട്സ് എന്ന് നല്‍കിയതോടെ പതിയെ ശശിധരനെ ആളുകള്‍ മറന്നു.  ഇപ്പോള്‍ യാഥാര്‍ഥ പേര് ചോദിക്കുമ്പോള്‍ ഇദ്ദേഹത്തിനുതന്നെ ആലോചിക്കേണ്ട അവസ്ഥയാണ്. ഇതിനിടയില്‍ കൂത്തുപറമ്പ് സ്വദേശി കല ജീവിതത്തിലേക്ക് വന്നതും വിധിയുടെ മറ്റൊരു കളി.

ലോഗോയുടെ തച്ചന്‍
അതാത് പ്രദേശങ്ങളുടെ ചരിത്രപരവും സംസ്കാരികവുമായ കാര്യങ്ങള്‍ പഠിച്ച് സ്വന്തം ആശയങ്ങള്‍ കൂടി ചേര്‍ത്താണ് ശശികലയുടെ ലോഗോ രചന. തിരുവല്ലയില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായികമേള, സംസ്ഥാന സര്‍ക്കാറിന്‍െറ വയോജനനയം, സംസ്ഥാന കേരളോത്സവം, കേരള സാക്ഷരതാമിഷന്‍, ശിവഗിരി തീര്‍ഥാടന പ്ളാറ്റിനം ജൂബിലി, 2014ല്‍ നടന്ന സംസ്ഥാന ശാസ്ത്രോത്സവം തുടങ്ങി ചെറുതും വലുതുമായ 1500ഓളം ലോഗോകള്‍ ഇതിനകം തയാറാക്കിയിട്ടുണ്ട്. കോഴിക്കോട്ട് നടന്ന സുവര്‍ണ ജൂബിലി കലോത്സവ ലോഗോ ശശികലയുടെ വിരലുകളില്‍നിന്ന് വിടര്‍ന്നതായിരുന്നു. കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ ലോഗോയും ശശികലയുടേതുതന്നെ.

മുന്‍ കലോത്സവ ലോഗോകളില്‍ സ്വര്‍ണക്കപ്പിന് പ്രാധാന്യം നല്‍കിയിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ ലോഗോയില്‍ കപ്പിന് സ്ഥാനം നല്‍കിയത്. അനന്തപത്മനാഭനെ സൂചിപ്പിക്കാന്‍ കപ്പിന് ഇരുവശവുമായി താമര ഇതളുകളും കലോത്സവത്തിന്‍െറ വര്‍ണശബളതയെ ഓര്‍മിപ്പിക്കാന്‍ വിവിധ നിറക്കൂട്ടുകളും നല്‍കി.  കപ്പിന് മുകളിലായി സെക്രട്ടേറിയറ്റിനും സ്ഥാനം നല്‍കി. ഒപ്പം കലയുടെ ഉത്സവത്തെ സൂചിപ്പിക്കാന്‍ നര്‍ത്തകികളും പേനയും ഓടക്കുഴലും കളര്‍ ബ്രഷുകളും ചേര്‍ത്തു.

ശശികല സിനിമയിലും ഒരുകൈ നോക്കിയിട്ടുണ്ട്. 1985ല്‍ മമ്മൂട്ടിയും നസീറും സീമയും കേന്ദ്രകഥാപാത്രങ്ങളായ, എ.ടി. അബു സംവിധാനം ചെയ്ത ‘മാന്യ മഹാജനങ്ങളേ’യായിരുന്നു അത്. ചിത്രത്തിലെ കലാ സംവിധായകനായിരുന്ന ശശികലയുടെ അഭിനയമോഹം കണ്ടാണ് സംവിധായകന്‍ അവസരം ന ല്‍കിയത്. ഡോക്യുമെന്‍ററി കലാസംവിധായകനായിട്ടുണ്ട്.  2011 സെപ്റ്റംബര്‍ 11ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ 28 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ അത്തപ്പൂക്കളത്തിന്‍െറ ശില്‍പിയും ശശികലയായിരുന്നു. ഈ പൂക്കളം ഗിന്നസ് ബുക്കിലും ലിംക ബുക് ഓഫ് റെക്കോഡിലും ഇടംനേടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.