ചികിത്സ വൈകി; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു


വണ്ടിപ്പെരിയാര്‍: ചികിത്സ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാര്‍ മഞ്ചുമല എസ്റ്റേറ്റില്‍ രണ്ടാഴ്ച മുമ്പ് ജോലിക്കത്തെിയ അസം സ്വദേശി സിദ്ദീഖ് അലിയാണ് (50) ബുധനാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.
ഞായറാഴ്ച കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഒരു മണിക്കൂറിനുശേഷം വണ്ടിപ്പെരിയാറിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
അസം സ്വദേശികളായ നൂറോളം കുടുംബങ്ങളാണ് പെരിയാര്‍ തേയിലത്തോട്ടം മേഖലയില്‍ ജോലിചെയ്യുന്നത്. പോബ്സണ്‍ എന്‍റര്‍പ്രൈസസ് മഞ്ചുമല ഡിവിഷനില്‍ സിദ്ദീഖ് അലിയുടെ മകന്‍ സൈഫുല്‍ ഇസ്ലാം തൊഴിലാളിയായിരുന്നു. ഇദ്ദേഹത്തോടൊപ്പമാണ് സിദ്ദീഖ്അലിയും രണ്ടാഴ്ച മുമ്പ് ജോലിക്ക് എത്തിയത്.
മൃതദേഹം വണ്ടിപ്പെരിയാര്‍ മസ്ജിദ് നൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഉനൂബ. മക്കള്‍: സൈഫുല്‍ ഇസ്ലാം, സഹന്നര, ഷഹനാസ്, ഷജിന.
കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മറ്റ് ആനുകൂല്യം നല്‍കാന്‍ എസ്റ്റേറ്റ് അധികൃതര്‍ തയാറല്ല. ചികിത്സാ സൗകര്യങ്ങള്‍ക്കായി ഡിസ്പെന്‍സറി പേരിന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരു നഴ്സ് മാത്രമാണ് ജോലിക്കുള്ളത്. ഇതിനാല്‍ രോഗം ബാധിച്ചവര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ചികിത്സ തേടുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് കഴിഞ്ഞ ദിവസം മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.