നിസാമിന് പിന്നാലെ ഭാര്യക്കും കുരുക്ക്

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിന്‍െറ ഭാര്യ അമലും കുടുങ്ങുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന അമല്‍ കൂറുമാറിയതിന് കേസെടുക്കാനും തുടര്‍ നടപടികളിലേക്ക് കടക്കാനും വിധിയില്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടതാണ് അമലിന് കുരുക്കാവുന്നത്. അമല്‍ കൂറുമാറുമെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമായിരുന്നുവെന്നും പ്രതിയാക്കേണ്ടതിനു പകരം കേസില്‍ സാക്ഷിയാക്കിയെന്നും പ്രോസിക്യൂഷനെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. നിസാമിനെ കുടുക്കാന്‍ അമലിന്‍െറ സാക്ഷിമൊഴി കരുത്താകുമെന്ന മറുവാദവും കോടതിയില്‍ സാക്ഷിമൊഴി മാറ്റി പറഞ്ഞാലും അമലിന് ഒന്നും സംഭവിക്കില്ളെന്ന വിലയിരുത്തലും ഉണ്ടായി.

എന്നാല്‍, കള്ളസാക്ഷിക്ക് എതിരെ പ്രോസിക്യൂഷന്‍ നിലപാട് കടുപ്പിച്ചതാണ് അമലിന് കുരുക്കായത്. മജിസ്ട്രേറ്റിന് മുന്നില്‍ ചന്ദ്രബോസിനെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രഹസ്യ മൊഴിയായി നല്‍കിയ അമല്‍, വിചാരണ കോടതിയില്‍ നിസാമിന് അനുകൂലമായി മൊഴി നല്‍കി. കേസിലെ സാക്ഷികാളാരും കൂറുമാറാതെ വന്നതാണ് അമലിനെ വെട്ടിലാക്കിയത്. അമലിനെതിരെ ക്രിമിനല്‍ നടപടി തുടങ്ങാനാണ് കോടതിയുടെ നിര്‍ദേശം. സാധാരണഗതിയില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ മന$പൂര്‍വം കള്ളം പറഞ്ഞെന്ന കുറ്റമാകും അമലിനെതിരെ ചുമത്തുക.

ഐ.പി.സി 193 പ്രകാരമുള്ള ഈ കുറ്റം പരമാവധി ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ്. കോടതി ആവശ്യപ്പെട്ടിട്ടും രണ്ടുദിവസം വിചാരണക്ക് അമല്‍ ഹാജരായിരുന്നില്ല. കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് എത്തിയത്. അന്ന് രഹസ്യ വിചാരണ വേണമെന്ന് അമല്‍ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്‍ ഈ ആവശ്യം എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചു. അടച്ചിട്ട മുറിയിലായിരുന്നു വിസ്താരം. ചന്ദ്രബോസിന്‍െറയും നിസാമിന്‍െറയും അടുത്ത ബന്ധുക്കളും അന്വേഷണ ഉദ്യോഗസ്ഥരും മാത്രമാണ് കോടതി മുറിയില്‍ ഉണ്ടായിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.