അഴിമതിയും സ്വജനപക്ഷപാതവും വരുമാനത്തെ പ്രതികൂലമായി ബാധിച്ചെന്ന് ധവളപത്രം

തിരുവനന്തപുരം: മുന്‍ സര്‍ക്കാറിന്‍െറ നികുതിഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും സംസ്ഥാനത്തിന്‍െറ വരുമാനത്തിനെ പ്രതികൂലമായി ബാധിച്ചെന്ന് ധവളപത്രത്തില്‍ കുറ്റപ്പെടുത്തല്‍. സര്‍ക്കാറിലെ ഐക്യമില്ലായ്മയും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാതിരുന്നത് ഇതിന് വല്ലാതെ ശക്തി പകര്‍ന്നിട്ടുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.

വരുമാന വര്‍ധനക്കാവശ്യമായ അച്ചടക്കം ഇല്ലാതായതും ഭരണനിര്‍വഹണത്തില്‍ വേണ്ടത്ര ഊര്‍ജസ്വലത ഇല്ലാഞ്ഞതും വരുമാന ഇടിവിന് വഴിയൊരുക്കി. അച്ചടക്കരാഹിത്യം വിവിധ വകുപ്പുകളിലെ നികുതി ഭരണ സംവിധാനത്തെ സാരമായി ബാധിച്ചു. നികുതിപിരിവിന് വേണ്ട സാങ്കേതികവിദ്യ പരിഷ്കരിച്ചില്ല. 2009 മുതല്‍ 11 വരെ ബജറ്റ് നിര്‍ദേശത്തിന്‍െറ 109 ശതമാനം വരെ നികുതിപിരിച്ചപ്പോള്‍ 2014 മുതല്‍ 16 വരെ അത് 87 മുതല്‍ 90 ശതമാനം വരെയായി ചുരുങ്ങി. നികുതി കുടിശ്ശികക്ക് 2013ല്‍ നല്‍കിയ സ്റ്റേ 53 കോടിയില്‍നിന്ന് 250 കോടിയായി ഉയര്‍ന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ഇത് പിരിച്ചെടുക്കാന്‍ നടപടി ആലോചിച്ചത്. 2015 മാര്‍ച്ച് 31വരെ നികുതിക്ക് നല്‍കിയ സ്റ്റേ 1290.61 കോടിക്കാണ്. ഈ സമയത്താണ് കഴിഞ്ഞ ദശകത്തില്‍ സര്‍ക്കാര്‍ ആദ്യമായി ഓവര്‍ഡ്രാഫ്റ്റിലേക്ക് പോയത്. എന്നിട്ടുപോലും സ്റ്റേകള്‍ നിയന്ത്രിച്ചില്ല. 2016 മാര്‍ച്ച് ആയപ്പോള്‍ ഇത് 1667.38 കോടിയായി ഉയര്‍ന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തമില്ലായ്മയാണ് ഇത് വെളിവാക്കുന്നത്. സ്റ്റേകള്‍ക്ക് നിയന്ത്രണം വേണമെന്ന ധനവകുപ്പിന്‍െറ നിര്‍ദേശം പാലിച്ചില്ല. 2014-15ല്‍ ആകെയുണ്ടായിരുന്ന നികുതി കുടിശ്ശിക 13,019.81 കോടിയായിരുന്നു. ഇതില്‍ 60 ശതമാനവും അധികം തര്‍ക്കങ്ങള്‍ ഇല്ലാത്തവയായിരുന്നു. സര്‍ക്കാര്‍ മനസ്സ് വെച്ചിരുന്നെങ്കില്‍ ഇവയില്‍ പലതും പിരിച്ചെടുക്കാമായിരുന്നു.

നികുതിപിരിവ് സംവിധാനം ആകെ കുഴഞ്ഞുമറിഞ്ഞു. നികുതിപിരിവ് ഊര്‍ജിതമാക്കാന്‍ വകുപ്പുകളെ കരുത്തുറ്റതായി മാറ്റുന്നതില്‍ പരാജയപ്പെട്ടു. ട്രഷറി ഫണ്ടില്ലാതെ കൂപ്പുകുത്തുകയും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയും ചെയ്തപ്പോള്‍ പോലും ബജറ്റ് പ്രഖ്യാപനങ്ങളിലൂടെപോലും നികുതിയിളവ് പലര്‍ക്കും നല്‍കിയെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കേന്ദ്രത്തില്‍നിന്ന് നികുതിയിനത്തിലും ഗ്രാന്‍റായും ലഭിച്ചിരുന്ന തുകയില്‍ വന്‍ വര്‍ധനയുണ്ടായെങ്കിലും സംസ്ഥാനത്തിന്‍െറ തനത് വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. കേന്ദ്ര നികുതിവിഹിതം, ഗ്രാന്‍റ് എന്നിവ 2006ല്‍ 30 ശതമാനമായിരുന്നത് 2016ല്‍ 32 ശതമാനമായി ഉയര്‍ന്നിരുന്നു. വാണിജ്യ നികുതി പിരിച്ചെടുക്കുന്നതിലെ വീഴ്ചയാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണമാകുന്നത്. 2006-11ലെ വളര്‍ച്ച മുതലെടുത്ത് കഴിഞ്ഞ സര്‍ക്കാറിന്‍െറ ആദ്യരണ്ടുവര്‍ഷം കുഴപ്പമില്ലാതെ കടന്നുപോയെങ്കിലും പിന്നീട് എല്ലാം തകരുകയായിരുന്നെന്നും ധവളപത്രം പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.