കൊച്ചി: മാലിന്യം കുമിഞ്ഞുകൂടുന്ന ദുരവസ്ഥ കേരളത്തിന് അപമാനകരമെന്ന് ഹൈകോടതി. ലോകത്തൊരു നഗരവും കേരളത്തിന്റെ തലസ്ഥാനംപോലെയാവില്ലെന്നും തലസ്ഥാന നഗരത്തിന്റെ സ്ഥിതി ഏറ്റവും മോശമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിമർശിച്ചു. തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം വൃത്തിയാക്കാനിറങ്ങിയ ജോയി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.
സർക്കാരിന്റെ മൂക്കിനുതാഴെയാണ് ഇതൊക്കെ നടക്കുന്നത്. സമ്പന്നമല്ലെങ്കിലും അയൽരാജ്യമായ ശ്രീലങ്ക ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ ശ്ലാഘനീയമാണ്. ഇതെന്താണെന്ന് ഉദ്യോഗസ്ഥർ ഒരിക്കലെങ്കിലും അവിടം സന്ദർശിച്ച് മനസ്സിലാക്കണം. അമിക്കസ്ക്യൂറിയുടെ നിർദേശങ്ങൾ പ്രധാനമാണ്. ഇതിലോരോന്നിലും സർക്കാർ സ്വീകരിച്ച നടപടി നിരീക്ഷിക്കും. സർക്കാരിന്റെ കർമപരിപാടികൾ അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിശദീകരിച്ചു. അനധികൃതമായി മാലിന്യം നീക്കുന്നവർ തിരുവനന്തപുരത്തുണ്ടെന്ന് അവർ പറഞ്ഞു. വിലപിടിപ്പുള്ളവ വേർതിരിച്ചെടുത്തശേഷം മാലിന്യം തോടുകളിലും മറ്റും ഇവർ ഉപേക്ഷിക്കുന്നു. ഇവർക്കെതിരെയും മാലിന്യം കൈമാറുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നും അറിയിച്ചു.
ആമയിഴഞ്ചാൻ തോട് പൂർണമായും വൃത്തിയാക്കാനുള്ള പദ്ധതി തയാറാക്കിവരുകയാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. റെയിൽവേയുടെ ഭാഗത്തെ മാലിന്യം നീക്കണമെങ്കിൽ യന്ത്രസഹായം വേണം. ആഗസ്റ്റ് അവസാനത്തോടെ റെയിൽവേയുടെ കീഴിലുള്ള കനാലുകളുടെയടക്കം ശുചീകരണം പൂർത്തിയാകും. റെയിൽവേയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഇതെല്ലാം എപ്പോൾ നടപ്പാകുമെന്ന് കോടതി ആരാഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ട്രെയിനുകളിൽനിന്ന് ട്രാക്കിലേക്കടക്കം തള്ളുന്നുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. പരിസരവാസികളായ ജനങ്ങളും തള്ളുന്നുണ്ടെന്നായിരുന്നു റെയിൽവേയുടെ വാദം. മാലിന്യനിക്ഷേപം എങ്ങനെ തടയാനാവുമെന്നും കോടതി ചോദിച്ചു. ഇതിനുള്ള കർമ പരിപാടികൾ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.