അത്തറിന്‍റെ മണമുള്ള നോമ്പ്


ഉമ്മ ഖുര്‍ആന്‍ ക്ളാസ് എടുക്കുമായിരുന്നു. തറവാട്ടിലെ കോലായിലെ വലിയ തിണ്ണയാണ് ക്ളാസ് റൂം. ബെഞ്ചിനു പകരം പുല്‍പായയായിരുന്നു ഇരിപ്പിടം. പെണ്‍കുട്ടികളായിരുന്നു പഠിക്കാന്‍ വരുന്നവര്‍. ആ കൂട്ടത്തില്‍ ഞാനും ഉണ്ടാകും. അറബി മലയാള പുസ്തകങ്ങള്‍ എമ്പാടും ഉമ്മയുടെ ശേഖരത്തില്‍ ഉണ്ടായിരുന്നു. മൊയ്തീന്‍ മാലപ്പാട്ടും ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാലും ആദ്യം കേട്ടത് ഉമ്മയുടെ മൊഴിയില്‍നിന്നായിരുന്നു. മനോഹരമായ ശബ്ദത്തില്‍ ഖുര്‍ആന്‍ ഓതുന്നതും അതിന്‍െറ മഅന (അര്‍ഥം) പറഞ്ഞുതരുന്നതും ശ്രദ്ധാപൂര്‍വം കേട്ടിരിക്കും.

പകലിലെ പഠനം കഴിഞ്ഞാല്‍ വൈകീട്ട് കളിക്കാന്‍ വിടും. എന്നാല്‍, മഗ്രിബ് ബാങ്കൊലി കേള്‍ക്കുന്നതിനുമുമ്പായി വീട്ടില്‍ തിരിച്ചത്തെി കിണറ്റിന്‍കരയില്‍ ചെമ്പില്‍ കോരിവെച്ചവെള്ളമെടുത്ത് കുളിക്കണം. പിന്നെ, അകത്തളത്തില്‍ തൂക്കിയിട്ട വലിയ തൂക്കുവിളക്കിന് താഴെയിരുന്ന്് യാസീന്‍ ഓതണം. കിത്താബ് നോക്കാതെ ഓതുന്നവര്‍ക്ക് ഉമ്മ സമ്മാനം നല്‍കും. ആ സമ്മാനം നല്ല കഥ പറഞ്ഞുതരലായിരിക്കും. മിക്ക ദിവസവും ഞാനാണ് ജയിക്കുക. കാരണം, കഥ കേള്‍ക്കാന്‍ യാസീന്‍ മനപ്പാഠമാക്കും.

ഉമ്മയുടെ നമസ്കാര കുപ്പായത്തിന് നല്ല സുഗന്ധമാണ്. ജന്നത്തുല്‍ ഫിര്‍ദൗസ് എന്ന അത്തറാണ് ഉപയോഗിക്കുക. കണ്ണില്‍ ഖോജാത്തി സുറുമയും ഇടും. വെളുവെളുത്ത ഉമ്മയുടെ കണ്ണുകള്‍ ഇളം നീലയാണ്. സുറുമ ഇടുമ്പോള്‍ കൃഷ്ണമണികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതായി തോന്നും. അതോടൊപ്പം പ്രകാശവും.

വര: വി.ആര്‍. രാഗേഷ്
 


ഉമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മമാണ് ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കല്‍. ഉണ്ടാക്കിയ നൂല്‍ ഖാദി സംഘത്തില്‍ കൊണ്ടുപോയി തുണിവാങ്ങും. ആ തുണികൊണ്ട് ഉമ്മതന്നെ തുന്നി കുപ്പായം ഉണ്ടാക്കും. അതാണ് സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. സന്തോഷം വരുമ്പോഴും സന്താപം വരുമ്പോഴും ഉമ്മ അഭയം കണ്ടത്തെുന്നത് ചര്‍ക്കയിലാണ്. ആത്മസംഘര്‍ഷം കൂടുമ്പോള്‍ ചര്‍ക്കയില്‍ നൂലില്ളെങ്കിലും കറക്കിക്കൊണ്ടിരിക്കും. അന്നേരം ഉമ്മയുടെ മുഖം ചെമ്പരത്തിപോലെ ചുവന്നിരിക്കും.

ഉമ്മ സദാ പറയുന്ന വര്‍ത്തമാനം ഇങ്ങനെയാണ്. ‘സ്വര്‍ഗം മോഹിച്ച് ആരും നിസ്കരിക്കണ്ട. നരകം പേടിച്ചും ആരും നിസ്കരിക്കേണ്ട. ഇത് രണ്ടും ഉണ്ടാക്കാന്‍ ഏല്‍പിച്ചിരിക്കുന്നത് മനുഷ്യരെതന്നെയാണ്. അല്ലാഹു തആലക്ക് ആ പണിയൊന്നുമില്ല. നിങ്ങള്‍ക്ക് എന്താ വേണ്ടേച്ചാല്‍ ദുനിയാവില്‍നിന്ന് അതുണ്ടാക്കണം’.
ഈ വചനം ആരു പറഞ്ഞതാണെന്ന് ഉമ്മ പറഞ്ഞിട്ടില്ല. ഞങ്ങള്‍ കുട്ടികള്‍ ചോദിച്ചിട്ടുമില്ല. പക്ഷേ, പില്‍കാലത്ത് ഇറാഖിലെ സൂഫി വനിത റാബിഅ ഇതുപോലെ പറഞ്ഞതായി വായിച്ചിട്ടുണ്ട്.

‘അല്ലാഹുവേ ഞാന്‍ നിന്നെ പ്രണയിക്കുന്നത് നിന്‍െറ സ്വര്‍ഗം മോഹിച്ചാണെങ്കില്‍ ആ സ്വര്‍ഗം നീ അറിഞ്ഞ് നിഷേധിക്കേണമേ...
അല്ലാഹുവേ നിന്‍െറ നരകത്തെ പേടിച്ചിട്ടാണ് ഞാന്‍ നിന്നെ പ്രണയിക്കുന്നതെങ്കില്‍ ആ നരകത്തില്‍ എന്നെ ചുട്ട് ചാമ്പലാക്കേണമേ....’
ഒരു പക്ഷേ, ഈ ആശയമായിരിക്കും ഉമ്മയുടെ ചിന്തയില്‍ ഉണ്ടായിരുന്നത്. കാരണം, റാബിഅ ജീവിച്ചിരുന്നത് പണ്ടു പണ്ടാണ്.
12 വയസ്സുവരെ ഉമ്മയോടൊപ്പമാണ് കിടന്നുറങ്ങിയത്. ഉമ്മയുടെ തലോടല്‍ ഏറ്റുവാങ്ങിയും കഥകള്‍ കേട്ടും.

വളരെ ചെറുപ്പത്തില്‍തന്നെ നോമ്പെടുക്കാന്‍ ഉമ്മ ശീലിപ്പിച്ചിരുന്നു. ഉമ്മയുടെ അത്തറിന്‍െറ സുഗന്ധം നോമ്പിനും ഉണ്ടായിരുന്നു. പകലത്തെ വിശപ്പും ദാഹവും മഗ്രിബിന്‍െറ സൗഭാഗ്യത്തില്‍ വിസ്മരിച്ചുപോകും. അത്താഴത്തിന് വിഭവസമൃദ്ധമായ ഭക്ഷണമൊന്നും ഉണ്ടാവില്ല. എന്നാല്‍, നോമ്പുതുറക്കുന്നത് പകലിനോട് വൈരാഗ്യം തീര്‍ക്കുമ്പോലെയായിരുന്നു.

ബാങ്കൊളി കേട്ടയുടനെ കാരക്കയും ജ്യൂസും പിന്നെ ചെറു ചെറു പലഹാരങ്ങളും കഴിക്കും. മഗ്രിബ് നമസ്കാരം കഴിഞ്ഞ് സുപ്രയില്‍ വട്ടമിട്ടിരിക്കും. വലിയ തളികയില്‍ അരിപ്പത്തിരിയും ഇറച്ചിയും കരിച്ചതും പൊരിച്ചതും എന്നുവേണ്ട സര്‍വ കുലാബിയും കാണും. എല്ലാം കഴിച്ച് ഏമ്പക്കവുമിട്ട് ഒരു വിശ്രമം. പിന്നെ, ഇശാ നമസ്കാരവും തറാവീഹ് നമസ്കാരവും കഴിഞ്ഞ് വീട്ടിലത്തെിയാല്‍ മുത്താഴം. ഉഴുന്നു പരിപ്പും അരിയും തേങ്ങാവെള്ളവും ചേര്‍ത്ത് പുളിപ്പിച്ച മാവ് ആവിയില്‍ വേവിക്കുന്നു. പിന്നീട്, തേങ്ങാപ്പാലും ചെറു പഴവും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കിയ ദ്രാവകത്തില്‍ ഇത്തിരി നനയാന്‍ വെച്ച് ആവേശത്തോടെ തിന്നുന്നു. പിന്നെയാണ് അത്താഴം.

എന്‍െറ നാട്ടില്‍ വയള്(പ്രഭാഷണം)പറയന്‍ മൗലവി വന്നു. അദ്ദേഹം വയള് പറഞ്ഞത് ഇങ്ങനെയായിരുന്നു.
‘പണ്ടൊക്കെ നോമ്പ് തുറന്നത് രണ്ടു കാരക്കയും ഒരു ഗ്ളാസ് വെള്ളവും കൊണ്ടായിരുന്നു. എന്നാല്‍, ഇന്നോ?’ അമിതമായി ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി അദ്ദേഹം വിമര്‍ശിക്കുകയായിരുന്നു. വയള് പറയാന്‍ വന്ന മൗലവിക്ക് മഹല്ലിലെ വീട്ടിലായിരുന്നു നോമ്പുതുറ. ഭാഗ്യക്കേടിന് വീട്ടുടമ വയള് കേട്ടിരുന്നു.
മൗലവി വിസ്തരിച്ച് കൈകഴുകി സുപ്രക്കരികെയിരുന്നു. വീട്ടുടമ രണ്ടു കാരക്കയും ഗ്ളാസ് വെള്ളവും അരികെ വെച്ചു. മൗലവി വീട്ടുടമയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

‘എന്തേയ് ഈ നേരത്ത് കാരക്കയും വെള്ളോം?’ -വീട്ടുടമ വിനയത്തോടെ പറഞ്ഞു.
മൗലവിയുടെ വയള് ഞാന്‍ കേട്ടിരുന്നു. രണ്ടു കാരക്കയും ഒരു ഗ്ളാസ് വെള്ളോം മതിയെന്നല്ളേ പറഞ്ഞത്. ഞമ്മളായിട്ട് മുറ തെറ്റിക്കാന്‍ പാടില്ലല്ളോ...
മൗലവി സുപ്രക്കരികില്‍നിന്നെഴുന്നേറ്റ് പൊട്ടിച്ചിരിച്ചു. ഭ്രാന്തമായ ചിരി. സംഗതി പിടികിട്ടാതെ വീട്ടുകാര്‍ അന്തംവിട്ടുനിന്നു. മൗലവി ചിരിച്ചുമണ്ണുകപ്പി തളര്‍ന്നിരുന്നു. പിന്നീട് വീട്ടുകാരോട് അദ്ദേഹം ചോദിച്ചു.

ഇങ്ങള് ഇത്രത്തോളം പോയത്തക്കാരനാ... വയള് കേള്‍ക്കുന്നത് എന്തിനാ? വിവരം ഉണ്ടാകാന്‍. ഞമ്മള് എത്ര വയള് പറഞ്ഞാലും ഈടത്തെ മനുസേന്‍മാര് നന്നാവൂല. എന്നാ കേട്ടോള്‍ണ്ടീ. ഞമ്മള് പറഞ്ഞത് പണ്ടുള്ളോര് നോമ്പ് തുറന്നത് രണ്ടു കാരക്കയും ഒരു ഗ്ളാസ് വെള്ളോം കൊണ്ടാണെന്നല്ളേ... ഞമ്മള് പറഞ്ഞത് നേരാന്ന്. എന്നാ ഇതും കൂടി കേട്ടോള്‍ണ്ടി. അക്കാലത്തെ കാരക്കക്ക് രണ്ടു ബരിക്കച്ചക്കേന്‍െറ വലിപ്പാണ്. തിന്നാലും തിന്നാലും തീര്വോ...
എട്ക്കീന്ന് നെയ്ച്ചോറും പത്തിരിയും...

എന്‍െറ സുന്നത്ത് കഴിച്ചത് 10 വയസ്സിലായിരുന്നു. മാര്‍ക്ക കല്യാണം എന്ന സമ്പ്രദായം ഒന്നും ഉണ്ടായിരുന്നില്ല. നോമ്പ് 10 കഴിഞ്ഞപ്പോള്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് പറഞ്ഞു. ഇന്ന് ഒസാന്‍ വരും. ഇബ്രാഹീമിന്‍െറ ഇച്ചി മുറിക്കാന്‍.
ഉമ്മ ചോദിച്ചു. ‘നോമ്പ് കൈഞ്ഞീട്ട് പോരേ പുയ്യാപ്ളേ?’ -അദ്ദേഹം ഉരുളക്ക് ഉപ്പേരി എന്നപോലെ പറഞ്ഞു.
എളന്ത് ചെക്കന് എന്തു നോമ്പ്?
ചെറിയ പെരുന്നാളാകുമ്പോഴേക്കും കുളിച്ചുകേറിക്കൂടേ?
പുതിയാപ്ള പറഞ്ഞാല്‍ എതിര്‍വാക്കില്ല. ഉമ്മ എന്‍െറ മുഖത്തേക്ക് നോക്കി. ആ കണ്ണ് നനഞ്ഞിരുന്നു. ഉമ്മ അരികിലേക്ക് പിടിച്ചുനിര്‍ത്തി വാത്സല്യപൂര്‍വം പറഞ്ഞു.
നോമ്പ് മുറിച്ചോളീന്‍, ഒസാനിപ്പം വരും.
ഇത് കേട്ടതും ഞാന്‍ കരഞ്ഞു.

കാരണം, പ്രാകൃതമായ മുറിച്ചുമാറ്റലാണ് അക്കാലത്ത്. രണ്ടുമൂന്ന് ബാലിയക്കാര്‍ പൊക്കിയെടുത്ത് ഉടുമുണ്ട് മാറ്റി, തുട രണ്ടും വിടര്‍ത്തി ഒസാന് കാണിച്ചുകൊടുക്കും. അദ്ദേഹം പച്ചപട്ടയുടെ കീശയില്‍നിന്ന് ഒടിച്ചുവെച്ച കത്തിയെടുത്ത് ലിംഗത്തിന്‍െറ അഗ്രഭാഗം മുറിച്ചുകളയും. മുറിവില്‍നിന്നു ചോര ചിരട്ടയില്‍ നിറച്ച ചാരത്തില്‍ ഒലിച്ചിറങ്ങും. കൂടാതെ, തുടക്കിട്ട് ഒരടിയും തരും. മുറിവിന്‍െറ വേദന മാറാനാണത്രെ അടി.
ഇങ്ങനെ തന്നെയാണ് എനിക്കും സംഭവിച്ചത്. അന്നു രാത്രി അത്താഴം ഉണ്ണാന്‍ ഉമ്മ എന്നെ വിളിച്ചില്ല. മാത്രമല്ല, വേദനയും ക്ഷീണവും ഉണ്ടായതിനാല്‍ നോമ്പ് മറന്നുപോയിരുന്നു. നേരം പുലര്‍ന്നുകണ്ടപ്പോള്‍ ഞാന്‍ നിലവിളിച്ചു. എനിക്കെന്തോ സംഭവിച്ചെന്നുകരുതി ആള്‍ക്കാര്‍ ഓടിക്കൂടി. പക്ഷേ, ഞാന്‍ നിലവിളിച്ചത് നോമ്പ് നോല്‍ക്കാന്‍ കഴിയാത്തതിനാലായിരുന്നു.

എന്നാല്‍, 13ാമത്തെ വയസ്സില്‍ എനിക്ക് നാടുവിടേണ്ടിവന്നപ്പോള്‍ 13 വര്‍ഷം നാടുചുറ്റിയപ്പോള്‍ എന്നില്‍നിന്ന് പലതും നഷ്ടപ്പെട്ട കൂട്ടത്തില്‍ നോമ്പും നഷ്ടപ്പെട്ടു. പക്ഷേ, നോമ്പിന്‍െറ മഹത്ത്വം പൂര്‍ണമായും ഞാന്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ട് തന്നെ റമദാന്‍ മാസം മാത്രമല്ല, പലപ്പോഴും ഞാന്‍ വ്രതം അനുഷ്ഠിക്കാറുണ്ട്. ആര്‍ഭാടകരമായ ഭക്ഷണമൊന്നും കഴിക്കാറില്ല. ഇഫ്താര്‍ വിരുന്നിന് പോകില്ല. ഭക്ഷണം കഴിക്കില്ല.

ഗണിതശാസ്ത്രത്തില്‍ രചിക്കപ്പെട്ടതാണ് പ്രകൃതി. ഒരു മനുഷ്യായുസ്സില്‍ ഇതിന്‍െറ ഒരു ഖണ്ഡിക പോലും വായിച്ചുതീര്‍ക്കാന്‍ കഴിയില്ല. ശാസ്ത്രം വരുന്നതിനുമുമ്പാണ് പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയത്. എന്നാല്‍, ശാസ്ത്രത്തെ തോല്‍പ്പിക്കുന്ന തരത്തില്‍ ആ മഹാഗ്രന്ഥത്തില്‍ പലതും എഴുതിവെച്ചിട്ടുണ്ട്. അവ ചിട്ടയോടെ സ്വീകരിച്ചാല്‍ നല്ല ആരോഗ്യവും മന$ശാന്തിയും ലഭിക്കും. നോമ്പ് സിദ്ധൗഷധമാണ്. പരീക്ഷിച്ചു നോക്കാം...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.