കൃത്യം, അന്യൂനം

ഒരു കുറവും വരുത്താതെയാണ് അല്ലാഹു ഈ പ്രപഞ്ചവും അതിലുള്ള സകല വസ്തുക്കളും സൃഷ്ടിച്ചിട്ടുള്ളത്. എവിടെയും ഒരു പാകപ്പിഴവും കണ്ടത്തൊന്‍ കഴിയാത്തവിധം പൂര്‍ണവും മനോഹരവുമാണ് ഒരോ സൃഷ്ടിപ്പും. ‘സൃഷ്ടിക്കുകയും അന്യൂനമാക്കുകയും കൃത്യമായ കണക്ക് നിശ്ചയിക്കുകയും പിന്നെ വഴികാട്ടുകയും ചെയ്ത നിന്‍െറ അത്യുന്നതനായ നാഥന്‍െറ നാമം വിശുദ്ധമാക്കി പ്രകീര്‍ത്തിക്കുക’ (വി.ഖു. 87:1-3). അല്ലാഹുവിന്‍െറ സൃഷ്ടിപ്പില്‍ വല്ല ന്യൂനതയും കണ്ടത്തൊന്‍ അല്ലാഹു വെല്ലുവിളിക്കുന്നു. ‘ദയാപരനായ അവന്‍െറ സൃഷ്ടിപ്പില്‍ ഒരു ന്യൂനതയും നിനക്ക് കാണാന്‍ കഴിയില്ല. ആവര്‍ത്തിച്ച് നോക്കുക, എവിടെയെങ്കിലും വല്ല കോട്ടവും കാണുന്നുണ്ടോ? ഇനിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നിരീക്ഷിക്കുക. നിന്‍െറ കണ്ണ് തോറ്റുതളര്‍ന്ന് തിരിച്ചുവരും’ (വി.ഖു. 67:3,4). ഏറ്റവും മനോഹരമായ രീതിയിലാണ് അല്ലാഹു എല്ലാ വസ്തുക്കളുടെയും സൃഷ്ടിപ്പ് നടത്തിയിരിക്കുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നു. ‘അവനാണ് ഏറ്റവും മനോഹരമായി എല്ലാറ്റിനെയും സൃഷ്ടിച്ചത്’ (വി.ഖു. 32:7). ഓരോ സൃഷ്ടിപ്പിലും എന്തൊരു പൂര്‍ണതയാണ്. അതിനേക്കാള്‍ നല്ളൊരു മോഡല്‍ ആ ഇനത്തില്‍ മറ്റൊരാള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയാത്ത വിധം പൂര്‍ണവും കൃത്യവും അന്യൂനവുമാണത്.

ഉദാഹരണമായി മനുഷ്യന്‍െറ രൂപമെടുക്കുക. എത്ര കാലമായി ഒരേ രൂപം തന്നെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആര്‍ക്കെങ്കിലും മടുത്തുവോ? വര്‍ഷാവര്‍ഷങ്ങളില്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന പുതിയ മോഡല്‍ കാറുകളെപ്പോലെ മനുഷ്യന്‍െറ മോഡലിലും രൂപഭാവങ്ങളിലും മാറ്റം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെടുന്നുണ്ടോ? കണ്ണിന്‍െറയും മൂക്കിന്‍െറയും സ്ഥാനം അല്‍പമൊന്ന് തെറ്റിയാല്‍ അതൊരു പുതിയ മോഡലായി കാണാതെ ഉടന്‍ തന്നെ ശരിപ്പെടുത്താനല്ളേ നാം പരക്കം പായുന്നത്. മനുഷ്യമോഡല്‍ മനോഹരവും സമ്പൂര്‍ണവുമാണ്. അല്ലാഹു പറയുന്നു: ‘മനുഷ്യനെ ഏറ്റവും ഉത്തമമായ ആകാരത്തിലാണ് നാം സൃഷ്ടിച്ചിരിക്കുന്നത്’ (വി.ഖു. 95:4). ‘അല്ലയോ മനുഷ്യാ, ഉദാരനായ നിന്‍െറ നാഥന്‍െറ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? അവന്‍ നിന്നെ സൃഷ്ടിച്ചു. ഏറ്റക്കുറച്ചിലില്ലാതെ ശരിപ്പെടുത്തി, സന്തുലിതമാക്കി. ഏതുരൂപത്തില്‍ നിന്നെ സംവിധാനിക്കണമെന്ന് ഉദ്ദേശിച്ചുവോ ആ രൂപത്തില്‍ ഘടിപ്പിച്ചു’ (വി.ഖു. 82:6-8). നമ്മുടെ കണ്ണിന് ആവശ്യമായ അളവിലാണ് അല്ലാഹു കാഴ്ചശക്തി നല്‍കിയിരിക്കുന്നത്.

സൂക്ഷ്മ ജീവികളെക്കൂടി കാണുന്ന രൂപത്തില്‍  കൂടുതല്‍ കാഴ്ചശക്തി നല്‍കിയിരുന്നുവെങ്കില്‍ അവയെ മുന്നില്‍ തടഞ്ഞ് നമുക്ക് വഴിനടക്കാന്‍ കഴിയുമായിരുന്നില്ല. അന്തരീക്ഷത്തിലുള്ള പല ശബ്ദവീചികളും നാം കേള്‍ക്കുന്നില്ല. അവയൊക്കെ കേള്‍ക്കുന്ന രൂപത്തിലാണ് നമുക്ക് കേള്‍വിശക്തി നല്‍കിയിരുന്നതെങ്കില്‍ അന്തരീക്ഷത്തിലുള്ള സകല ‘റേഡിയോ ചാനലുകളും’ കേട്ട് നമുക്ക് ഭ്രാന്ത് പിടിച്ചുപോകുമായിരുന്നു. എല്ലാം കൃത്യമായ അളവിലും ആവശ്യമായ തോതിലും മാത്രമാണ് അല്ലാഹു നല്‍കിയിരിക്കുന്നത്. സസ്യങ്ങളും ജീവികളും എല്ലാമെല്ലാം അങ്ങനെ തന്നെ. അല്ലാഹു പറയുന്നു: ‘ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും കൃത്യമായ അളവ് നിശ്ചയിച്ച് അതില്‍ നാം വസ്തുക്കളെ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു’ (വി.ഖു.15:19). മനുഷ്യന്‍െറ വിരല്‍തുമ്പ് മാത്രം എടുത്ത് പരിശോധിക്കുക. അനന്തകോടി മനുഷ്യരിലൊരാള്‍ക്കുപോലും മറ്റൊരാളെ പോലെ വിരല്‍തുമ്പില്ല. എത്ര കൃത്യവും കണിശവുമാണത്. ഒരു ചെറിയ പ്രതലത്തില്‍ ഇത്ര വൈവിധ്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവനെത്രെ അല്ലാഹു.

അല്ലാഹു ചോദിക്കുന്നു: ‘മനുഷ്യന്‍ വിചാരിക്കുന്നുവോ നമുക്കവന്‍െറ എല്ലുകള്‍ ശേഖരിക്കാനാവില്ളെന്ന്? നമുക്കവന്‍െറ വിരല്‍തുമ്പുപോലും കൃത്യമായി സൃഷ്ടിക്കാന്‍ കഴിയും’ (വി.ഖു. 75:3,4). വായുവാകട്ടെ വെള്ളമാകട്ടെ എല്ലാം നിശ്ചിതതോതില്‍ ആവശ്യത്തിനനുസരിച്ചേ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളൂ. വായുവിലെ ഓരോ വാതകത്തിന്‍െറയും അളവ് പരിശോധിച്ച് നോക്കുക. എത്ര കൃത്യം. ഒരിക്കല്‍പോലും ആ അളവിന് മാറ്റം വരുന്നില്ല. എല്ലാം അല്ലാഹുവിന്‍െറ നിയന്ത്രണത്തിലാണ്. അല്ലാഹു പറയുന്നു: ‘ഒരു വസ്തുവുമില്ല, അതിന്‍െറ ഖജനാവ് നമ്മുടെ അടുക്കല്‍ ഉണ്ടായിട്ടല്ലാതെ. എന്നാല്‍, നിശ്ചിത തോതില്‍ മാത്രമേ നാം അതിനെ ഇറക്കിക്കൊടുക്കുന്നുള്ളൂ’ (വി.ഖു. 15:21).

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.