അശ്വതിക്ക് മന്ത്രി ബാലന്‍ രണ്ടു ലക്ഷം കൈമാറി

കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങിന് ഇരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദലിത് വിദ്യാര്‍ഥിനി അശ്വതിയെ പട്ടികജാതി-പട്ടികവര്‍ഗ മന്ത്രി എ.കെ. ബാലന്‍ സന്ദര്‍ശിച്ചു. അശ്വതിക്ക്  പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയുടെ ചികിത്സാസഹായം അമ്മ ജാനകിക്ക് മന്ത്രി കൈമാറി.
തുടര്‍ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് എ.കെ. ബാലന്‍ പറഞ്ഞു. വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. പഠനം പൂര്‍ത്തിയായി വിജയിച്ചാല്‍ സര്‍ക്കാര്‍ ജോലി  നല്‍കുന്നതും പരിഗണനയിലുണ്ട്. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് അറിയിച്ചത്. തുടര്‍ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.    അശ്വതിയുടെ കേസ് അട്ടിമറിക്കാന്‍ എന്തെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടും. മുഖ്യമന്ത്രിയും താനും കര്‍ണാടക സര്‍ക്കാറുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. കേസിന്‍െറ കാര്യത്തില്‍ വീഴ്ച സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.പി. ദാസന്‍  എന്നിവര്‍ കൂടെയുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.