മഅ്ദനിയുടെ നാടിന് ആശ്വാസത്തിന്‍െറയും ആശങ്കയുടെയും പകല്‍

അന്‍വാര്‍ശ്ശേരി (കൊല്ലം): അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജന്മനാടിന് തിങ്കളാഴ്ച ആശ്വാസത്തിന്‍െറയും ഒപ്പം ആശങ്കയുടേയും പകലായിരുന്നു. ബംഗളൂരുവില്‍നിന്ന് ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയിലും അവിടെനിന്ന് വൈകീട്ടോടെ മൈനാഗപ്പള്ളിയിലും മഅ്ദനി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. മഅ്ദനിയെ വരവേല്‍ക്കാന്‍ അന്‍വാര്‍ശ്ശേരിയിലെ കുട്ടികളടക്കം രാവിലെ മുതല്‍ തയാറെടുപ്പിലായിരുന്നു. മകനെയും പ്രതീക്ഷിച്ച് രാവിലെ മുതല്‍ കണ്ണുനട്ടിരിക്കുകയായിരുന്നു മാതാപിതാക്കളായ അബ്ദുസ്സമദ് മാസ്റ്ററും അസുമാബീവിയും.

രാവിലെ പത്തോടെതന്നെ തോട്ടുവാല്‍ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും അബ്ദുസ്സമദ് മാസ്റ്റര്‍ വീടിന്‍െറ സ്വീകരണമുറിയിലേക്ക് വന്നു. ഏറെ നാളുകള്‍ക്ക് ശേഷം മകന്‍ വീണ്ടും വീട്ടിലത്തെുന്നതിന്‍െറ  സന്തോഷം എല്ലാവരുമായും പങ്കുവെച്ചു. പരമോന്നത നീതിപീഠം മഅ്ദനിയോട് കാട്ടിയ കാരുണ്യത്തിന് നന്ദി പറഞ്ഞു. ഏറെ നേരം ഇരിക്കാന്‍ ബുദ്ധിമുട്ടായതോടെ അദ്ദേഹം സഹായിക്കൊപ്പം കിടക്കയിലേക്ക് മടങ്ങി. ഉച്ചയോടെ മഅ്ദനിയുടെ യാത്ര തടസ്സപ്പെട്ടെന്ന വാര്‍ത്ത ചാനലുകളില്‍ വന്നു. ഇതോടെ സന്തോഷിച്ചവര്‍ നിരാശയിലായി. മാധ്യമപ്രവര്‍ത്തകരില്‍നിന്ന് വിവരമറിഞ്ഞ് അബ്ദുസ്സമദ് മാസ്റ്റര്‍ ഒരു നിമിഷം നിശ്ശബ്ദനായി ഇരുന്നു. പിന്നെ മകന്‍ അനുഭവിക്കേണ്ടിവരുന്ന നീതിനിഷേധത്തിന്‍െറ ഓരോ പരീക്ഷണങ്ങളെയും കുറിച്ച് പ്രതികരിച്ചു. തിങ്കളാഴ്ച നോമ്പുതുറയ്ക്കും തറാവീഹ് നമസ്കാരത്തിനുമൊക്കെ തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ് ഒപ്പമുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്ന അന്‍വാര്‍ശ്ശേരിയിലെ കുട്ടികളടക്കമുള്ളവര്‍. മഅ്ദനിയുടെ യാത്ര വൈകിയതോടെ അവരും നിരാശയിലായി. ഉച്ചകഴിഞ്ഞ് വിമാനക്കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചതായും യാത്രയിലെ അനിശ്ചിതത്വം നീങ്ങിയതായുമുള്ള വാര്‍ത്ത വന്നതോടെ മഅ്ദനിയുടെ വീട്ടിലും അന്‍വാര്‍ശ്ശേരിയിലും ആശ്വാസം നിറഞ്ഞു.

നെടുമ്പാശ്ശേരിയില്‍നിന്ന് രാത്രി വൈകി മഅ്ദനി മൈനാഗപ്പള്ളിയിലത്തെുമെന്ന സ്ഥിരീകരണം വൈകീട്ട് മൂന്നോടെ ലഭിച്ചു. ഇതോടെ മഅ്ദനിയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലും തിരക്കുകളിലേക്കും നീങ്ങുകയായിരുന്നു തോട്ടുവാല്‍ വീടും അന്‍വാര്‍ശ്ശേരിയും.
മഅ്ദനി ജന്മനാട്ടിലത്തെുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയായിരുന്നു പൊലീസ് ഒരുക്കിയിരുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍  ജില്ലയില്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. മൈനാഗപ്പള്ളി മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ പൊലീസിന് നിര്‍ദേശം നല്‍കി. മഅദ്നിയുടെ വീട്, അന്‍വാര്‍ശ്ശേരി പരിസരങ്ങളില്‍ അതിരാവിലെ മുതല്‍ പലതവണ പൊലീസ് പട്രോളിങ് നടത്തി.

വീണ്ടും നീതി നിഷേധിക്കപ്പെട്ടെന്ന് മഅ്ദനിയുടെ പിതാവ്
കൊല്ലം: പരമോന്നത നീതിപീഠം നാട്ടില്‍ പോവാന്‍ അനുവാദം നല്‍കിയിട്ടും വിമാനത്താവളത്തില്‍  മഅ്ദനിക്കുണ്ടായത് നീതിനിഷേധമാണെന്ന് പിതാവ് അബ്ദുസ്സമദ്  മാസ്റ്റര്‍. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പുമാത്രം വ്യോമയാനമന്ത്രാലയത്തിന്‍െറ അനുവാദപത്രത്തിന്‍െറ പേരില്‍ യാത്ര തടസ്സപ്പെടുത്തിയത് വേദനിപ്പിക്കുന്ന അനുഭവമാണ്. നമ്മുടെ രാജ്യത്തിന്‍െറ ഇന്നത്തെ അവസ്ഥയുടെ ഉദാഹരണമാണിത്.
പ്രയാസപ്പെടുന്ന മനുഷ്യരെ സഹായിക്കുന്ന മനസ്സാണ് എല്ലാവര്‍ക്കും ഉണ്ടാകേണ്ടത്. എന്നാല്‍, അതിനുപകരം കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.