അന്‍വാര്‍ശേരിയില്‍ വേറിട്ട അനുഭവമായി ഈദ് സൗഹൃദസംഗമം

ശാസ്താംകോട്ട: അന്‍വാര്‍ശ്ശേരിയില്‍ പെരുന്നാള്‍ദിവസം നടന്ന ഈദ്സൗഹൃദസംഗമം പങ്കാളിത്തത്തിലെ വൈവിധ്യംമൂലം ശ്രദ്ധേയമായി. അന്‍വാര്‍ശ്ശേരി അനാഥാലയത്തിലെ കുട്ടികള്‍ മുതല്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കൊപ്പം പങ്കെടുത്തു. പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കിയത് മഅ്ദനിയാണ്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ധാരാളംപേര്‍ നമസ്കരിക്കാനത്തെിയിരുന്നു.  മഅ്ദനിയുടെ പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററും രോഗപീഡകള്‍ വകവെക്കാതെ പെരുന്നാള്‍ നമസ്കാരത്തിനത്തെി. നമസ്കാരശേഷം മഅ്ദനി വികാരനിര്‍ഭരമായ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.  വിമാനത്താവളത്തിലുണ്ടായ അനിഷ്ടസംഭവങ്ങളെ അപലപിക്കുകയും സമാധാനത്തിന്‍െറയും സഹിഷ്ണുതയുടെയും പാത പിന്തുടരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. അന്‍വാര്‍ശ്ശേരിയിലെ 200 ലധികം വരുന്ന അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്കൊപ്പം പെരുന്നാള്‍ ഭക്ഷണം കഴിച്ചശേഷം മഅ്ദനി സൗഹൃദസംഗമത്തിലും പങ്കെടുത്തു.

നാടിന്‍െറ സ്നേഹവായ്പ് വീര്‍പ്പുമുട്ടിക്കുന്നു -മഅ്ദനി
ശാസ്താംകോട്ട: ജന്മനാടിന്‍െറ സ്നേഹാദരങ്ങള്‍ തന്നെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിക്കുന്നതായി അബ്ദുന്നാസിര്‍ മഅ്ദനി. ജീവിതത്തിന്‍െറ വിവിധ തുറകളില്‍നിന്നുള്ളവരും നാനാജാതി മതസ്ഥരുമായ നിരവധിപേര്‍ പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ബംഗളൂരുവിലെ ആശുപത്രിയിലെ ഒരു കട്ടിലാണ് ഒരു വര്‍ഷത്തിലേറെയായി എന്‍െറ വീടും പള്ളിയുമെല്ലാം.  അതില്‍നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ സ്വാതന്ത്ര്യം താല്‍ക്കാലികമാണെങ്കിലും അമൂല്യമാണ്. പടച്ചവനോടും നീതിപീഠത്തോടും ഒരുപാട് നന്ദിയുണ്ട് -മഅ്ദനി  പറഞ്ഞു.

മഅ്ദനി ആശുപത്രിയില്‍
ശാസ്താംകോട്ട: വൃക്കരോഗ സംബന്ധമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് അബ്ദുന്നാസിര്‍ മഅ്ദനിയെ കൊല്ലം അസീസിയാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മുതല്‍ തന്നെ മഅ്ദനിക്ക് ശാരീരിക വൈഷമ്യം അനുഭവപ്പെട്ടിരുന്നു. ഇന്നലെ ഉച്ചക്കുശേഷം ഇത് നിയന്ത്രണാതീതമായതിനെതുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോകാന്‍ തയാറായത്.

വൈകിയത്തെുന്ന നീതി നീതിനിഷേധത്തിന് തുല്യം -ശൈഖ് മുഹമ്മദ് കാരകുന്ന്
കുന്നത്തൂര്‍: വൈകിയത്തെുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ശാസ്താംകോട്ടയിലെ അന്‍വാര്‍ശ്ശേരിയില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധികളെ വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിക്കുന്ന വ്യവസ്ഥാപിത രീതി നീതിനിഷേധത്തിന്‍െറ ഭാഗം തന്നെയാണ്. വിചാരണയുടെ കാലതാമസം കാരണം എത്രയോ നിരപരാധികള്‍ കുറ്റം ചെയ്യാതെ തന്നെ കടുത്ത ശിക്ഷക്ക് വിധേയരായിട്ടുണ്ട്. നമ്മുടെ നീതിവ്യവസ്ഥക്കുമുന്നിലെ ചോദ്യചിഹ്നമായി ഇത് ഉയര്‍ന്നുനില്‍ക്കുന്നു.
നീതി നിഷേധിക്കപ്പെട്ട് കാരാഗ്രഹത്തിനുള്ളില്‍ കഴിയേണ്ടിവരുന്ന മഅ്ദനിക്ക് വേഗത്തില്‍ നീതി ലഭ്യമാകുന്നതിനുള്ള അനുഗ്രഹം ദൈവം നല്‍കട്ടേയെന്നും അദ്ദേഹം ആശംസിച്ചു. 20 മിനിറ്റോളം മഅ്ദനിയുമായി സൗഹൃദസംഭാഷണം നടത്തുകയും പ്രാര്‍ഥിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് പി.എച്ച്. മുഹമ്മദ്, സെക്രട്ടറി ഇ.കെ. സിറാജുദ്ദീന്‍, പി.ആര്‍.ഒ അനീഷ് യൂസുഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.എം. ഷെരീഫ്, അബ്ദുല്‍ ജബ്ബാര്‍, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി അബ്ദുല്‍ ജലീല്‍, എം. ഷംസുദ്ദീന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.