ആദിവാസികളുടെ സാമൂഹിക വനാവകാശത്തിനുള്ള കേന്ദ്രനിയമം അട്ടിമറിക്കുന്നു

തിരുവനന്തപുരം: ആദിവാസികള്‍ക്ക് വനാവകാശം നല്‍കുന്നതിനുള്ള കേന്ദ്രനിയമം അട്ടിമറിക്കുന്നെന്ന് ആക്ഷേപം. കേന്ദ്രനിയമം അനുസരിച്ച് കേരളം മാര്‍ഗരേഖയുണ്ടാക്കാത്തതാണ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം. ഇക്കാര്യം ഉദ്യോഗസ്ഥര്‍ സംസ്ഥാനതല വിലയിരുത്തല്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2009ലാണ് കേന്ദ്രം മാര്‍ഗരേഖ സംസ്ഥാനങ്ങള്‍ക്കയച്ചത്. അതനുസരിച്ച് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ വനാവകാശനിയമം ഫലപ്രദമായി നടപ്പാക്കുകയുംചെയ്തു. അനേകം തലമുറകളായി വനത്തില്‍ താമസിക്കുന്ന പരമ്പരാഗത വനവാസികള്‍ കൈവശംവെച്ചിട്ടുള്ള ഭൂമിക്ക് കൈവശരേഖ നല്‍കേണ്ടതുണ്ട്. അത് നടപ്പാക്കുന്നതിന് കേരളത്തില്‍ റവന്യൂ, വനം, പട്ടികവര്‍ഗ വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉണ്ടായില്ല. ആദിവാസികള്‍ 95 ശതമാനവും വനത്തിലോ വനാതിര്‍ത്തി പ്രദേശങ്ങളിലോ താമസിക്കുന്നവരാണ്. സാമൂഹിക വനാവകാശം നടപ്പാക്കിയ പലയിടത്തും ഉദ്യോഗസ്ഥര്‍ക്ക് നിയമം അറിയാത്തതിനാല്‍ ആദിവാസികള്‍ക്ക് പാരമ്പര്യ അവകാശം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് അട്ടിമറി നടന്നത് വയനാട്ടിലാണ്. സാമൂഹിക വനാവകാശം വയനാട്ടില്‍ ഊരിന് രണ്ടേക്കര്‍ മുതല്‍ 10 ഏക്കര്‍ വരെയാണ് നല്‍കിയത്.

പരമ്പരാഗതമായി ആദിവാസികള്‍ വിഭവശേഖരണം നടത്തുന്ന വനഭൂമി ഇതില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിയമം. ആദിവാസികള്‍ അതിന്‍െറ മാപ്പ് തയാറാക്കി നല്‍കുന്നതിനനുസരിച്ചാണ് അവകാശം നല്‍കേണ്ടത്. പലയിടത്തും 2000 ഹെക്ടര്‍ വനഭൂമിയില്‍ ആദിവാസികള്‍ വിഭവത്തിനായി സഞ്ചരിക്കുന്നുണ്ടാവും. പ്രാക്തന ഗോത്രവിഭാഗങ്ങളാകട്ടെ ഇത് 14000 ഹെക്ടര്‍ വരെയാണ്. ഇക്കാര്യത്തില്‍ വനംവകുപ്പ് കേന്ദ്രനിയമത്തിന്‍െറ ഗുരുതരലംഘനമാണ് നടത്തുന്നതെന്ന് ആരോപണമുണ്ട്. നിയമമനുസരിച്ച് ആദിവാസികള്‍ക്ക് അവകാശം നല്‍കാന്‍ റവന്യൂ-വനം ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. നിയമം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി പട്ടികവര്‍ഗവകുപ്പാണെങ്കിലും റവന്യൂ, വനം വകുപ്പുകള്‍ അധികാരം വിട്ടുനല്‍കാന്‍ തയാറല്ല. നിയമം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ നല്‍കുന്നതിലും കേരളം പിന്നിലാണ്.  സംസ്ഥാനത്ത് ആദിവാസികള്‍ക്ക് വനാവകാശനിയമം നടപ്പാക്കേണ്ട പ്രധാന ജില്ലകള്‍ വയനാടും പാലക്കാടുമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.