തിരുവനന്തപുരം: നികുതി വരുമാനത്തിൽ 25 ശതമാനം വർധിപ്പിക്കുമെന്ന ധവളപത്രത്തിലെ നിർദേശത്തോട് കൂറുപുലർത്തുന്നവയായി ബജറ്റ് പ്രഖ്യാപനവും. സംസ്ഥാനത്തിന്‍റെ റവന്യൂ വരവ് കൂട്ടാനായി സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ ചോദിച്ചു വാങ്ങണമെന്ന് ജനങ്ങളോട് ധനമന്ത്രി അഭ്യർഥിച്ചു.
പഴയ വാഹനങ്ങൾക്ക് ഹരിത നികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പത്ത് കൊല്ലത്തിലേറെ പഴക്കമുള്ള നാല് ചക്ര വാഹനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ടൂറിസ്റ്റ് ബസുകളുടേയും നികുതി വർധിപ്പിച്ചിട്ടുണ്ട്. അന്തർസംസ്ഥാന ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ ഇത് കാരണമാകും. വിസ്തൃതി അടിസ്ഥാനമാക്കിയായിരിക്കും ബസുകളുടെ നികുതി കണക്കാക്കുക. സീറ്റിന്‍റെ എണ്ണം അടിസ്ഥാനപ്പെടുത്തിയായിരുന്നു നേരത്തേ നികുതി കണക്കാക്കിയിരുന്നത്. വാഹനങ്ങളിൽ ഏർപ്പെടുത്തിയ വിൽപന സംവിധാനങ്ങൾ, എ.ടി.എം തുടങ്ങിയവക്കും ചതുരശ്ര അടി അടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്തി.
ചരക്കുവാഹനങ്ങൾക്ക് 10 ശതമാനം അധികനികുതി ഏർപ്പെടുത്തി. വര്‍ഷങ്ങളായി നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ വാഹനനികുതി കുടിശികയുള്ളവര്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതിയുടെ 30 ശതമാനം അടച്ചാല്‍ മതി. ഹെവിവെയ്റ്റ് വാഹനങ്ങള്‍ക്ക് നികുതിയുടെ 20 ശതമാനം അടച്ചാൽ മതി. ആറ് മാസത്തിനകം വാഹനനികുതി കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടും.
കുടുംബാംഗങ്ങൾ തമ്മിലുളള ഭാഗപത്രം തുടങ്ങിയ ഇടപാടുകൾക്ക് മൂന്നു ശതമാനം മുദ്രവില ഈടാക്കും. റജിസ്ട്രേഷൻ നിരക്കുകൾ വർധിക്കാൻ ഇത് ഇടയാക്കും. വിലയാധാരങ്ങൾക്ക് ആറു ശതമാനം നികുതി ഈടാക്കിയിരുന്നത് എട്ടു ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. സ്വർണവ്യാപാരികൾ കോംപൗണ്ടിങ് നികുതി അംഗീകരിക്കണമെന്ന് ധനമന്ത്രി പറഞ്ഞു.
ഡിസ്പോസിബിൾ പ്ലാസ്റ്റിക് പ്ലേറ്റിനും ഗ്ലാസിനും 20 ശതമാനം നികുതി ഏർപ്പെടുത്തി. വെളിച്ചെണ്ണക്കും ബസുമതി അരിക്ക് അഞ്ച് ശതമാനം നികുതി ചുമത്തി. പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് നികുതി. തുണിത്തരങ്ങളുടെ നികുതി 2 ശതമാനം വർധിപ്പിച്ചു. ബ്രാന്‍ഡഡ് റെസ്‌റ്റോറന്‍റുകളിലെ ഭക്ഷ്യവസ്തുക്കളില്‍ ഫാറ്റ് ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.