തിരുവനന്തപുരം: റെയില്‍വേയുടെ ദ്രുതഗതിയിലുള്ള വികസനം ലക്ഷ്യമിട്ട് സംസ്ഥാന സംരംഭമായി ആറ് റെയില്‍വേ പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ 50 കോടി നീക്കിവെച്ചു. കാഞ്ഞങ്ങാട്, പാണത്തൂര്‍, കണിയൂര്‍ റെയില്‍വേ ലൈന് 20 കോടിയും നിലവിലെ റെയില്‍പാതയോട് സമാന്തരമായി പുതിയൊരു അലൈന്‍മെന്‍റിനെക്കുറിച്ച് പഠിക്കാന്‍ 50 ലക്ഷവും വകയിരുത്തി. ശബരിമല മാസ്റ്റര്‍പ്ളാന്‍ നടപ്പാക്കുന്നതിന് 150 കോടി പ്രത്യേക നിക്ഷേപപദ്ധതിയില്‍പെടുത്തി നീക്കിവെച്ചു. അതിന്‍െറ ഭാഗമായി പമ്പയില്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന് 20 കോടി, ക്യൂ കോംപ്ളക്സിന് 20 കോടി, ത്രിവേണിയില്‍ പാലത്തിന് അഞ്ചുകോടി, നിലക്കല്‍ പാര്‍ക്കിന് അഞ്ചുകോടി, ഇടത്താവളങ്ങള്‍ക്ക് 100 കോടി എന്നിങ്ങനെ വകയിരുത്തി. നടപ്പുവര്‍ഷം 25 കോടി ചെലവും പ്രതീക്ഷിക്കുന്നു.
ഊര്‍ജമേഖലക്ക് 390 കോടി
വൈദ്യുതി ഉല്‍പാദനത്തിനുവേണ്ടി 390 കോടിയും അതില്‍ നിന്ന് 50 കോടി രൂപ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ക്ക് വേണ്ടിയും മാറ്റിവെച്ചു. അനര്‍ട്ടിന് 44 കോടിയും എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിന് ഏഴുകോടിയും വകയിരുത്തി. നിലവിലെ എല്ലാ ഫിലമെന്‍റ്, സി.എഫ്.എല്‍ ബള്‍ബുകളും മാറ്റി എല്‍.ഇ.ഡി ബള്‍ബ് നല്‍കുന്നതിന് 250 കോടി പ്രത്യേക നിക്ഷേപപദ്ധതിയില്‍ വകയിരുത്തി. നടപ്പുവര്‍ഷം 100 കോടി രൂപ ചെലവുവരും. സോളാര്‍ പാനലുകളും എല്‍.ഇ.ഡി ബള്‍ബുകളും ഉപയോഗപ്പെടുത്തുന്നത് പരിശോധിക്കാന്‍ പ്രോജക്ട് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ 25 ലക്ഷം വകയിരുത്തി. ട്രാന്‍സ്ഗ്രിഡ് പ്രസരണ സൗകര്യങ്ങള്‍ നടപ്പാക്കുന്നതിന് ടോക്കണ്‍ വിഹിതമായി ഒരു ലക്ഷം വകയിരുത്തി. പുതിയ ഉപസ്റ്റേഷന്‍ ലൈനുകളുടെയും മറ്റും നിര്‍മാണത്തിനും നിലവിലുള്ളവ കൂടുതല്‍ മെച്ചപ്പെടുത്താനും 280 കോടി വകയിരുത്തി. നഗരപ്രദേശങ്ങളിലെ വിതരണസൗകര്യം മെച്ചപ്പെടുത്താന്‍ 160 കോടിയും വൈദ്യുതിവിതരണപദ്ധതിയുടെ കീഴിലുള്ള പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് 190 കോടിയും വകയിരുത്തി.
ജലസേചനത്തിന് 307 കോടി
ജലസേചനപദ്ധതികള്‍ക്ക് 307 കോടി വകയിരുത്തി. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് നടപ്പുവര്‍ഷത്തില്‍ 130 കോടി നീക്കിവെച്ചു. തോടുകളുടെയും ജലാശയങ്ങളുടെയും പുനരുദ്ധാരണത്തിന് 100 കോടിയും പാര്‍വതിപുത്തനാര്‍ ശുചീകരിക്കാന്‍ പ്രത്യേക നിക്ഷേപപദ്ധതിയില്‍ 50 കോടിയും വകയിരുത്തി. കബനീനദിയില്‍ നിന്ന് അനുവദനീയമായ അളവിലുള്ള ജലവിനിയോഗം ഉറപ്പാക്കുന്നതിന്10 കോടി അധികമായി വകയിരുത്തി.
അഴീക്കല്‍ തുറമുഖ നിര്‍മാണത്തിന് 500 കോടി
അഴീക്കല്‍ തുറമുഖ നിര്‍മാണം ദ്രുതഗതിയിലാക്കാന്‍ പ്രത്യേക നിക്ഷേപപദ്ധതിയില്‍ നിന്ന് 500 കോടി നീക്കിവെച്ചു. വിഴിഞ്ഞം, കൊല്ലം, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ ചരക്കുകടത്തിനും വലിയതുറ, ആലപ്പുഴ, പൊന്നാനി, തലശ്ശേരി, കാസര്‍കോട് തുറമുഖങ്ങള്‍ യാത്രക്കാര്‍ക്കുവേണ്ടിയും സജ്ജമാക്കാന്‍ 15 കോടിയും വകയിരുത്തി.
കെ.എസ്.ആര്‍.ടി.സി സി.എന്‍.ജിയിലേക്ക് മാറ്റാന്‍ 300 കോടി
എറണാകുളം കേന്ദ്രമാക്കി 1000 പുതിയ സി.എന്‍.ജി ബസുകള്‍ ഇറക്കുന്നതിന് 300 കോടി പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് വായ്പയായി ലഭ്യമാക്കും. അഞ്ചുവര്‍ഷം കൊണ്ട് ഭൂരിപക്ഷം ബസുകളും സി.എന്‍.ജി ഇന്ധനത്തിലേക്ക് മാറ്റാനാണ് ഉദ്ദേശ്യം. നടപ്പുവര്‍ഷം 50 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
ജലഗതാഗതത്തിന് 400 കോടി
ആലപ്പുഴ-കുട്ടനാട്-ചങ്ങനാശ്ശേരി-കോട്ടയം മേഖലയിലെ ജലഗതാഗതം നവീകരിക്കുന്നതിന് പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് 400 കോടി വകയിരുത്തി. ആലപ്പുഴ ബോട്ട് ജെട്ടി, ബസ്സ്റ്റാന്‍ഡ് എന്നിവയെ സംയോജിപ്പിച്ച് ഒരു മൊബിലിറ്റി ഹബ് ഉണ്ടാക്കുകയും റെയില്‍വേ സ്റ്റേഷനുമായി തുടര്‍ച്ചയായ ബസ് സര്‍വിസിലൂടെ ഈ കേന്ദ്രത്തെ ബന്ധിപ്പിക്കുകയും ചെയ്യും. നടപ്പുവര്‍ഷം 50 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു. കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന് 125 കോടിയും വകയിരുത്തി. ഇതില്‍ 20 കോടി കോട്ടപ്പുറം-നീലേശ്വരം ജലപാതക്കും 10 കോടി കൊല്ലം-കോവളം ജലപാതക്കും 50 കോടി വടകര- മാഹി കനാലിനും മറ്റു ഫീഡര്‍ കനാലുകളുടെ നിര്‍മാണത്തിനുമാണ്. 28 കോടി മേല്‍പാലങ്ങള്‍ക്കും 12 കോടി പുതിയ ജെട്ടികള്‍ക്കും മറ്റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.