തിരുവനന്തപുരം: കാലപ്പഴക്കമുള്ള ബസുകൾ സർവിസിന് ഉപയോഗിക്കാൻ നിർബന്ധിതമാവുന്നതുമൂലം കെ.എസ്.ആർ.ടി.സി നേരിടുന്നത് കടുത്ത പ്രതിസന്ധി. ബസ് വാങ്ങാൻ ബജറ്റുകളിൽ സർക്കാർ കൃത്യമായി വിഹിതം അനുവദിക്കുകയും അത് ഉപയോഗിച്ച് ബസ് വാങ്ങുകയും ചെയ്തിരുന്ന രീതി പഴങ്കഥയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കിഫ്ബിയടക്കം സർക്കാറിന്റെ ധനവിനിയോഗത്തിൽ പുതിയ സംവിധാനങ്ങൾ വന്നശേഷം കെ.എസ്.ആർ.ടി.സിക്ക് കാര്യമായ പരിഗണന ഭരണതലത്തിൽനിന്ന് കിട്ടാറില്ല.
എല്ലാ വർഷവും ബസ് വാങ്ങിയിരുന്ന കാലത്ത് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ബസുകൾ അഞ്ചുവർഷത്തിനു ശേഷം ഓർഡിനറിയാക്കുന്ന രീതിയായിരുന്നു. അതിനാൽ കാലപ്പഴക്കമില്ലാത്ത ബസുകൾ സൂപ്പർഫാസ്റ്റ് ഉൾപ്പെടെ ഉയർന്ന ക്ലാസുകളിൽ സർവിസ് നടത്താനായി. സുരക്ഷിതവും സുഗമവുമായ യാത്രയും ഇതിലൂടെ ഉറപ്പാക്കാനായിരുന്നു. നിലവിൽ ഇത്തരം ബസുകൾ 10 വർഷം വരെ സർവിസ് നടത്തിയശേഷമാണ് ഓർഡിനറിയിലേക്ക് മാറ്റുന്നത്. ആവശ്യമായ ബസുകൾ ലഭിക്കാത്തതുമൂലം ഓർഡിനറി ബസുകളും കാലപ്പഴക്കവും പേറി സർവിസ് നടത്തുകയാണ്.
അറ്റകുറ്റപ്പണി നടത്തി സർവിസുകൾക്ക് ഉപയോഗിക്കുന്നതിനാൽ പഴക്കമുണ്ടെങ്കിലും ബസുകൾ സുരക്ഷിതമാണെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, തീപിടിക്കുന്നതും മറ്റ് അപകടങ്ങളുമടക്കം ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. എത്ര അറ്റകുറ്റപ്പണി നടത്തിയാലും ലക്ഷക്കണക്കിന് കിലോമീറ്റർ ഓടിത്തളർന്ന ബസുകൾ ഉയർത്തുന്ന തകരാറുകളും സുരക്ഷ ഭീഷണിയും അവഗണിക്കാനാവില്ല. ‘ബജറ്റ് ടൂറിസം’ ഉൾപ്പെടെ സർവിസുകൾക്ക് പഴയ ബസുകൾ ഉപയോഗിക്കാൻ നിർബന്ധിതമാവുന്ന സാഹചര്യമാണിപ്പോൾ. ഹൈറേഞ്ച് മേഖലയിലടക്കം ഇത്തരം ബസുകളുടെ യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യവും ഉയരുന്നു.
അതിനിടെ, 63 കോടി ചെലവിൽ ബസ് വാങ്ങാനുള്ള പദ്ധതിക്ക് സർക്കാർ ഈയിടെ അനുമതി നൽകിയിട്ടുണ്ട്. ഇത് സാധ്യമായാൽ 10 വർഷം വരെ പഴക്കമുള്ള ദീർഘദൂര സർവിസുകൾക്ക് ഉപയോഗിക്കുന്ന നല്ലൊരു ശതമാനം ബസുകൾ മാറ്റാനും അവ ഓർഡിനറിക്കായി ഉപയോഗിക്കാനുമാവും. സമീപകാലത്ത് പരിമിതമായ എണ്ണം ബസുകൾ വാങ്ങിയെങ്കിലും അത് കെ-സ്വിഫ്റ്റിന് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.