തിരുവനന്തപുരം: മറയൂര്‍ ഗോത്രകലയായ മലപുലയാട്ടം വേദിയില്‍ അരങ്ങേറുമ്പോള്‍ കല്‍പറ്റ സ്കൂളിലെ മത്സരാർഥികളുടെ ഉള്ളം പിടയുകയാണ്. കലോത്സവത്തിലേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനിടെയാണ് ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും മലയിറങ്ങി വന്ന വെള്ളം പ്രിയസഹപാഠിയെ കൊണ്ടുപോയത്.
വയനാട് കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കൻഡറി സ്കൂളിലെ നഫ്ല നസിറിനെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. മേപ്പാടിയിലെ ചൂരല്‍മലയിലെ താമസക്കാരനായ നൗഫലിന്റെ മകളാണ് നഫ്ല. മാതാപിതാക്കളും ബന്ധുക്കളും അടക്കം പന്ത്രണ്ട് പേരാണ് നഫ് ലയുടെ വീട്ടില്‍ നിന്ന് മാത്രം കാണാതായത്.
ഇതില്‍ ആരെയും പൂര്‍ണമായും കണ്ടെത്താനായില്ല. ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ കൊമേഴ്സ് വിദ്യാർഥിനിയായിരുന്നു. അവസാനം ഒരു നോക്ക് കാണാന്‍ പോലുമാകാതെ മലയിറങ്ങി വന്ന ഉരൂൾ നഫ് ലയെ കവര്‍ന്നെടുത്തു. ഈ സംഭവം വിവരിക്കുമ്പോള്‍ കൂട്ടുകാരുടെ കണ്ണുകള്‍ നിറയുകയാണ്.
നഫ്ലയുണ്ടായിരുന്നെങ്കിൽ ഈ സംഘത്തിനൊപ്പം അവളുമുണ്ടാകുമായിരുന്നെന്ന് അധ്യാപകരും പറയുന്നു. ഉരുള്‍പൊട്ടലിന്‍റെ ഭീകരത എന്ത് മാത്രമാണെന്ന് മനസ്സിലാക്കിയവരാണ് കല്‍പറ്റക്കാര്‍. ദുരിതാശ്വാസ ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പുകള്‍, ബെയ്ലി പാലം നിർമിച്ച സേനയുടെ താമസം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉള്‍പ്പെടെ എല്ലാം നടന്നത് കല്‍പറ്റ സ്കൂളിലാണ്. കാര്‍ത്തിക, ചിന്മയ, നിവേദിത, ഫിദ, പാര്‍വണ, ദിയ, ലിയ, ദേവതീര്‍ത്ഥ, ഋതുനന്ദ, ആന്‍മരിയ, നിരജ്ഞന്‍, പ്രത്യുക്ഷ് എന്നിവരാണ് മലപുലയാട്ടം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.