വീരേന്ദ്രകുമാറിനും ശ്രേയാംസിനും എതിരെ ത്വരിതാന്വേഷണം

തലശ്ശേരി: ആദിവാസികള്‍ക്ക് നല്‍കണമെന്ന പൊതുതാല്‍പര്യത്തോടെ സര്‍ക്കാര്‍ നീക്കിവെച്ച ഭൂമി കൈയേറ്റംചെയ്ത് പലര്‍ക്കായി വില്‍പന നടത്തിയെന്ന പരാതിയില്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി, മകനും മുന്‍ എം.എല്‍.എയുമായ എം.വി. ശ്രേയാംസ് കുമാര്‍ എന്നിവര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി. ജയറാം ഉത്തരവിട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തരവ്. വയനാട് വിജിലന്‍സ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് വി.എസ്്. അച്യുതാനന്ദന്‍, എം.വി. ശ്രേയാംസ് കുമാര്‍, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരെ യഥാക്രമം ഒന്നുമുതല്‍ നാലുവരെ പ്രതികളാക്കിയാണ് പി. രാജന്‍ പരാതി നല്‍കിയത്. വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ളേജില്‍ 137.99 ഏക്കര്‍ വരുന്ന മലാന്‍തോട്ടം പ്ളാന്‍േറഷന്‍ ഭൂമിയില്‍ 135.14 ഏക്കര്‍ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്തുകയും ഇതില്‍ എം.പി. വീരേന്ദ്രകുമാറും മറ്റും ചേര്‍ന്ന് 54.05 ഏക്കര്‍ഭൂമി പലര്‍ക്കുമായി വില്‍പന നടത്തിയെന്നുമാണ് പരാതി.

1988 ആഗസ്റ്റ് 30ന് വയനാട് സബ്കലക്ടര്‍ റവന്യൂബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയതായും പരാതിയിലുണ്ട്. 1991 ജനുവരി 18ന് വയനാട് ജില്ലാ കലക്ടര്‍ റവന്യൂബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഭൂമി കൈയേറ്റത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും നടത്തിയില്ല. സര്‍ക്കാറിലുള്ള സ്വാധീനം ഉപയോഗിച്ച് വീരേന്ദ്രകുമാര്‍ കൈയേറിയ ഭൂമിക്ക് പതിച്ചുകൊടുക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടി. ഇതിന് കൂട്ടുനിന്ന റവന്യൂ അധികൃതര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നതായും കുറ്റപത്രം സമര്‍പ്പിച്ചതായും പരാതിയിലുണ്ട്. ശ്രേയാംസ് കുമാര്‍ 13.83 ഏക്കര്‍ഭൂമി കൈവശംവെച്ചതായും വയനാട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

വ്യാജരേഖയുണ്ടാക്കി ഇരുവരും വയനാട് ജില്ലയില്‍ വന്‍തോതില്‍ സര്‍ക്കാര്‍ഭൂമി കൈയേറിയിട്ടുണ്ടെന്ന വാദവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മാത്രമല്ല, ഭൂമി കൈവശംവെക്കാന്‍ ഇരുവരെയും അനുവദിക്കുകയാണ് ചെയ്തത്. ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ വയനാട് ജില്ലയില്‍ ഭൂമിയില്ളെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വീരേന്ദ്രകുമാറിന്‍െറ പിതാവ് പത്മപ്രഭ ഗൗഡര്‍ നിയമപരമായി ഭാഗിച്ചുനല്‍കിയ ഭൂമിയില്‍ ഉള്‍പ്പെട്ടതല്ല ഇവര്‍ കൈവശംവെക്കുന്ന ഭൂമി. ഇരുവരും യു.ഡി.എഫിലെ ഘടകകക്ഷിയും നേതാക്കളുമായതിനാലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇവരെ സഹായിച്ചത്.


ഭൂമി പതിച്ചുകിട്ടുന്നതിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എം.വി. ശ്രേയാംസ് കുമാര്‍ നല്‍കിയ റിട്ട് പരാതി ഹൈകോടതി തള്ളിയിരുന്നു. സംഭവം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെയും അറിയിച്ചൂവെങ്കിലും നടപടിയെടുക്കാത്തതാണ് ഇരുവരെയും പരാതിയില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.