തിരുവനന്തപുരം: സാമൂഹിക സുരക്ഷ, കൃഷി-പരമ്പരാഗത മേഖല, പാര്‍പ്പിടം എന്നിവക്ക് ഊന്നല്‍ നല്‍കി അടിസ്ഥാന വികസനരംഗത്ത് പുതിയ സമീപനവുമായി പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ്. 12000 കോടിയുടെ മാന്ദ്യപ്രതിരോധ പാക്കേജും വലിയ റോഡുകള്‍ക്കും പാര്‍ക്കുകള്‍ക്കും വ്യവസായ പദ്ധതികള്‍ക്കുമായി ഭൂമി ഏറ്റെടുക്കാന്‍ 8000 കോടിയും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു. ബജറ്റിന് പുറത്ത് പണം കണ്ടത്തെി മൂലധനച്ചെലവ് വര്‍ധിപ്പിക്കാന്‍ കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് - ഫണ്ട് ബോര്‍ഡ് വഴി കടപ്പത്രമടക്കമുള്ള മാര്‍ഗങ്ങളിലൂടെ പണം കണ്ടത്തെും. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരാനും ബജറ്റ് ലക്ഷ്യമിടുന്നു. അഞ്ചുവര്‍ഷത്തേക്ക് വെള്ളക്കരം വര്‍ധിപ്പിക്കില്ല.
വികസനം
സാമൂഹിക സുരക്ഷ
വില കൂടുന്നവ
വില കുറയുന്നവ
പൊലീസ് നവീകരണത്തിന് 40 കോടി
തിരുവനന്തപുരം: പൊലീസ് സേനയുടെ നവീകരണത്തിന് 40 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിനുപുറമെ സേനയുടെ ആധുനീകരണത്തിനായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി 20 കോടി രൂപ സംസ്ഥാനവിഹിതമായും വകയിരുത്തിയിട്ടുണ്ട്. അച്ചന്‍കോവില്‍, കയ്പമംഗലം, കൊപ്പം, വയനാട് തൊണ്ടര്‍നാട്, ചിറയിന്‍കീഴ് നഗരൂര്‍, പിണറായി, പാലക്കാട് പൂത്തൂര്‍ എന്നിവിടങ്ങളില്‍ പുതിയ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും.
സിനിമയുടെ പകര്‍പ്പവകാശ നികുതി ഒഴിവാക്കി
സിനിമയുടെ പകര്‍പ്പവകാശ വില്‍പനക്കും ഉപയോഗ അവകാശം കൈമാറുന്നതിനും നല്‍കിയ പൂര്‍ണ നികുതി ഇളവ് പുന$സ്ഥാപിക്കും സ്ക്രാപ് ബാറ്ററികളുടെ നികുതി അഞ്ചു ശതമാനമായി കുറക്കും തെര്‍മോകോള്‍ നിര്‍മിത ഡിസ്പോസബ്ള്‍ പ്ളേറ്റുകളുടെയും കപ്പുകളുടെയും 13-14, 14-15 വര്‍ഷങ്ങളിലെ നികുതി അഞ്ചുശതമാനം മുനിസിപ്പല്‍ പ്ളാസ്റ്റിക് മാലിന്യത്തിന്‍െറ അഞ്ചു ശതമാനം നികുതി എടുത്തുകളഞ്ഞു പുതിയ സ്വര്‍ണക്കടകളുടെ കോമ്പൗണ്ട് നികുതി നിശ്ചയിക്കാന്‍ നഗരങ്ങളെ ക്ളാസിഫൈ ചെയ്ത് വ്യത്യസ്ത നികുതി നിരക്ക്. കോമ്പൗണ്ട് ചെയ്യാത്തവരുടെ വിറ്റുവരവ് സംബന്ധിച്ച് കര്‍ശന പരിശോധന അനുമാന നികുതിദായകര്‍ക്ക് ആംനസ്റ്റി പദ്ധതി ഹോട്ടല്‍ ആഡംബര നികുതി നിരക്ക് കുറച്ചു, പൂര്‍ണ ഇളവ് 400 രൂപയായി ഉയര്‍ത്തി, 500-1000 രൂപ വരെ ആറു ശതമാനവും 1000ന് മുകളില്‍ 10 ശതമാനവും നികുതി. 14-15ല്‍ നല്‍കിയ ഇളവ് പിന്‍വലിക്കും എല്‍.എന്‍.ജി വാങ്ങുമ്പേള്‍ എഫ്.എ.സി.ടി ഒടുക്കുന്ന നികുതി മടക്കിനല്‍കും
ജില്ലാ കേന്ദ്രങ്ങളില്‍ സാംസ്കാരിക സമുച്ചയങ്ങള്‍
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 40 കോടി രൂപ ചെലവില്‍ കേരള നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങള്‍. സാംസ്കാരിക സമുച്ചയങ്ങളുടെ പേരുകള്‍
12,000 കോടിയുടെ രണ്ടാം മാന്ദ്യവിരുദ്ധപാക്കേജ്
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ 12,000 കോടിയുടെ രണ്ടാംമാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചു. 2008ല്‍ താന്‍ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടിലടക്കം ശ്ളാഘിക്കപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ പാക്കേജില്‍ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട മൂലധനച്ചെലവുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമേ ഭൂമി ഏറ്റെടുക്കലിന് 8,000 കോടി അടുത്തവര്‍ഷം അവസാനത്തോടെ വേണ്ടിവരും. അങ്ങനെ മൊത്തം 20,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള വിഭവസമാഹരണത്തിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി ധനസമാഹരണ മാര്‍ഗങ്ങള്‍ തേടും. കടംവാങ്ങല്‍ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ നിയമപരിഷ്കാരങ്ങല്‍ നടപ്പാക്കും. ഫ്രണ്ട് ട്രസ്റ്റി ഉപദേശക സമിതി രൂപവത്കരിക്കും. ഇതൊരു സ്വതന്ത്രകമീഷനായി പ്രവര്‍ത്തിക്കും. ധനകാര്യരംഗത്ത് അന്തര്‍ദേശീയ തലത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിയാവും അധ്യക്ഷന്‍.
സാമ്പത്തിക വിദഗ്ധര്‍ കമീഷനില്‍ അംഗങ്ങളാകും. ഓരോ ആറുമാസവും സമാഹരിച്ച തുകയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കും. പ്രതിവര്‍ഷം മോട്ടോര്‍വാഹന നികുതിയുടെ ഒരു വിഹിതവും പെട്രോളിന്‍മേലുള്ള സെസും ‘കിഫ്ബി’ക്ക് ലഭ്യമാക്കും. സമാഹരിക്കുന്ന തുകക്ക് സര്‍ക്കാര്‍ ഗാരന്‍റി ഉറപ്പാക്കും. ‘കിഫ്ബി’ സമാഹരിക്കുന്ന പണം ഖജനാവില്‍ നിക്ഷേപിക്കുകയോ ഇതരവകുപ്പുകള്‍ വഴി ചെലവാക്കുകയോ ചെയ്യില്ല. ‘കിഫ്ബി’ യുടെ ലാന്‍ഡ് ബോണ്ടുകള്‍ സഹകരണസംഘങ്ങള്‍ക്ക് സുരക്ഷിത നിക്ഷേപമായി ഉപയോഗിക്കാം. നടപ്പുവര്‍ഷം നാലുവരിപ്പാത, ഗെയില്‍ പൈപ്പ് ലൈന്‍, വിമാനത്താവളങ്ങള്‍ക്കും വ്യവസായ ശാലകള്‍ക്കുമുള്ള ഭൂമി എന്നിവക്ക് 3,000 കോടിയെങ്കിലും വേണ്ടിവരും. ഇതു ‘കിഫ്ബി’ വഴി ലഭ്യമാക്കും. ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് ഇതില്‍നിന്ന് നേരിട്ട് പണം അടക്കും. വിഭവസമാഹരണത്തിന്, തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പാലിറ്റികള്‍ക്കും നഗരസഭകള്‍ക്കും കടപ്പത്രമിറക്കാന്‍ അനുമതി നല്‍കും. പലിശരഹിത ബാങ്ക് സാധ്യമല്ലാത്ത സാഹചര്യത്തില്‍, പലിശരഹിത ബാങ്കിതരധനകാര്യസ്ഥാപനം രൂപവത്കരിക്കും. ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസിന്‍െറ പ്രവര്‍ത്തനം വിപുലീകരിക്കും. പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഡി.പിയുടെ നവീകരണത്തിന് പദ്ധതി നടപ്പാക്കും.
സാമൂഹികസുരക്ഷാ പെന്‍ഷനുകളെല്ലാം 1000 രൂപ ജൂലൈ മുതല്‍ വിതരണം
തിരുവനന്തപുരം: എല്ലാ സാമൂഹികസുരക്ഷാ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തുമെന്ന് ബജറ്റ്. ജൂലൈ മുതല്‍ 1000 രൂപ നിരക്കിലുള്ള പെന്‍ഷന്‍ വിതരണംചെയ്യും. ഇതിനായി 1000 കോടി വകയിരുത്തി. മുഴുവന്‍ പെന്‍ഷന്‍ കുടിശ്ശികകളും ഓണത്തിനുമുമ്പേ കൊടുത്തുതീര്‍ക്കും. ഒരുമാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കും. മണി ഓര്‍ഡര്‍, ബാങ്ക് അക്കൗണ്ട്, ബാങ്കിങ് കറസ്പോണ്ടന്‍റ് എന്നീ മൂന്ന് രീതികളില്‍ ഏതാണ് പെന്‍ഷന്‍ വിതരണത്തിന് സ്വീകാര്യമെന്നറിയാന്‍ കുടുംബശ്രീ വഴി വിവരശേഖരണം നടത്തും.
അഞ്ചുവര്‍ഷംകൊണ്ട് പാര്‍പ്പിട പ്രശ്നത്തിന് പൂര്‍ണപരിഹാരം
തിരുവനന്തപുരം: അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ പാര്‍പ്പിട പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വീട് വേണ്ടവരുടെ ലിസ്റ്റ് തയാറാക്കും. റേഷന്‍കാര്‍ഡ് ഒന്നിന് ഒരു വീട് എന്നത് നിബന്ധനയാക്കും. സര്‍ക്കാര്‍ നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാവും അപേക്ഷ പരിഗണിക്കുക. അപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി പരിശോധിക്കും. തുടര്‍ന്ന് ഗ്രാമസഭയില്‍ അവതരിപ്പിക്കണം. അര്‍ഹതാ ലിസ്റ്റിന്‍െറ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുക്കാം. വീടൊന്നിന് രണ്ടു ലക്ഷം രൂപയായിരിക്കും ധനസഹായം. എസ്.സി വിഭാഗത്തിന് 2.5 ലക്ഷം രൂപയും എസ്.ടി വിഭാഗത്തിന് മൂന്നു ലക്ഷം രൂപയുമാണ് ധനസഹായം. വായ്പയുടെ പലിശ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കും. ഉദാരമതികളുടെ സഹായം, ഗുണഭോക്തൃവിഹിതം എന്നിവ ചേര്‍ത്ത് വീടുപണി പൂര്‍ത്തിയാക്കാന്‍ അനുവാദമുണ്ടാകും. ഐ.എ.വൈ പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. സബ്സിഡി തുകയില്‍ പൂര്‍ത്തീകരിക്കാവുന്ന വീടുകളുടെ മാതൃകകള്‍ അക്രഡിറ്റഡ് ഏജന്‍സികള്‍ വഴി ലഭ്യമാക്കും.
ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്‍റ് വീതമെങ്കിലും സ്ഥലം ലഭ്യമാക്കും. ഇത് സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് കൊടുക്കുകയോ പുറമ്പോക്ക് ലഭ്യമാക്കുകയോ ചെയ്യാം. പാതിവഴിയില്‍ മുടങ്ങിപ്പോയ വീടുകളുടെ പണി പൂര്‍ത്തീകരിക്കാനും പദ്ധതിയുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 10 കോടി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ബജറ്റില്‍ 10 കോടി രൂപയുടെ സാമ്പത്തിക സഹായം.
നെല്ല് സംഭരണത്തിന് 385 കോടി, റബറിന് 500 കോടി
തിരുവനന്തപുരം: ബജറ്റില്‍ നെല്ല് സംഭരണത്തിന് 385 കോടി വകയിരുത്തി. ഒരാഴ്ചക്കകം കൃഷിക്കാര്‍ക്ക് കാര്‍ഷിക സഹകരണ ബാങ്ക് വഴി പണം നല്‍കാന്‍ സംവിധാനം ഒരുക്കും. നെല്‍ക്കൃഷി പ്രോത്സാഹനത്തിനുള്ള അടങ്കല്‍ 50 കോടിയായി ഉയര്‍ത്തി. നെല്‍വയല്‍ നികത്തുന്നതിന് 2014-15ലെ ബജറ്റില്‍ ഫിനാന്‍സ് ബില്ലിന്‍െറ ഭാഗമായുള്ള വ്യവസ്ഥകള്‍ എടുത്തുമാറ്റി.
നെല്‍വയല്‍ ഡാറ്റാ ബാങ്ക് സൃഷ്ടിക്കാന്‍ ആധുനിക ഐ.ടി സങ്കേതങ്ങള്‍ ഉപയോഗിക്കും. അഗ്രോ സര്‍വിസ് സെന്‍റര്‍ വ്യാപിപ്പിക്കും. ലേബര്‍ ആര്‍മി, ലേബര്‍ ബാങ്ക് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന് -31 കോടി. കാര്‍ഷിക സര്‍വകലാശാല- 65 കോടി. പാരമ്പര്യവിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിന് മൂന്നുകോടി. അഗ്രികള്‍ചര്‍ മാര്‍ക്കറ്റ് പ്രോജക്ട്- 10കോടി. റബര്‍ കിലോക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിന് 500 കോടി. പത്തനംതിട്ട, കായംകുളം കെ.വി.കെ കളെ കേന്ദ്രീകരിച്ച് ചക്ക ഗവേഷണത്തിനും പ്രചാരണത്തിനും പദ്ധതി തയാറാക്കുന്നതിന് അഞ്ചുകോടി. കുരുമുളകിനും ഏലത്തിനും 10കോടി വീതവും വകയിരുത്തി.
കാര്‍ഷികപദ്ധതികളുടെ അടങ്കല്‍ 600കോടി
കാര്‍ഷികപദ്ധതികളുടെ അടങ്കല്‍ 600കോടിയായി ഉയര്‍ത്തും. 217 കോടിയുടെ കേന്ദ്രാവിഷ്കൃതപദ്ധതികള്‍ക്ക് പുറമേയാണിത്. പച്ചക്കറി സ്വയംപര്യാപ്തതക്കുള്ള ജനകീയ കാമ്പയിന്‍ തുടങ്ങും. പച്ചക്കറി മേഖലയുടെ അടങ്കല്‍ 100കോടിയാണ്. തദ്ദേശസ്ഥാപനങ്ങള്‍ 100 കോടി മുതല്‍മുടക്കും. തരിശ്ഭൂമിയില്‍ കൃഷിയിറക്കും. പച്ചക്കറി പ്രൊഡ്യൂസേഴ്സ് കമ്പനികള്‍ക്ക് വിപണനസൗകര്യം ഒരുക്കുന്നതിന് 25 കോടി. നാളികേര പാര്‍ക്കുകള്‍ ആരംഭിക്കും. നാളികേരസംഭരണത്തിന് 25 കോടി. വെളിച്ചെണ്ണനികുതി വരുമാനം നാളികേരകൃഷിക്കാര്‍ക്ക് സബ്സിഡിയായി നല്‍കും. നാളികേര സംഭരണത്തിനുള്ള അടങ്കല്‍ 100 കോടിയായി ഉയര്‍ത്തി.
അഗ്രോപാര്‍ക്ക് ശൃംഖലകള്‍
ജില്ലാ കാര്‍ഷിക ഫാമുകളുടെ സ്ഥലം ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ചെറുകിട ഇടത്തരം അഗ്രോപാര്‍ക്കുകളുടെ ശൃംഖല സ്ഥാപിക്കും. ഇതിനായി പ്രത്യേക നിക്ഷേപനിധിയില്‍നിന്ന് 500കോടി നീക്കിവെക്കും. ഈ വര്‍ഷം 50 കോടി ചെലവഴിക്കും.
തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം- നാളികേര അഗ്രോപാര്‍ക്കുകള്‍, പാലക്കാട്, ആലപ്പുഴ, എറണാകുളം-നെല്ലിനുള്ള അഗ്രോപാര്‍ക്കുകള്‍, തൃശൂരില്‍ വാഴപ്പഴം- തേന്‍ അഗ്രോപാര്‍ക്കുകള്‍, ഇടുക്കി, വയനാട്- സ്പൈസസ് പാര്‍ക്കുകള്‍, കോട്ടയം, പത്തനംതിട്ട- റബര്‍ വ്യവസായ പാര്‍ക്കുകള്‍, മാളയില്‍ ചക്ക അഗ്രോപാര്‍ക്ക്, കാന്തല്ലൂരില്‍ പച്ചക്കറി മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ അഗ്രോപാര്‍ക്ക് എന്നിവ സ്ഥാപിക്കും.
മൃഗസംരക്ഷണത്തിന് 290 കോടി, ക്ഷീരവികസനത്തിന് 383
മൃഗസംരക്ഷണത്തിന് 290കോടിയും ക്ഷീരവികസനത്തിന് 383 കോടിയും അടങ്കല്‍. കന്നുകുട്ടി പരിപാലനത്തിന് 50 കോടിയും കാലിത്തീറ്റക്ക് 20 കോടിയും സബ്സിഡി നല്‍കും. മില്‍ക്ക് ഷെഡ്-തീറ്റപ്പുല്‍ വികസനത്തിന് 46 കോടിയും ജപ്തിനടപടി നേരിടുന്ന കൃഷിക്കാരെ സഹായിക്കാന്‍ അഞ്ച് കോടിയും വകയിരുത്തി. മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനത്തെ തൊഴിലുറപ്പുമായി ബന്ധിപ്പിക്കും. 1000 കോടിയുടെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കും.
കയര്‍, കശുവണ്ടി, കൈത്തറി ആധുനീകരിക്കാന്‍ കോടികള്‍
കയറിന് വിലസ്ഥിരതാ ഫണ്ട് 100 കോടിയും കശുവണ്ടി ഫാക്ടറികളുടെ ആധുനീകരണത്തിന് 100 കോടിയും കൈത്തറി, യന്ത്രത്തറി വ്യവസായത്തിന് 71 കോടിയും നീക്കിവെച്ചു. ചകിരി ഉല്‍പാദന യൂനിറ്റുകള്‍ക്ക് 50ശതമാനം മുതല്‍മുടക്ക് സബ്സിഡി നല്‍കും. പുതിയ യന്ത്രവത്കൃത ഫാക്ടറികള്‍ക്ക് സര്‍ക്കാര്‍ 10 ശതമാനം ഇളവ് നല്‍കും. ആലപ്പുഴയില്‍ പി.വി.സി കയര്‍ അവശിഷ്ടങ്ങള്‍ സംസ്കരിച്ച് ബോര്‍ഡുകളാക്കുന്നതിന് സംയുക്തസംരംഭം ആരംഭിക്കും. സഹകരണസംഘം ഉല്‍പാദിപ്പിക്കുന്ന കയര്‍ കയര്‍ഫെഡ് സംഭരിക്കും. റിബേറ്റ് നല്‍കി ഇവ വിറ്റഴിക്കും. ഇതിനായി വിലസ്ഥാരതാ ഫണ്ട് 100കോടിയായി ഉയര്‍ത്തും. സംഘങ്ങളുടെ പുന$സംഘടനക്ക് 15 കോടി വകയിരുത്തി.
കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കും. കെ.എസ്.സി.ഡി.സി- 30 കോടി. കാപക്സ്- എട്ടു കോടി വകയിരുത്തി. 10 കശുവണ്ടി ഫാക്ടറികളുടെ ആധുനീകരണത്തിന്-100കോടി. കശുമാവ് കൃഷിയുടെ പ്രോത്സാഹനം- അഞ്ച് കോടി. കൈത്തറിയില്‍ വരുമാന ഉറപ്പുപദ്ധതി- 30 കോടി. ഖാദി, ഗ്രാമവ്യവസായം- 14 കോടി വീതം. വരുമാന ഉറപ്പുപദ്ധതി-10 കോടി. ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലുള്ള കുട്ടികള്‍ക്ക് സൗജന്യയൂനിഫോം. ഇതിനുവേണ്ടി തുണി ഉല്‍പാദിപ്പിക്കുന്നതിനുള്ള സ്കീം ഈ വര്‍ഷം നടപ്പാക്കും. കരകൗശല വ്യവസായം- എട്ട് കോടി. പനമ്പ് നെയ്ത്ത്- 10കോടി. ദിനേശ് ബീഡി സഹകരണസംഘത്തിന് ഗ്രാന്‍റ്-എട്ടുകോടി. ആര്‍ട്ടിസാന്‍സ് കോര്‍പറേഷന്‍- അഞ്ചുകോടി. പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് 2011 മുതലുള്ള ഡി.എ.കുടിശ്ശിക അനുവദിക്കും.
പ്രവാസികളുടെ പുനരധിവാസത്തിന് 24 കോടി ‘നോര്‍ക്ക’ക്ക് 28 കോടി
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ മാന്ദ്യത്തെ തുടര്‍ന്ന് തിരികെ എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് 24 കോടി. കഴിഞ്ഞ സര്‍ക്കാര്‍ 12 കോടിയാണ് വകയിരുത്തിയിരുന്നത്. പുതിയ ബജറ്റില്‍ അത് ഇരട്ടിയായി വര്‍ധിപ്പിക്കുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ മാന്ദ്യം പ്രവാസികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അവരുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പുനരധിവാസം ആവശ്യമില്ലാത്തവര്‍ക്ക് നാട്ടില്‍ നിക്ഷേപ സൗകര്യമൊരുക്കുകയോ തൊഴിലോ നല്‍കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തവണത്തെ ബജറ്റില്‍ വ്യവസായ പാര്‍ക്കുകളുടെയും മറ്റു നിക്ഷേപസൗകര്യങ്ങളുടെയും പുതിയ അധ്യായം സര്‍ക്കാര്‍ തുറക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ നയം കൂടുതല്‍ വിപുലപ്പെടുത്തും. നോര്‍ക്ക വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് 28 കോടി വകയിരുത്തിയിട്ടുണ്ട്. നിലവില്‍ ക്ഷേമഫണ്ട് ഒരു ലക്ഷം രൂപയാണ്. ഇത് 10 കോടിയായി ഉയര്‍ത്തും. ക്ഷേമനിധിയില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കും. വിദേശത്തുനിന്ന് മടങ്ങിവരുന്നവര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന ബാക്ക് എന്‍ഡ് വായ്പാ പദ്ധതിയുടെ സബ്സിഡി മുന്‍കൂറായി ബാങ്കില്‍ അടക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ കോളജുകള്‍ക്ക് 500 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ 52 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളുടെയും സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 500 കോടി രൂപ. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ്, തൃശൂര്‍ കേരള വര്‍മ, പാലക്കാട് ഗവ. വിക്ടോറിയ, തലശ്ശേരി ഗവ. ബ്രണ്ണന്‍ എന്നീ കോളജുകളെ ഡിജിറ്റല്‍ കേന്ദ്രങ്ങളായും മികവിന്‍െറ കേന്ദ്രങ്ങളായും മാറ്റും. ഇതിനായി 150 കോടി രൂപ. 10 കോടി രൂപ 2011ലെ ബജറ്റില്‍ പ്രഖ്യാപിച്ച സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍റ് കള്‍ച്ചര്‍ എന്ന സ്ഥാപനത്തിനും 10 കോടി ആര്‍ക്കൈവ്സിനും അഞ്ച് കോടി മ്യൂസിയങ്ങള്‍ക്കും അധികമായി അനുവദിക്കും.
പ്ളാന്‍േറഷന്‍ മേഖലകളായ കല്‍പ്പറ്റ, മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളജുകളില്‍ രണ്ട് വീതം ബിരുദാനന്തര കോഴ്സുകള്‍ അനുവദിക്കും. കുടിശികയായ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കുന്ന പദ്ധതിക്കായി 100 കോടി വകയിരുത്തി. സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് 235 കോടി. കുസാറ്റിന് 21 കോടി. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലക്ക് 30 കോടി. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, കോട്ടയം എന്‍ജിനീയറിങ് കോളജുകള്‍ക്ക് അനുവദിച്ചിരുന്ന 17.3 കോടി രൂപയില്‍ പത്ത് കോടി വിനിയോഗിച്ച് അസാപിന്‍െറ കീഴില്‍ പരിശീലനം നല്‍കുന്ന യുവാക്കള്‍ക്ക് അപ്രന്‍റിഷിപ്പ് കാലത്ത് പോളിടെക്നിക്ക് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതുപോലുള്ള സ്കീം നടപ്പാക്കും. പോളിടെക്നിക്കുകളുടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് 50 കോടി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നും വകയിരുത്തി. പത്ത് ഐ.ടി.ഐ.കള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 50 കോടി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നും വകയിരുത്തി.
നികുതികുടിശ്ശിക പിരിക്കാന്‍ നടപടി; ട്രാന്‍സിറ്റ് പാസ് ഫീസ് 250 രൂപ
തിരുവനന്തപുരം: നികുതികേസുകളില്‍ ആദ്യ അപ്പീല്‍ അധികാരിയുടെ മുന്നില്‍ കുരുങ്ങിക്കിടക്കുന്ന 1412. 41 കോടിരൂപയുടെ വിഷയം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. പിരിച്ചെടുത്ത നികുതിയും മൊത്തം നികുതി ബാധ്യതയുടെ 20 ശതമാനവും ഒടുക്കിയാല്‍ സ്റ്റേ ലഭിക്കും. കെട്ടിക്കിടക്കുന്ന അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കും. ഹൈകോടതിയിലെ നികുതി കേസുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കും. തര്‍ക്കമില്ലാത്തവ പരിശോധിച്ച് റവന്യൂറിക്കവറി ഊര്‍ജിതപ്പെടുത്തും.
നികുതി ചോര്‍ച്ച തടയാന്‍ റെയില്‍വേ, ജലഗതാഗതം, വിമാനം എന്നിവവഴി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന ചരക്കുകളും ഡിക്ളയര്‍ ചെയ്യണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തും. ട്രാന്‍സിറ്റ് പാസിന്‍െറ ഫീസ് 250 രൂപയാക്കി. കരാര്‍ പണികളിലെ നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി. കരാറുമായി ബന്ധപ്പെട്ട കോമ്പൗണ്ടിങ് നികുതിയില്‍ ആവശ്യമായ ഭേദഗതികള്‍. കരാര്‍ പണിക്കാര്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളെ ഭൂമിയുടെ വില കണക്കാക്കാനും കുറവ് വരുത്താനും വ്യവസ്ഥ ചേര്‍ക്കും. റിട്ടേണില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ തുക സ്റ്റാമ്പ് ഡ്യൂട്ടിയായി അടക്കുകയാണെങ്കില്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ റീഫണ്ട് ആവശ്യപ്പെടാം. സര്‍ക്കാര്‍, ജലഅതോറിറ്റി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ കരാറുകാര്‍ കോമ്പൗണ്ടിങ് അപേക്ഷ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ മാപ്പാക്കാനുള്ള അധികാരം ജില്ലാ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് നല്‍കും.
റേഷന്‍കടകളെ പലചരക്ക് വില്‍പന കേന്ദ്രങ്ങളാക്കും
തിരുവനന്തപുരം: റേഷന്‍കടകള്‍ നവീകരിക്കുന്നതിനും പലചരക്ക് കൂടി വില്‍ക്കുന്ന കടകളായി രൂപാന്തരപ്പെടുത്തുന്നതിനും കെ.എസ്.എഫ്.ഇ വഴി പലിശ രഹിത വായ്പ അനുവദിക്കും. സൗജന്യ ഭക്ഷ്യസുരക്ഷാ പദ്ധതി വിപുലീകരിക്കും. തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ കൂടി സൗജന്യ റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി 300 കോടി വകയിരുത്തി. കേരളത്തില്‍നിന്ന് സംഭരിക്കുന്ന നെല്ലിന്‍െറ അരി തിരിമറി നടത്തി മോശം അരി വിതരണം ചെയ്യുന്ന സ്ഥിതിക്ക് വിരാമമിടും. സിവില്‍ സപൈ്ളസ് വിപണനശാലകളില്‍ നിര്‍ണയിക്കപ്പെട്ട ഇനങ്ങള്‍ക്ക് വിലവര്‍ധന വരുത്തില്ല. സ്രോതസ്സില്‍നിന്ന് നേരിട്ട് ചരക്കുകള്‍ വാങ്ങി ന്യായവിലക്ക് ലഭ്യമാക്കിയാണ് വില പിടിച്ചുനിര്‍ത്തുക. ഇതിനായി 75 കോടി അധികമായി അനുവദിച്ചു.
സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമാക്കി ഉയര്‍ത്തി
തിരുവനന്തപുരം: ഭൂമി വാങ്ങാന്‍ ഇനി ചെലവേറും. കുടുംബങ്ങള്‍ തമ്മിലെ സ്വത്ത് വിഭജനത്തിന് മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഏര്‍പ്പെടുത്തിയ ഇളവ് എടുത്തുകളഞ്ഞു. വിലയാധാരത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ന്യായവിലയുടെ ആറു ശതമാനമായിരുന്നത് എട്ടു ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ന്യായവില ഒൗദ്യോഗികമായി ഉയര്‍ത്തിയില്ളെങ്കിലും 30 ശതമാനം വരെ വര്‍ധിപ്പിച്ചാണ് ഇപ്പോള്‍ രജിസ്ട്രേഷന്‍ നടത്തുന്നത്. ഇതിന് പുറമെയാണ് സ്റ്റാമ്പ് ഡ്യൂട്ടി കുത്തനെ വര്‍ധിപ്പിച്ചത്. കുടുംബാംഗങ്ങള്‍ തമ്മിലെ ഭാഗപത്ര, ധനനിശ്ചയം, ഒഴിമുറി, ദാനം എന്നിവക്ക് മൂന്നു സ്റ്റാമ്പ് ഡ്യൂട്ടി ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. നിലവില്‍ എത്ര സ്വത്തുണ്ടെങ്കിലും 1000 രൂപ നല്‍കിയാല്‍ മതിയായിരുന്നു. മുഴുവന്‍ സ്വത്തിന്‍െറയും ന്യായവിലയുടെ മൂന്നു ശതമാനമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയത്. നിലവില്‍ 25000 രൂപ വരെയായിരുന്നു പരമാവധി രജിസ്ട്രേഷന്‍ ഫീസ്. ഈ പരിധി എടുത്തുകളഞ്ഞു. അതോടെ ഈ വിഭാഗത്തില്‍ വരുന്ന മുഴുവന്‍ സ്വത്തിനും രണ്ടു ശതമാനം വീതം രജിസ്ട്രേഷന്‍ ഫീസും നല്‍കണം.
ഫ്ളാറ്റുകളുടെ രജിസ്ട്രേഷന് കെട്ടിടത്തിന്‍െറ നില നിര്‍ണയിക്കാന്‍ എന്‍ജീനിയറുടെ സാക്ഷ്യപത്രം അടിസ്ഥാനമാക്കും. കേന്ദ്രമരാമത്ത് വകുപ്പിന്‍െറ മാനദണ്ഡ പ്രകാരം യോഗ്യനായ എന്‍ജിനീയറില്‍നിന്നാണ് സാക്ഷ്യപത്രം വേണ്ടത്. എന്നാല്‍ ഭൂമിയുടെ വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തില്‍ ന്യായവിലയുടെ അടിസ്ഥാനമാക്കിയ നിലവിലെ രീതി തുടരും. മുദ്രപ്പത്ര നിയമത്തില്‍ ആവശ്യമായ മാറ്റം ഇതിനായി വരുത്തും. എ.ടി.എം, മൊബൈല്‍ ടവര്‍ എന്നിവയുമായി ബന്ധപ്പെട്ട ആധാരങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ മുദ്രപ്പത്ര നിയമത്തില്‍ ഭേദഗതി വരുത്തും.
ഒരു ലക്ഷത്തോളം കോടിയുടെ മുതല്‍മുടക്ക്, ഗള്‍ഫ് പ്രതിസന്ധി നീണ്ടാല്‍ കുതിപ്പ് അവസാനിക്കും
തിരുവനന്തപുരം: പുതിയ സ്ഥാപനങ്ങള്‍ക്കും തസ്തികകള്‍ക്കും അടുത്ത രണ്ട് വര്‍ഷത്തേക്ക് നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്ന് ധനമന്ത്രി. ആരോഗ്യമേഖല ഒഴികെയുള്ള വകുപ്പുകളിലാവും ഇത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തോളം കോടി മുതല്‍മുടക്ക് ഉണ്ടാക്കാനായാല്‍ സംസ്ഥാനത്തിന്‍െറ സാമ്പത്തികമുരടിപ്പ് മറികടക്കാം. 2016-17 ലെ വികസനതന്ത്രം ഇതാണെന്നും ബജറ്റിന്‍െറ ആമുഖത്തില്‍ വിശദീകരിക്കുന്നു. സമ്പദ്ഘടനയുടെമേല്‍ കരിമേഘങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അതില്‍ നിന്ന് കരകയറാനുള്ള മാര്‍ഗത്തിലേക്ക് ബജറ്റ് കടക്കുന്നത്. കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കി നികുതിവരുമാനം ഉയര്‍ത്തും. പാവങ്ങളുടെ സമാശ്വാസങ്ങള്‍ക്കും അവരുടെ തൊഴില്‍സംരക്ഷണത്തിലും കുറവുവരുത്തില്ല. പുതിയ സ്ഥാപനങ്ങളും തസ്തികകളും മാറ്റിവെച്ചാല്‍ റവന്യൂ കമ്മി കുറക്കാം. അതോടെ വായ്പയുടെ കൂടുതല്‍ വിഹിതം മൂലധനചെലവിനായി നീക്കിവെക്കാനാവും. ഇതില്‍ ഒരു ഭാഗം ഉപയോഗപ്പെടുത്തി അതിന്‍െറ പലമടങ്ങ് പണം ബജറ്റിന് പുറത്ത് സമാഹരിക്കാം. അതിലൂടെ സര്‍ക്കാര്‍നേതൃത്വത്തിലുള്ള മുതല്‍മുടക്കില്‍ കുതിപ്പുണ്ടാക്കാനാവും. നൂല്‍പാലത്തിന്മേലുള്ള നടത്തമാണിത്- ധനമന്ത്രി ഓര്‍മിപ്പിക്കുന്നു. മൂലധനനിക്ഷേപം കൂട്ടും. റവന്യൂകമ്മി നിയന്ത്രണാധീനമാക്കുക മാത്രമല്ല അഞ്ചാം വര്‍ഷം ഇല്ലാതാക്കാനും കഴിയണം. ജനങ്ങള്‍ എന്തു വാങ്ങുമ്പോഴും ബില്ല് ചോദിച്ച് വാങ്ങണം. മൂലധന ചെലവിലുള്ള ധാരാളിത്തം കണ്ട് റവന്യൂ ചെലവും കൂട്ടാമെന്ന് കരുതേണ്ട. പദ്ധതിയിതര ചെലവില്‍ ഇന്നുള്ള ശമ്പളവും പെന്‍ഷനും പലിശയും ഒഴിവാക്കില്ല. പക്ഷേ, മറ്റുചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കും. എങ്കിലും നിത്യനിദാനചെലവുകള്‍ക്കുള്ള ഞെരുക്കം ഈ വര്‍ഷം മാത്രമല്ല അടുത്തവര്‍ഷവും നിഴലായി ഉണ്ടാവും.
സംസ്ഥാനത്തിന്‍െറ സാമ്പത്തികപ്രതിസന്ധിക്ക് കാരണം നികുതിവരുമാനത്തിലുണ്ടായ ഇടിവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം നികുതിയായി പിരിക്കേണ്ട തുക 1,26,666.62 കോടിയായിരുന്നു. പുറമേ അധിക വിഭവസമാഹരണമായി 3,463.68 കോടിയും. മൊത്തം 1,30,130.3 കോടിയാണ് ഇങ്ങനെ പ്രതീക്ഷിച്ചത്. എന്നാല്‍, പിരിക്കാന്‍ കഴിഞ്ഞത് ലക്ഷ്യത്തിന്‍െറ 81.63 ശതമാനം മാത്രം. 2,39,00.68 കോടി പിരിക്കാനായില്ല. ഇതാണ് പ്രതിസന്ധിയുടെ മൂലകാരണം. കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണിത് സംഭവിച്ചത്. നാണ്യവിളകളുടെ വിലത്തകര്‍ച്ച പരിഹാരമില്ലാതെ തുടരുന്നു. ഗള്‍ഫ് പ്രതിസന്ധി നീണ്ടാല്‍ വിദേശനാണ്യവരുമാനത്തെ പ്രതികൂലമായി ബാധിക്കും. കേരള സമ്പദ്ഘടനയില്‍ 80 കളുടെ അവസാനത്തോടെ രൂപപ്പെട്ട കുതിപ്പ് ഇതോടെ അവസാനിക്കും. സര്‍ക്കാര്‍ സര്‍വശക്തിയും ഉപയോഗിച്ച് സാമ്പത്തികമേഖലയില്‍ ഇടപെട്ട് ആഭ്യന്തര വരുമാനവളര്‍ച്ച ത്വരിതഗതിയിലാക്കാന്‍ പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസത്തില്‍ 3600 രൂപ
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസ സമാശ്വാസ പദ്ധതി 1880ല്‍ നിന്ന് 3600 രൂപയായി ഉയര്‍ത്തി. ഇതിനായി 10 കോടിയും കടാശ്വാസത്തിനായി 50 കോടിയും വകയിരുത്തി. കടല്‍ഭിത്തി നിര്‍മാണം- 42കോടി. സി.ആര്‍. ഇസഡ് പരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മാറിത്താമസിക്കുന്നതിന് 10 ലക്ഷം രൂപ. ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം- 25 കോടി. വിഴിഞ്ഞം തുറമുഖത്തിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന്‍െറ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. പുലിമുട്ടുകളുടെ നിര്‍മാണം- 300 കോടി. ഈ വര്‍ഷം 100 കോടി ചെലവഴിക്കും. അര്‍ത്തുങ്കല്‍, വെള്ളായി, പാനൂര്‍, മഞ്ചേശ്വരം, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് 26 കോടിയും ചത്തെി, തലശ്ശേരി തുറമുഖങ്ങളുടെ പൂര്‍ത്തീകരണത്തിന് അഞ്ച് കോടിയും ആഴക്കടല്‍ മല്‍സ്യബന്ധനത്തിനുള്ള പരിശീനത്തിന് 10 കോടിയും വകയിരുത്തി. മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിടനിര്‍മാണം-100 കോടി. അടിസ്ഥാനസൗകര്യവികസനം- 78 കോടി. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍- അഞ്ചുകോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.