വ്യാപാര മേഖല ഹാപ്പി, കൊച്ചുകൊച്ചു പരിഭവങ്ങളുമായി ‘ന്യൂ ജെന്‍’

കൊച്ചി: പിണറായി സര്‍ക്കാറിന്‍െറ കന്നി ബജറ്റ് പുറത്തുവന്നപ്പോള്‍ വ്യാപാര മേഖല ഹാപ്പി;  അതേസമയം, ‘ന്യൂജെന്’ കൊച്ചുകൊച്ചു പരിഭവങ്ങളും. ചരക്കു വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചതടക്കമുള്ള നിര്‍ദേശങ്ങള്‍ വിലക്കയറ്റത്തിന് വഴിവെക്കുമോ എന്ന ആശങ്കയില്‍ സാധാരണക്കാരും. വ്യാപാരികളെ തോളില്‍ കൈയിട്ട് അടുപ്പിച്ചുനിര്‍ത്തി നികുതി കൂടുതല്‍ സമാഹരിക്കുക എന്ന ധനമന്ത്രി തോമസ് ഐസക്കിന്‍െറ നയമാണ് വ്യാപാരി സമൂഹത്തെ സന്തുഷ്ടരാക്കുന്നത്. വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ കര്‍ക്കശമായ കട പരിശോധന, ചരക്കുമായി വരുന്ന വാഹനങ്ങള്‍ ചെക്പോസ്റ്റില്‍ അനന്തമായി കാത്തുകിടക്കേണ്ടിവരുന്നത്, നികുതി നിര്‍ദേശങ്ങളിലെ അവ്യക്തത തുടങ്ങിയവയായിരുന്നു വ്യാപാരി സമൂഹത്തെ അലട്ടിയിരുന്നത്. തങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ കള്ളന്മാരെപ്പോലെ കൈകാര്യംചെയ്യുന്നു എന്നായിരുന്നു വ്യാപാരികളുടെ പരാതി. ചെക്പോസ്റ്റുകളിലെ കാത്തുകിടപ്പ്, ലോറിവാടക കുത്തനെ വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്തിരുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നിര്‍ദേശങ്ങളാണ് ധനമന്ത്രിക്ക് വ്യാപാരി സമൂഹത്തിന്‍െറ കൈയടി നേടിക്കൊടുത്തത്.

ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള കട പരിശോധനക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് ബജറ്റ്. നിലവില്‍ വ്യാപാരികള്‍ സമര്‍പ്പിക്കുന്ന റിട്ടേണില്‍ സംശയംതോന്നിയാല്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തുന്നതാണ് രീതി. ഇതുമാറ്റി, ആവശ്യമെങ്കില്‍ വ്യപാരികളുടെ വിശദീകരണം തേടിയശേഷം മാത്രം കട സന്ദര്‍ശിക്കുക എന്നതാണ് നിര്‍ദേശം. ഇപ്പോള്‍ ചെക്പോസ്റ്റില്‍ ഒരുവാഹനം പരിശോധിക്കാന്‍ ഒന്നും രണ്ടും മണിക്കൂറെടുക്കുന്നുണ്ട്. ഇതുമൂലം വാഹനനിര നീളുകയും ഒന്നും രണ്ടും ദിവസംവരെ ചരക്കുവാഹനങ്ങള്‍ ചെക്പോസ്റ്റില്‍ കിടക്കേണ്ടിവരുകയും ചെയ്യുന്നു. ലോറിവാടക കുത്തനെ വര്‍ധിക്കുമെന്നു മാത്രമല്ല, സമയത്ത് ചരക്കത്തൊതെ കച്ചവടം താളംതെറ്റുകയും ചെയ്യുന്നു എന്നതാണ് ഇതിന്‍െറ അനന്തരഫലം.

ഒരു വാഹനപരിശോധന പരമാവധി 15 മിനുട്ടില്‍ ഒതുക്കാനാണ് നിര്‍ദേശം. എല്ലാ വാഹനങ്ങളിലെയും ചരക്ക് അഴിച്ച് പരിശോധിക്കുന്നതും അവസാനിപ്പിക്കും. ഇതിനായി ഇലക്ട്രോണിക് വേബ്രിഡ്ജ്, ബൂം ബാരിയര്‍, ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി, ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും. നികുതി സംബന്ധിച്ച് വ്യാപാരികളുടെ ആശയക്കുഴപ്പം മാറ്റാന്‍ ടാക്സ് അഡൈ്വസറി യൂനിറ്റ്, പരാതി പരിഹാര ടോള്‍ ഫ്രീ യൂനിറ്റ് മൊബൈല്‍ ആപ്ളിക്കേഷന്‍, നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ ഇ-ന്യൂസ് ലെറ്റര്‍, ടാക്സ് കോര്‍ണര്‍, പരാതികള്‍ അറിയിക്കാന്‍ കോള്‍ സെന്‍റര്‍ തുടങ്ങിയ നിര്‍ദേശങ്ങളെയും വ്യാപാരികള്‍ സ്വാഗതം ചെയ്യുന്നു.

വ്യാപാരമേഖലയിലെ സന്തോഷം പക്ഷേ, ‘ന്യൂ ജെന്‍’ മേഖലയില്‍ കാണുന്നില്ല എന്നതാണ് കൗതുകകരം. അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ളവയുടെ നികുതി വര്‍ധിപ്പിച്ചതും ന്യൂജെന്‍ ഇഷ്ട വിഭവങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതുമാണ് അവരുടെ പരിഭവത്തിന് കാരണം. ന്യൂജന്‍ വിഭവങ്ങളായ ബര്‍ഗര്‍, പിസ, ഡോനട്സ്, സാന്‍ഡ്വിച്ച്, പാസ്ത തുടങ്ങിയവക്ക് 14.5 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. ഇതോടെ, ഈയിനങ്ങള്‍ക്ക് വില വര്‍ധിക്കും. ചരക്കുവാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചത് അവശ്യവസ്തു വിലയില്‍ പ്രതിഫലിക്കുമെന്ന ആശങ്കയാണ് സാധാരണക്കാര്‍ക്കുള്ളത്. ആട്ട, മൈദ, റവ, സൂചി എന്നിവക്ക് അഞ്ചുശതമാനം അധിക നികുതിചുമത്തിയതും തുണിയുടെ മൂല്യവര്‍ധിത നികുതി ഒന്നില്‍ നിന്ന് രണ്ടു ശതമാനമാക്കി ഉയര്‍ത്തിയതും കുടുംബ ബജറ്റിന്മേല്‍ ഭാരം വര്‍ധിപ്പിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.