ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ പിന്നെ കാണാൻ പറ്റുമോ എന്നറിയില്ല... -അർജുന്‍റെ വീട്ടുകാർ

കോഴിക്കോട്: മണ്ണിടിച്ചിലിൽ കാണാതായ അർജുനെ ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ പിന്നെ കാണാൻ പറ്റുമോ എന്നറിയില്ലെന്നും പിന്നെ ഏത് അവസ്ഥയിലാണ് കിട്ടുക എന്നറിയില്ലെന്നും കുടുംബം. കർണാടകയിലെ അങ്കോലയിൽ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി ഇന്ന് ഏഴാം ദിവസം തിരച്ചിൽ പുനരാരംഭിച്ചതിന് പിന്നാലെ കോഴിക്കോട്ടെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുടുംബം.

‘വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെങ്കിൽ കരയിലേത് പോലെ വെള്ളത്തിലും തിരച്ചിൽ നടത്തണം. അർജുനെ കണ്ടെത്താതെ ഷിരൂരിലുള്ള കുടുംബാംഗങ്ങൾ മടങ്ങി വരില്ല. ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ അവനെ കാണാൻ പറ്റുമോ എന്നറിയില്ല, പിന്നെ ഏത് അവസ്ഥയിലാണ് കിട്ടുക എന്നറിയില്ല.

ഇന്നലെ നടത്തിയ രക്ഷാപ്രവർത്തനത്തിലെ വേഗതയിലും വിശ്വാസമില്ല. എന്തുകൊണ്ടാണ് മെല്ലെപ്പോക്ക് എന്നറിയില്ല. ആരെയും കുറ്റപ്പെടുത്താനില്ല. നിങ്ങളുടെ എല്ലാവരുടെയും ഇടപെടൽ കൊണ്ടാണ് സർവ സന്നാഹവും അവിടെ എത്തിയത്. വിശ്വാസമൊക്കെ നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ട്..’ -അർജുന്‍റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

പുഴയിൽ തിരച്ചിൽ തുടങ്ങി

ഇന്ന് അർജുന് വേണ്ടിയുള്ള തിരച്ചിൽ കരയിൽ നടക്കുന്നതിനൊപ്പം പുഴയിലും ആരംഭിച്ചു. കരസേനയുടെയും നാവികസേനയുടെയും വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള പരിശോധനയാണ് നടത്തുന്നത്. പുഴയുടെ നടുവിൽ കുന്ന് പോലെ വലിയ മൺതിട്ട വീണ് കിടക്കുകയാണ്.

മണ്ണിടിച്ചിലിൽ പെട്ടവരെ കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരണമെന്നാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.

Tags:    
News Summary - comment of Arjun's family members about Landslide rescue search

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.