നാളികേര കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ പോര

വടകര: ഇടതുമുന്നണി സര്‍ക്കാറിന്‍െറ ബജറ്റില്‍ നാളികേര കര്‍ഷകര്‍ക്കായി വിവിധ പദ്ധതികളാണ് മുന്നോട്ടുവെക്കുന്നത്. ഇതില്‍, പ്രധാനം നാളികേര പാര്‍ക്കും അഗ്രോപാര്‍ക്കും വെളിച്ചെണ്ണക്ക് അഞ്ചുശതമാനം നികുതി വര്‍ധിപ്പിച്ചതിലൂടെ ലഭിക്കുന്ന നേട്ടങ്ങളുമാണ്. എന്നാലിതൊക്കെ ആവശ്യത്തിനു ഫണ്ട് അനുവദിക്കാതെ നടത്തിയ വാഗ്ദാനങ്ങള്‍ മാത്രമാണെന്നാണ് കര്‍ഷകരുടെ വിമര്‍ശം.

മൂല്യവര്‍ധിത കാര്‍ഷികോല്‍പന്നങ്ങള്‍ക്കായി തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് നാളികേര അഗ്രോപാര്‍ക്കുകള്‍ ആരംഭിക്കുന്നത്. ഇതിനായി 500 കോടി രൂപയാണ് നീക്കിവെച്ചത്. ഇതില്‍  ഈവര്‍ഷം 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ബജറ്റില്‍ പറയുന്നു. ഇതേ ലക്ഷ്യംവെച്ചാണ് പ്രൊഡ്യൂസേഴ്സ് കമ്പനികളുമായി ബന്ധപ്പെടുത്തി നാളികേര പാര്‍ക്കുകള്‍ തുടങ്ങുന്നത്. നാളികേര സംഭരണത്തിന് 25 കോടി രൂപയാണ് വകയിരുത്തിയത്. താങ്ങുവില 25 രൂപയില്‍നിന്ന് 27 രൂപയാക്കി. വ്യാജ എണ്ണകളുടെ വരവിനെ തടുക്കാന്‍ വെളിച്ചെണ്ണക്ക് അഞ്ച് ശതമാനം നികുതി വര്‍ധിപ്പിച്ചു. ഇതില്‍നിന്നുള്ള അധികവരുമാനം പൂര്‍ണമായും നാളികേര സംഭരണത്തിനായി വിനിയോഗിക്കും. റബറിന് ഏര്‍പ്പെടുത്തിയതുപോലെ കേരകര്‍ഷകരില്‍നിന്ന് തേങ്ങ സംഭരിക്കുന്ന പദ്ധതി രൂപവത്കരിച്ച് വില കര്‍ഷകന്‍െറ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് എത്തിക്കും. ഇതുവഴി 150 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായും ബജറ്റില്‍ പറയുന്നു.

എന്നാല്‍, ബജറ്റില്‍ നാളികേര പ്രൊഡ്യൂസേഴ്സ് കമ്പനികള്‍ക്ക് പ്രതീക്ഷയില്ല. സംസ്ഥാനത്ത് 29 കമ്പനികളുണ്ട്. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് കൃത്യമായി സബ്സിഡി പ്രഖ്യാപിക്കാതെ നിലനില്‍ക്കാന്‍ കഴിയില്ളെന്നതാണ് വസ്തുത. നേരത്തെ കമ്പനികള്‍ രണ്ട് കോടി രൂപ സമാഹരിച്ചാല്‍ 50 ലക്ഷം ഇക്വിറ്റി ഗ്രാന്‍റ് ലഭിച്ചിരുന്നു. ഇതേകുറിച്ച് ബജറ്റ് മൗനം പാലിക്കുകയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം നീര പ്ളാന്‍റുകള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കേണ്ട 25 ശതമാനം സബ്സിഡി കിട്ടിയിട്ടില്ല. ഇതിനായി 15 കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സബ്സിഡി വിതരണം മരവിച്ചു.

ഇത്തരം ആനൂകൂല്യങ്ങളെ കുറിച്ചോ സമാനരീതിയിലുള്ള പദ്ധതികളെ കുറിച്ചോ പരാമര്‍ശിക്കാത്തത് ഏറെ നിരാശാജനകമാണെന്നാണ് അഭിപ്രായം.
നാളികേര കര്‍ഷകരെ അപേക്ഷിച്ച് ചുരുക്കം കര്‍ഷകര്‍ ആശ്രയിക്കുന്ന റബറിന് കിലോക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള സബ്സിഡി തുടരാനും 500 കോടി രൂപ വകയിരുത്താനും തീരുമാനിച്ചിരിക്കുകയാണ്. ഇത് നാളികേര മേഖലയോടുള്ള ചിറ്റമ്മനയത്തിന്‍െറ ഉദാഹരമാണെന്ന് പറയുന്നു. കൊപ്ര സംഭരണത്തിന് അനുവദിച്ച 25കോടി രൂപ നാമമാത്രമാണെന്ന് വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയര്‍മാന്‍ പ്രഫ. ഇ. ശശീന്ദ്രന്‍ മാധ്യമത്തോട് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ മാത്രം പ്രതിദിനം 10 ലക്ഷം തേങ്ങയുടെ ഉല്‍പാദനം നടക്കുന്നുണ്ട്. ഈ കണക്കുവെച്ചു നോക്കിയാല്‍തന്നെ തുക പോരെന്ന് മനസ്സിലാകും.

കമ്പനികള്‍ നിലനില്‍ക്കണമെങ്കില്‍ ഗ്രാന്‍റുകളും മറ്റും വ്യക്തമായി പറയണം. അല്ലാത്തപക്ഷം,  കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടും. ഇത്തരം വേളയില്‍ കര്‍ഷകര്‍ നിരാശരാവുമെന്നും പദ്ധതികള്‍തന്നെ ഇല്ലാതാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.