ജനപ്രിയം, ധനപ്രതിസന്ധി മറികടക്കാന്‍ ബദലിന് ശ്രമം

തിരുവനന്തപുരം: ലഭിക്കുന്ന വരുമാനവും വാങ്ങുന്ന കടവും വികസനത്തിന് തികയില്ളെന്ന തിരിച്ചറിവില്‍ ബജറ്റിന് പുറത്ത് പണം കണ്ടത്തൊന്‍ വലിയ ശ്രമമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് പിണറായി സര്‍ക്കാറിന്‍െറ ആദ്യ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. സ്വകാര്യനിക്ഷേപം ആകര്‍ഷിച്ചും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി കടപ്പത്രത്തിലൂടെയുമടക്കം പണം സമാഹരിക്കാനുള്ള നീക്കത്തിന് സംസ്ഥാനത്തിന്‍െറ ധനപ്രതിസന്ധി പ്രതിബന്ധം സൃഷ്ടിക്കാതിരിക്കലാണ് വെല്ലുവിളി. റവന്യൂകമ്മി ഗണ്യമായി കുറച്ച് വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ബജറ്റില്‍ ശ്രമം കാണാം. ധനപ്രതിസന്ധിയില്‍ തളരാതെ അതിനെ നേരിടാന്‍ ബദല്‍നിര്‍ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നു. അത് പ്രായോഗികമാകുന്നതുവരെ പ്രഖ്യാപിച്ച ചില പദ്ധതികളുടെ ഭാവി എന്തെന്ന ചോദ്യമുയരുന്നുണ്ട്.

12,000 കോടിയുടെ മാന്ദ്യപ്രതിരോധ പാക്കേജ്, വികസനപദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 8000 കോടി അടക്കം കാല്‍ലക്ഷത്തോളം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ കാലത്ത് രൂപംനല്‍കിയ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വിസ് (ഇസ്ലാമിക് ബാങ്ക്) ശക്തിപ്പെടുത്തി വികസനത്തിന് പണം കണ്ടത്തൊനും ശ്രമമുണ്ട്. ബജറ്റിന് പുറത്ത് ഈ പണം ലഭ്യമായാലേ പദ്ധതികള്‍ നടപ്പാകൂ. ഈ പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പണം കിട്ടിയില്ളെങ്കില്‍ പദ്ധതികളാകെ പൊളിയും. അഞ്ച് വര്‍ഷംകൊണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപവും ലക്ഷ്യമിടുന്നു. അതേസമയം, ഇല്ലാത്ത പണംവെച്ച് പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്തതെന്നാണ് പ്രതിപക്ഷ വിമര്‍ശം.

ധനപ്രതിസന്ധി നേരിടാന്‍ ശക്തമായ നിലപാടുമായാണ് ധനമന്ത്രിയുടെ പോക്കെന്ന് ബജറ്റ് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ചെലവുകളും തസ്തികകളും നിയന്ത്രിക്കലും നികുതിപിരിവ് ഊര്‍ജിതപ്പെടുത്തലുമാണ് ആദ്യ ലക്ഷ്യം. നികുതിപിരിവിന്‍െറ കാര്യത്തില്‍ ആദ്യമാസംതന്നെ 19 ശതമാനം വളര്‍ച്ച കൈവരിച്ചു. 25 ശതമാനമാണ് ലക്ഷ്യം. വരുംദിവസങ്ങളില്‍ കര്‍ശനനടപടികളും ഇടപെടലുകളും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാം. അതേസമയം, രജിസ്ട്രേഷന്‍ വകുപ്പിലും വാഹന നികുതിയിലും കാര്യമായ വര്‍ധന ബജറ്റ് വരുത്തിയിട്ടുണ്ട്. ആട്ട, മൈദ, വെളിച്ചെണ്ണ തുടങ്ങിയവക്കും നികുതിവന്നു. യു.ഡി.എഫിന്‍െറ അവസാനബജറ്റില്‍ നികുതിവര്‍ധന ഉണ്ടായിരുന്നില്ല.

പൊതുവേ ജനപ്രിയമുഖം നല്‍കുന്ന ബജറ്റ് അടുത്ത അഞ്ച് വര്‍ഷത്തെ സര്‍ക്കാറിന്‍െറ നയപരിപാടികളുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. മിക്ക പദ്ധതികളും അഞ്ച് വര്‍ഷമാണ് ലക്ഷ്യം വെക്കുന്നത്. അതിന്‍െറ ആദ്യവര്‍ഷ പരിപാടികളാണ് ഇക്കൊല്ലം നടപ്പാക്കുന്നത്. ഇതിലേറെയും അടിസ്ഥാനസൗകര്യമേഖലയിലാണ്. സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലത്തെിക്കല്‍, ആശുപത്രികളുടെ സൗകര്യം മെച്ചപ്പെടുത്തല്‍, കോളജുകളുടെ നിലവാരമുയര്‍ത്തല്‍ തുടങ്ങി അനിവാര്യമായ പല പദ്ധതികളും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പണം കണ്ടത്തെല്‍ സര്‍ക്കാര്‍ ഖജനാവിന് സമ്മര്‍ദമാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ബജറ്റിനുപുറത്ത് പണം കണ്ടത്തെുന്നത്.

84,616.85 കോടി റവന്യൂ വരവും 97,683.10 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 12ന് ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍നിന്ന് റവന്യൂവരുമാനവും ചെലവും വര്‍ധിപ്പിച്ചാണ് ഐസക് തിരുത്തല്‍ വരുത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ ബജറ്റിലെ റവന്യൂ വരവ് 84,092.61 കോടിയും ചെലവ് 93,990.06 കോടിയുമായിരുന്നു. ഐസക്കിന്‍െറ ബജറ്റിന്‍െറ യഥാര്‍ഥ കമ്മി 13,066.25 കോടിയാണ്. 17,296 കോടി പൊതുകടം ലഭിക്കുന്നതിന്‍െറ 73 ശതമാനവും ഉള്‍പ്പെടുത്തി കമ്മി 711.38 കോടിയിലത്തെിക്കാനാണ് നീക്കം. ബജറ്റില്‍ അഞ്ച് കോടി രൂപയുടെ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ 805 കോടിയുടെ അധികവിഭവസമാഹരണമാണ് ലക്ഷ്യം. 730.10 കോടിയുടെ അധികചെലവും പ്രഖ്യാപിച്ചിട്ടുണ്ട്. റവന്യൂകമ്മി അഞ്ചാംവര്‍ഷം ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷ. മൂലധനചെലവില്‍ വര്‍ധന വരുമെങ്കിലും റവന്യൂ ചെലവില്‍ അത് പ്രതിഫലിക്കില്ല. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ ഒഴികെ പദ്ധതിയിതര ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കും. ക്ഷേമപദ്ധതികളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. അല്‍പം ശക്തിപ്പെടുത്തുമെന്നാണ് പ്രഖ്യാപനങ്ങളില്‍ വ്യക്തമാകുന്നത്.

ആരോഗ്യവകുപ്പിലൊഴികെ പുതിയ സ്ഥാപനങ്ങള്‍ക്കും തസ്തികകള്‍ക്കും രണ്ട് വര്‍ഷത്തേക്ക് കര്‍ശന നിയന്ത്രണമുണ്ടാകും. ഇതിലൂടെ റവന്യൂകമ്മി കുറച്ച് വായ്പാപരിധിയുയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. യു.ഡി.എഫിന്‍െറ കാലത്തെ കാരുണ്യ, കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ പോലെ മികച്ച പദ്ധതികള്‍ ഇടത് ബജറ്റിലും നിലനിര്‍ത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.