പാലക്കാട്: പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ അനുവദിക്കപ്പെട്ട രണ്ടാം ഉപഭാഷക്ക് പകരമായി അറബി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അധ്യയനത്തിനുള്ള പ്രത്യേകാനുമതി പിന്‍വലിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ പുതിയ സര്‍ക്കുലര്‍. ജൂലൈ ഏഴിന് ഡയറക്ടര്‍ എം.എസ്. ജയയാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചത്. ചില ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ രണ്ടാം ഉപഭാഷയായി ഹിന്ദി മാത്രം അനുവദിച്ചതുമൂലം പത്താം ക്ളാസ്വരെ അറബി ഉള്‍പ്പെടെ എടുത്ത് പഠിച്ച കുട്ടികള്‍ക്ക് പ്ളസ്വണില്‍ ഹിന്ദിയിലേക്ക് മാറേണ്ട അവസ്ഥയുണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറിയിലും രണ്ടാം ഉപഭാഷയായി അറബി പഠിക്കാന്‍ അവസരം നല്‍കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് നിബന്ധനകള്‍ക്ക് വിധേയമായി ഉപഭാഷ തെരഞ്ഞെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വര്‍ഷം പ്രത്യേകാനുമതി നല്‍കിയത്.
2015 ഓഗസ്റ്റ് നാലിന് 21123/ടി ഒന്ന്/2013 എന്ന സര്‍ക്കാര്‍ കത്തിലൂടെയാണ് 2015-16 അധ്യയന വര്‍ഷത്തേക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേകാനുമതി നല്‍കിയത്. സംസ്ഥാനത്ത് 24 സ്കൂളുകളില്‍ ഇതുപ്രകാരം അറബിയെടുക്കാന്‍ കുട്ടികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍, പുതിയ അധ്യയന വര്‍ഷം ഈ ഉത്തരവിന് പ്രാബല്യമില്ളെന്നും അതത് സ്കൂളില്‍ അനുവദിക്കപ്പെട്ട രണ്ടാം ഉപഭാഷ മാത്രമാണ് പ്ളസ്വണില്‍ പ്രവേശം ലഭിച്ച കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാന്‍ അനുവാദമുള്ളൂവെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. അധ്യാപനത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയ ഉപഭാഷയല്ലാതെ മറ്റൊരു ഉപഭാഷയും പഠിക്കാന്‍ വിദ്യാര്‍ഥികളെ ചേര്‍ക്കരുതെന്നും പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ അനുമതിയുടെ വെളിച്ചത്തില്‍ സംസ്ഥാനത്ത് 24 സ്കൂളുകളില്‍ ഈ വര്‍ഷവും പ്ളസ്വണിന് ഉപഭാഷയായി അറബി തെരഞ്ഞെടുക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശവേളയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. പുതിയ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഈ കുട്ടികള്‍ക്ക് അറബിയെടുക്കുക അസാധ്യമാവും. മലപ്പുറം ജില്ലയിലാണ് പ്രത്യേകാനുമതി ലഭിച്ച സ്കൂളുകളധികവും. സംസ്ഥാനത്ത് എറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന പാലക്കാട് ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും പ്രത്യേകാനുമതിയുടെ ബലത്തില്‍ കഴിഞ്ഞ വര്‍ഷം 16 വിദ്യാര്‍ഥിനികള്‍ അറബി ഉപഭാഷയെടുത്ത് പഠിച്ചിരുന്നു.
ഈ വര്‍ഷവും മോയന്‍സ് സ്കൂളില്‍ 14 കുട്ടികള്‍ അറബി എടുക്കാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഹിന്ദിയിലേക്ക് മാറേണ്ടിവരും.
ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ പുതിയ സര്‍ക്കുലര്‍ അറബി ഭാഷയില്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാണ്. അധ്യാപനത്തിന് സര്‍ക്കാറിന് ബാധ്യത വരുത്തരുതെന്ന നിബന്ധനയിലാണ് കഴിഞ്ഞ വര്‍ഷം സ്കൂളുകള്‍ക്ക് അറബി പഠിപ്പിക്കാന്‍ പ്രത്യോകാനുവാദം നല്‍കിയത്. പല സ്കൂളുകളിലും അറബി അധ്യാപകര്‍ സൗജന്യമായാണ് ക്ളാസുകള്‍ എടുത്തിരുന്നത്.
ചിലയിടങ്ങളില്‍ പി.ടി.എ ഫണ്ടില്‍ അധ്യാപകര്‍ക്ക് വേതനം നല്‍കിയിരുന്നു. എവിടെയും സര്‍ക്കാറിന് ബാധ്യത വരുത്തിയില്ളെന്നിരിക്കെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രത്യേക കാരണം പറയാതെ മുന്‍ വര്‍ഷത്തെ പ്രത്യേകാനുമതി പിന്‍വലിച്ചത് ദുരൂഹമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. അതേസമയം, കഴിഞ്ഞവര്‍ഷം അറബിയെടുത്ത് പഠിച്ച് പ്ളസ്ടുവില്‍ എത്തിയവര്‍ക്ക് ഈ വര്‍ഷം തുടര്‍പഠനത്തിന് തടസ്സമുണ്ടാവില്ളെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.