ജിഷ വധക്കേസ്: തുടര്‍ നടപടികള്‍ സെഷന്‍സ്  കോടതിയിലേക്ക് മാറ്റി 

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ തുടര്‍നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസുള്ളതിനാലാണ് ഇത്തരം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് തുടര്‍ നടപടികള്‍ മാറ്റിയത്.
 ബുധനാഴ്ച രാവിലെ ആദ്യം കുറുപ്പംപടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കൊണ്ടുവന്ന അമീറുല്‍ ഇസ്ലാമിനെ ഉച്ചയോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും ഹാജരാക്കി. കേസ് പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ പ്രതിയെ ഈ മാസം 27 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതിക്കുവേണ്ടി അഡ്വ. പി. രാജന്‍തന്നെയാണ് സെഷന്‍സ് കോടതിയിലും ഹാജരായത്. 
പ്രതിക്ക് ബന്ധുക്കളുമായി സംസാരിക്കണമെന്ന കുറുപ്പംപടി കോടതിയില്‍ ഉന്നയിച്ച ആവശ്യം സെഷന്‍സ് കോടതിയിലും ആവര്‍ത്തിച്ചെങ്കിലും ഇതിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ജയില്‍നിയമം അനുസരിച്ച് ബന്ധുക്കളുമായി പ്രതിക്ക് ആശയവിനിമയം നടത്തുന്നതില്‍ പ്രോസിക്യൂഷന് എതിര്‍പ്പില്ളെന്നും അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രോസിക്യൂഷന്‍ ഭാഗം കൂടി കേള്‍ക്കണമെന്നും ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ പി.കെ. സജീവന്‍ ബോധിപ്പിച്ചു. 
സാധാരണഗതിയില്‍ കൊലപാതക, പീഡന കേസുകള്‍ കുറ്റപത്രം സമര്‍പ്പിക്കലടക്കം പ്രാരംഭനടപടി പൂര്‍ത്തിയായശേഷം വിചാരണക്കായാണ് സെഷന്‍സ് കോടതിയിലേക്ക് കൈമാറുക. എന്നാല്‍, പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തില്‍ 2015ല്‍ വരുത്തിയ ഭേദഗതി പ്രകാരം അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശമുണ്ട്. സാധാരണ കേസുകളില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്നത് മറികടക്കാന്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. ഇത് നല്‍കിയില്ളെങ്കില്‍ സോപാധിക ജാമ്യത്തിന് അവകാശമുണ്ടാകും. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ കേസുകളില്‍ 60 ദിവസത്തിനകമാണ് കുറ്റപത്രം നല്‍കേണ്ടത്. 
അതേസമയം, ഈ കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകരമുള്ള വകുപ്പുകളുമുള്ളതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ പൊലീസിന് സാവകാശം ലഭിക്കും. എന്നാല്‍, 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ളെങ്കില്‍ പ്രതിക്ക് ജാമ്യം തേടി കോടതിയെ സമീപിക്കാനും കഴിയും. ഈ സാഹചര്യത്തില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.