മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി ഒന്നാം പ്രതി

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്‍െറ കീഴില്‍ നടന്ന മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. യോഗം പ്രസിഡന്‍റ് ഡോ.എം.എന്‍. സോമന്‍, മൈക്രോ ഫിനാന്‍സ് സംസ്ഥാന കോഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ബി. ദിലീപ്കുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ അഞ്ചുപേരെ പ്രതിചേര്‍ത്തിട്ടുള്ള എഫ്.ഐ.ആര്‍ അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.
 മൈക്രോഫിനാന്‍സ് ഇടപാടില്‍ വെള്ളാപ്പള്ളി 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന വി.എസ്. അച്യുതാനന്ദന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് നടപടി. വി.എസിന്‍െറ പരാതിയില്‍ ദിലീപ്കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ളെങ്കിലും അന്വേഷണത്തിന്‍െറ ഭാഗമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്.

കോടികളുടെ തിരിമറി നടന്നെന്ന് പ്രാഥമികപരിശോധനയില്‍ ബോധ്യമായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിച്ചു.
അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(ഡി), 13(1)(ഇ) വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കല്‍, വ്യാജരേഖ അസ്സലായി ഉപയോഗിക്കല്‍, സാമ്പത്തികതിരിമറി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 2003-2015 കാലയളവിലാണ് കേസിനാസ്പദമായ ക്രമക്കേട് നടന്നത്. എസ്.എന്‍.ഡി.പി യോഗത്തിന് കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണംചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടിയില്‍ ക്രമക്കേട് നടന്നെന്നാണ് പ്രാഥമിക കണ്ടത്തെല്‍. പിന്നാക്കവികസന കോര്‍പറേഷന്‍െറ നിബന്ധനപ്രകാരം അഞ്ച് ശതമാനം പലിശക്ക് സംഘങ്ങള്‍ക്ക് നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം പലിശക്ക് വിതരണംചെയ്തതായി വിജിലന്‍സ് കണ്ടത്തെിയിട്ടുണ്ട്.

പിന്നാക്ക വികസന കോര്‍പറേഷന്‍ ജില്ലാ മാനേജര്‍മാര്‍ക്ക് ധനവിനിയോഗ റിപ്പോര്‍ട്ട് എല്ലാവര്‍ഷവും നല്‍കിയിട്ടില്ല, ഗുണഭോക്താക്കളെന്ന പേരില്‍ പലരുടെയും വ്യാജരേഖകളുണ്ടാക്കി പണംതട്ടി തുടങ്ങിയ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനോടകം കോടിക്കണക്കിന് രൂപ യോഗം പിന്നാക്കവികസന കോര്‍പറേഷന് മടക്കിനല്‍കാനുണ്ടെന്നും ഇത് തിരിച്ചുപിടിക്കുന്നതിനായി റവന്യൂ റിക്കവറി നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിച്ച സാഹചര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും കണ്ടത്തെിയാണ് വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്.
 കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ പ്രാഥമിക അന്വേഷണം അവസാനഘട്ടത്തിലാണെന്ന് അറിയിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം തേടുകയുംചെയ്തു.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞപലിശക്ക് നല്‍കാനായി മൂന്ന് ഘട്ടങ്ങളിലായി വായ്പയില്‍ തിരിമറി നടത്തിയെന്നും 18 ശതമാനം വരെ പലിശ ഈടാക്കിയെന്നും വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പിന്നാക്കവികസന കോര്‍പറേഷന്‍ വീണ്ടും വായ്പ നല്‍കിയെന്നുമായിരുന്നു വി.എസ് പരാതിയില്‍ പറഞ്ഞിരുന്നത്. പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നടപടിക്രമങ്ങള്‍ നീളുകയായിരുന്നു.


അന്വേഷണത്തെ ഭയമില്ല- വെള്ളാപ്പള്ളി
ആലപ്പുഴ: മൈക്രോ ഫിനാന്‍സ് ഇടപാട് സംബന്ധിച്ച കേസന്വേഷണത്തെ ഒരുതരത്തിലും ഭയക്കുന്നില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതിന്‍െറപേരില്‍ ഓടിയൊളിക്കാന്‍ പോകുന്നില്ല. ഇവിടത്തെന്നെ ഉണ്ടാകും. തീയില്‍ കുരുത്ത താന്‍ വെയിലത്ത് വാടില്ല. ഇതിന്‍െറപേരില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട കാര്യമില്ല. അത്തരം ആവശ്യം ഉന്നയിച്ച സുധീരനൊന്നുമല്ല തന്നെ ഈ സ്ഥാനത്ത് ഇരുത്തിയതെന്ന് വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുറ്റം ചെയ്തവര്‍ക്ക് മാത്രമെ ഭയക്കേണ്ട കാര്യമുള്ളൂ. അടിസ്ഥാനരഹിത ആരോപണങ്ങളാണ് പരാതിക്കുപിന്നിലുള്ളത്. തെറ്റ് ചെയ്യാത്തതുകൊണ്ട് ഒരു വിഷമവുമില്ല. അന്വേഷണത്തെ നിയമപരമായി നേരിടും. സത്യം തെളിയിക്കും. ഒരുകുറ്റവും ചെയ്യാത്ത തന്നെ ചിലര്‍ നിക്ഷിപ്തതാല്‍പര്യത്തിന്‍െറ പേരില്‍ വേട്ടയാടുകയായിരുന്നു. മുമ്പും ഇടതുപക്ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ തനിക്കെതിരെ നീങ്ങിയിട്ടുണ്ട്.
അന്ന് കൊല്ലം എസ്.എന്‍ കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് തന്‍െറ വീടിനുമുന്നില്‍ സമരം നടത്തി കുറെകാലം വീട്ടില്‍ കയറ്റാതിരുന്നിട്ടുണ്ട്. തന്നെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് വി.എസിനെ തൃപ്തിപ്പെടുത്താനാണ്. തനിക്കുള്ളതിനെക്കാള്‍ വി.എസിന്‍െറ വിഷമമാണ് പലരും കാണുന്നത്. പ്രതിപ്പട്ടികയില്‍ താനില്ളെങ്കില്‍ വി.എസ് പ്രശ്നമുണ്ടാക്കുമെന്ന് അവര്‍ക്കറിയാം.
എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസും ഇപ്പോഴത്തെ അവസ്ഥപോലെ അവരുടേതായ വഴികളില്‍ നീങ്ങും. മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭ പിരിഞ്ഞശേഷം കാണാനാണ് ഉദ്ദേശിക്കുന്നത്. സംഘടനാപരമായ ആവശ്യങ്ങളും പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിക്കും. ഒപ്പം മൈക്രോ ഫിനാന്‍സ് ഇടപാടില്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിന്‍െറ പ്രവര്‍ത്തനങ്ങളും ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.