കൊടിയും ബീക്കണ്‍ലൈറ്റുമായി പാഞ്ഞ വ്യാജ സര്‍ക്കാര്‍വാഹനം പിടികൂടി

തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ക്കാര്‍വാഹനം ഉള്‍പ്പെടെ ചട്ടവിരുദ്ധമായി ഓടിച്ച നിരവധി വാഹനങ്ങള്‍ പിടികൂടി. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന കൊടിയും ബീക്കണ്‍ലൈറ്റുമായി വന്ന ഇന്നോവ കാര്‍ പരിശോധിച്ചപ്പോള്‍ വാഹനം സ്വകാര്യവ്യക്തിയുടേതാണെന്ന് ബോധ്യമായി. ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടന്ന പരിശോധനയിലാണ് കെ.എല്‍.01 ബി.എം. 2343 രജിസ്ട്രേഷനുള്ള ഇന്നോവ പിടികൂടിയത്.

വര്‍ക്കല ദീപക്ഭവനില്‍ ദീപക് സോമന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിത്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ആരാണ് ഈ വാഹനം ഉപയോഗിച്ചതെന്ന് വെളിപ്പെടുത്താന്‍ ഇയാള്‍ തയാറായില്ല. എന്നാല്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ് വാഹനം ഉപയോഗിച്ചതെന്ന് കണ്ടത്തെിയിട്ടുണ്ട്. ബീക്കണ്‍ ലൈറ്റ്, കൊടി, ഗവണ്‍മെന്‍റ് ഓഫ് കേരള ബോര്‍ഡ് എന്നിവയാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ക്രിമിനല്‍കുറ്റമായതിനാല്‍ വാഹനം പൊലീസിന് കൈമാറും. പി.എം.ജിയില്‍ നടന്ന പരിശോധനയില്‍ കുടുങ്ങിയത് പൊലീസ് ബോര്‍ഡും ബീക്കണ്‍ ലൈറ്റുമായി വന്ന ഹുണ്ടായ് വെര്‍ന കാറാണ്.

കെ.എല്‍ 01 ബി.എച്ച് 3668 നമ്പര്‍ രജിസ്ട്രേഷനുള്ള വാഹനം ലീഗല്‍ മെട്രോളജിയുടെ പേരിലുള്ളതായിരുന്നു.നമ്പര്‍ബോര്‍ഡിന് താഴെ വലിയ പൊലീസ് ബോര്‍ഡും മുകളില്‍ നീല ലൈറ്റുമുണ്ടായിരുന്നു. അതത് വകുപ്പുകളുടെ പേര് വെക്കുന്നതിന് പകരമാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
മില്‍മ ചെയര്‍മാന്‍െറ ഒൗദ്യോഗികവാഹനവും പരിശോധനയില്‍ പിടികൂടി. കെ.എല്‍ 01 ബി.എന്‍ 5534 ഇന്നോവയില്‍ നമ്പര്‍ബോര്‍ഡിന്‍െറ മുക്കാല്‍ ഭാഗത്തും മില്‍മ ചെയര്‍മാന്‍ എന്നെഴുതിയിരുന്നു. തീരെ ചെറിയ അക്ഷരങ്ങളിലാണ് നമ്പര്‍ എഴുതിയിരുന്നത്.

ചുവന്ന പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളിലാണ് മില്‍മ ചെയര്‍മാന്‍ എന്നെഴുതിയിരുന്നത്. കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് ഉപയോഗിക്കാനും ചുവപ്പ് പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളില്‍ ബോര്‍ഡ് എഴുതാനും മന്ത്രിമാര്‍ക്ക് മാത്രമാണ് അനുമതി. സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങളില്‍ സ്ഥാപനങ്ങളുടെ ബോര്‍ഡ് മാത്രം ഉപയോഗിക്കണം. നീല പശ്ചാത്തലത്തില്‍ കറുത്ത അക്ഷരത്തില്‍ വകുപ്പുകളുടെ പേരെഴുതാം.എന്നാലിതെല്ലാം അവഗണിച്ചാണ് വാഹനങ്ങള്‍ തലങ്ങുംവിലങ്ങും പാഞ്ഞത്. ഇവര്‍ക്ക് നോട്ടീസ് നല്‍കി.വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അനധികൃത ബോര്‍ഡുകളും അലങ്കാരങ്ങളും മാറ്റാന്‍ അധികൃതര്‍ തയാറാകണമെന്നും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.