കോഴിക്കോട്: എസ്.ഡി.പി.ഐ കൊലപാത പരിശീലനം നല്‍കുന്ന സംഘടനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് സംസ്ഥാന സമിതിയംഗം നസറുദീന്‍ എളമരം. മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്‍റെ സ്ഥാനത്തിന് യോജിച്ചതല്ല. കുറ്റ്യാടി സംഭവം എസ്.ഡി.പി.ഐ എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളുകള്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇതിനുമുമ്പും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ട്. വസ്തുതകള്‍ വെളിച്ചെത്തു കൊണ്ടുവരുന്ന തരത്തില്‍ അന്വേഷണം നടത്താനുള്ള ബാധ്യത ആഭ്യന്തര വകുപ്പിനാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ടുള്ള ഇത്തരം പ്രസ്താവനകള്‍ ഖേദകരമാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും നസറുദീന്‍ എളമരം പറഞ്ഞു.
സഭയില്‍ ഇല്ലാത്ത ഒരു പാര്‍ട്ടിയേക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്വാഭാവികമായിട്ടും അതിന്‍റെ മറുവശം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയവരാണ് ഇക്കാര്യം പറയുന്നത്. ഏത് ജീവനായാലും അത് വിലപ്പെട്ടതാണ്. സി.പി.എമ്മുകാര്‍ കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ ന്യായീകരിക്കുകയും മറ്റുള്ളവരുടെ ഭാഗത്തു നിന്ന് അബദ്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതും മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കുന്നതല്ല. സത്യപ്രതിജ്ഞ അനുസരിച്ച് വിവേചനവും മുന്‍വിധികളുമില്ലാതെ പ്രവര്‍ത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയാണെന്നും നസറുദീന്‍ എളമരം വ്യക്തമാക്കി.
തങ്ങളുടെ നിലപാട് എല്ലാവര്‍ക്കും കൃത്യമായി അറിയാവുന്നതാണ്. എസ്.ഡി.പി.ഐ ഒരു വിധത്തിലുമുള്ള തീവ്രവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടതായി തെളിയിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. കൊലപാതകം നടത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്നതുകൊണ്ട് അവരെ ഒരിക്കലും ന്യായീകരിക്കില്ലെന്നും -നസറുദീന്‍ എളമരം പറഞ്ഞു. കുറ്റ്യാടിയില്‍ നടന്നത് രാഷ്ട്രീയ സംഘര്‍ഷമല്ല. വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. എസ്.ഡി.പി.ഐക്ക് സി.പി.എമ്മിനോടോ കോണ്‍ഗ്രസിനോടോ, മുസ് ലിം ലീഗിനോടൊ മൃദുസമീപനമോ ശത്രുതയോ ഇല്ല. ബി.ജെ.പിക്ക് എതിരായിട്ട് ഞങ്ങള്‍ക്ക് നിലപാടുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇവരെയെല്ലാം സഹായിച്ചിട്ടുമുണ്ടെന്നും നസറുദീന്‍ എളമരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.