മൈക്രോ ഫിനാന്‍സ് അഴിമതി വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് അഴിമതിയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സ്. വെള്ളാപ്പള്ളി വ്യാജരേഖയും പണാപഹരണവും നടത്തിയതായി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ എഫ്.ഐ.ആറില്‍ വിജിലന്‍സ് പറയുന്നു. ഉദ്യോഗസ്ഥതല ഗൂഢാലോചനക്കും വ്യക്തമായ തെളിവുണ്ടെന്ന് വിജിലന്‍സ് പറയുന്നു.
വെള്ളാപ്പള്ളി നടേശന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നല്‍കിയ സാമ്പത്തിക വിനിയോഗ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമാകുന്നതെന്ന് വിജിലന്‍സ് പറയുന്നു. 2004 നവംബര്‍ 20ന് അനുവദിച്ച ഒരു കോടിയുടെ വായ്പ വിനിയോഗ ലിസ്റ്റ് വ്യാജമാണ്. കോട്ടയം കുമാരനാശാന്‍ സ്വയംസഹായ സംഘത്തിലെ അംഗങ്ങളെ ഉപയോഗിച്ച് മറ്റ് രണ്ട് സംഘങ്ങള്‍ കൂടി ഉണ്ടാക്കി പണം തട്ടിയതായി വിജിലന്‍സ് പറയുന്നു.
സാമ്പത്തിക ക്രമക്കേടും പണാപഹരണവുമാണ് വിജിലന്‍സ് വെള്ളാപ്പള്ളിക്കെതിരെ ആരോപിക്കുന്നത്. 15.85 കോടിയാണ് എസ്.എന്‍.ഡി.പി യോഗം കോര്‍പറേഷനില്‍നിന്ന് വായ്പ വിതരണത്തിനായി വാങ്ങിയത്. ഈ പണം പൂര്‍ണമായും വിതരണം ചെയ്തിട്ടുണ്ടോയെന്ന് മുന്‍ എം.ഡിമാരായ എം. നജീബും ദിലീപ് കുമാറും പരിശോധിച്ചില്ല. ക്രമക്കേട് നടന്നെന്ന് അറിഞ്ഞിട്ടും പല ഘട്ടങ്ങളായി നജീബ് പണം അനുവദിച്ചു. ക്രമക്കേട് വ്യക്തമായ എ.ജിയുടെ റിപ്പോര്‍ട്ടിനുശേഷം ദീലീപ് കുമാറും പണം നല്‍കി. എസ്.എന്‍.ഡി.പി യോഗത്തെ  എന്‍.ജി.ഒ ആയി പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആദ്യഘട്ടത്തില്‍ വായ്പ അനുവദിച്ചത്. 2014വരെ ഒരു അന്വേഷണവും കോര്‍പറേഷന്‍ നടത്തിയിട്ടില്ല. ഉദ്യോഗസ്ഥ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും കാരണം പിന്നാക്ക വിഭാഗക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കേണ്ട വായ്പയാണ് നഷ്ടമായതെന്ന് എഫ്.ഐ.ആറില്‍ വിജിലന്‍സ് പറയുന്നു. എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെ കേസെടുക്കാനാവില്ളെന്ന് തുഷാര്‍ വെള്ളാപ്പള്ളി വെല്ലുവിളി നടത്തിയതിന് അടുത്ത ദിവസമാണ് നേതൃത്വത്തിന്‍െറ പങ്ക് വ്യക്തമാക്കുന്ന എഫ്.ഐ.ആര്‍ കോടതിയിലത്തെിയത്. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ചുപേരാണ് കേസില്‍ പ്രതികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.